Your Image Description Your Image Description

 

കൽപ്പറ്റ: പനമരത്തിനടുത്ത താഴെ നെല്ലിയമ്പം കാവടത്ത് വൃദ്ധ ദമ്പതികളെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഏകപ്രതി കൊലപാതകം നടന്ന വീടിന് സമീപത്തെ കുറുമകോളനിയിലെ അർജുൻ (24) കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ശിക്ഷാ വിധിക്ക് ഇനി നാലു നാൾ മാത്രം. കൊലപാതകം, ഭവനഭേദനം, തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകളിൽ ആണ് പ്രതി കുറ്റക്കാരനെന്ന് വയനാട് ജില്ല സെഷൻസ് അഡ്‌ഹോക് കോടതി ജഡ്ജി എസ് കെ അനിൽകുമാർ കണ്ടെത്തിയിരിക്കുന്നത്. ശിക്ഷ ഈ മാസം 29ന് പ്രഖ്യാപിക്കും.

ഏറെ കോളിളക്കമുണ്ടാക്കിയ കേസിൽ 74 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. 2021 ജൂൺ പത്തിന് രാത്രിയിലായിരുന്നു നെല്ലിയമ്പം ഗ്രാമത്തെ നടുക്കിയ കൊലപാതകം നാടറിഞ്ഞത്. റിട്ട. അദ്ധ്യപകൻ പത്മാലയത്തിൽ കേശവൻ (72) ഭാര്യ പത്മാവതി (68) എന്നിവർ കുത്തേറ്റു മരിക്കുകയായിരുന്നു. കേസെടുത്ത പൊലീസ് മാനന്തവാടി ഡി.വൈ.എസ്.പി. എ.പി.ചന്ദ്രന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം തുടങ്ങിയിരുന്നു. എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും പ്രതികളെ പിടിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് കഴിഞ്ഞിരുന്നില്ല. പ്രദേശത്തെ നിരവധിയാളുകളെ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായി സെപ്തംബർ പത്തിന് അർജ്ജുനെയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു.

എന്നാൽ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നതിനിടെ വാഷ്‌റൂമിലേക്ക് എന്ന് പറഞ്ഞ് പോയ അർജുനെ അവശനിലയിൽ കണ്ടെത്തി. എലിവിഷം അകത്ത് ചെന്ന നിലയിൽ ആശുപത്രിയിൽ യുവാവിനെ പ്രവേശിപ്പിച്ചു. ചോദ്യം ചെയ്യുന്നതിനിടെ യുവാവ് കൈയ്യിൽ കരുതിയിരുന്ന എലിവിഷം കഴിക്കുകയായിരുന്നു. പ്രദേശത്തെ ചിലരെ ചോദ്യം ചെയ്തതിന് ശേഷമാണ് അർജ്ജുനെയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. മാതാപിതാക്കൾ മരിച്ച അർജുൻ സഹോദരനോടൊപ്പം കോളനിയിലെ വീട്ടിൽ താമസിച്ച് വരികയായിരുന്നു. അവിവാഹിതനാണ്.

കൊലപാതകം നടന്ന ആദ്യ ദിനങ്ങളിലൊന്നും ഒരു തരത്തിലുള്ള സൂചനയും പ്രതിയെക്കുറിച്ച് ലഭിച്ചിരുന്നില്ല. രാത്രി ഒമ്പത് മണിക്കുള്ളിൽ നടന്ന സംഭവമായിരുന്നിട്ടും പ്രതി രക്ഷപ്പെട്ടതിന്റെ ഒരു തരത്തിലുള്ള തെളിവും അന്വേഷണ സംഘത്തിനോ നാട്ടുകാർക്കോ ലഭിച്ചിരുന്നില്ല. എന്നാൽ കൃത്യം നടന്ന വീടിന് പിറക് വശത്തുള്ള വയലിലൂടെ സഞ്ചരിച്ചിൽ പ്രതി അർജ്ജുന്റെ വീട്ടിലേക്ക് എളുപ്പത്തിലെത്താമെന്നതും മറ്റു ചില സൂചനകളും കണ്ടെത്തിയ പോലീസ് യുവാവിനെ കസ്റ്റഡിയിലെടുക്കുകയും പിന്നീട് അറസ്റ്റ് ചെയ്യുകയുമായിരുന്നു. രണ്ട് വർഷത്തിലധികം നീണ്ടുനിന്ന വിചാരണക്കൊടുവിലാണ് ഇപ്പോൾ പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *