Your Image Description Your Image Description

 

ഇലക്ഷന്‍ കാലത്തെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഇടപെടല്‍ ചര്‍ച്ചയാകുന്നതിനിടെ പുതിയ എഐയുടെ സഹായത്തോടെ നിര്‍മ്മിച്ച ഉള്ളടക്കങ്ങള്‍ ഉപയോഗിച്ച് ലോക്‌സഭാ ഇലക്ഷനില്‍ ചൈന ഇടപെടാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ്. ഇന്ത്യയെ കൂടാതെ യുഎസ്, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലും തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഇവിടെയും ചൈനയുടെ ഇടപെടല്‍ ഉണ്ടായേക്കുമെന്നാണ് മൈക്രോസോഫ്റ്റ് കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.

തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുന്ന തരത്തിലുള്ള ഉള്ളടക്കങ്ങള്‍ എഐ ഉള്ളടക്കങ്ങള്‍ ചൈന നിര്‍മ്മിച്ച് വിതരണം ചെയ്യുമെന്ന് മൈക്രോസോഫ്റ്റ് പറഞ്ഞു. അത്തരം ഉള്ളടക്കങ്ങള്‍ക്ക് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനായില്ലെങ്കിലും മീമുകള്‍, വീഡിയോകള്‍, ഓഡിയോ എന്നിവ ചൈന വ്യാപകമായ രീതിയില്‍ പരീക്ഷിക്കാനിടയുണ്ടെന്നാണ് മൈക്രോസോഫ്റ്റ് പറയുന്നത്. ‘സെയിം ടാര്‍ഗറ്റ്സ്, ന്യൂ പ്ലേബുക്ക്സ്: ഈസ്റ്റ് ഏഷ്യ ത്രെട്ട് ആക്ടേഴ്സ് ഡിപ്ലോയ് യുണീക് മെത്തേഡ്സ്’ എന്ന തലക്കെട്ടില്‍ മൈക്രോസോഫ്റ്റ് ത്രെട്ട് അനാലിസിസ് സെന്റര്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇതിനെ കുറിച്ച് പറയുന്നത്.

ജനുവരിയില്‍ തായ്‌വാനില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ചൈനയുടെ എഐ നിര്‍മ്മിത വ്യാജ വിവരണ പ്രചരണം നടന്നിട്ടുണ്ടെന്ന് മൈക്രോസോഫ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കൂടാതെ ഒരു വിദേശ തെരഞ്ഞെടുപ്പില്‍ എഐ നിര്‍മിത ഉള്ളടക്കങ്ങള്‍ ഉപയോഗിച്ച് ഇടപെടാന്‍ സര്‍ക്കാര്‍ പിന്തുണയുള്ള ഒരു ഏജന്‍സി ശ്രമിക്കുന്നത് തങ്ങള്‍ ആദ്യമായാണ് കാണുന്നതെന്നും മൈക്രോസോഫ്റ്റ് പറഞ്ഞു. തായ്‌വാനെ കൂടാതെ മറ്റ് രാജ്യങ്ങളെയും ചൈന ലക്ഷ്യമിടുന്നുണ്ടെന്ന് മൈക്രോസോഫ്റ്റ് റിപ്പോര്‍ട്ടില്‍ പറഞ്ഞു. അത്തരം ഇടപെടലുകള്‍ ചൈനയില്‍ നിന്നും ഉത്തരകൊറിയയില്‍ നിന്നും വര്‍ധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്ഥിരം എതിരാളികള്‍ക്കെതിരെയുള്ള അത്തരം നീക്കങ്ങള്‍ ഇരട്ടിപ്പിക്കുന്നതിന് പിന്നാലെ ലക്ഷ്യം നേടാനായി സങ്കീര്‍ണമായ സാങ്കേതികവിദ്യകളും ഇവര്‍ ഉപയോഗിക്കുന്നുണ്ടെന്നും മൈക്രോസോഫ്റ്റ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *