Your Image Description Your Image Description

 

ഇടുക്കി: കലാപങ്ങൾക്ക് ഇരയായവർക്കൊപ്പമല്ല മറിച്ച് കലാപകാരികൾക്കൊപ്പമാണ് കേന്ദ്ര സര്‍ക്കാര്‍ നിന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മത ന്യൂന പക്ഷങ്ങളെ ആക്രമിക്കുക എന്നതാണ് ആര്‍എസ്എസ് അജണ്ട. ഇതിന്റെ തുടർച്ചയായിട്ടാണ് ന്യൂനപക്ഷം എന്നൊന്നില്ലെന്ന് ആര്‍എസ്എസ് പറയുന്നത്. രാജ്യത്ത് ഹിന്ദുക്കൾ മാത്രമേയുള്ളൂവെന്ന് സ്ഥാപിക്കാനാണ് ഇങ്ങനെ പറയുന്നത്. നിയമത്തിന് മുന്നിൽ രാജ്യത്ത് ജീവിക്കുന്ന എല്ലാവർക്കും തുല്യ പരിഗണന എന്നാണ് ഭരണഘടന പറയുന്നത്. അല്ലാതെ രാജ്യത്തെ പൗരന്മാർക്ക് തുല്യപരിഗണന എന്നല്ല. ഇതിനെയെല്ലാം അട്ടിമറിക്കാനാണ് നിലവിൽ ശ്രമം നടക്കുന്നത്.

ഏകീകൃത വ്യക്തി നിയമം മുസ്ലീങ്ങളെ മാത്രമല്ല പല ജനവിഭാഗങ്ങളെയും ബാധിക്കുന്നതാണ്. രാജ്യത്തിന്റെ തകർച്ചയാകും ഇതിന്റെ ഫലം. എന്തും ചെയ്യുകയെന്ന മാനസികാവസ്ഥയിലാണ് കേന്ദ്ര സര്‍ക്കാര്‍. അന്വേഷണ ഏജൻസികളെ അതിനായി ഉപയോഗിക്കുകയാണ്. കെജ്രിവാളിനെതിരായത് രാഷ്ട്രീയ ഗൂഢാലോചനയാണ്. ഒരാളുടെ മൊഴി മാത്രം അടിസ്ഥാനമാക്കിയാണ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്. അത് മാപ്പുസാക്ഷിയുടെ മൊഴിയാണ്. അതുപോലും സമ്മര്‍ദ്ദം ചെലുത്തി പറയിപ്പിച്ചതാണെന്ന് തെളിഞ്ഞെന്നും അദ്ദേഹം വിമര്‍ശിച്ചു.

കേന്ദ്ര ഏജൻസികൾ ബിജെപിക്കാരല്ലാത്തവർക്കെതിരെ രാജ്യത്ത് കേസ് എടുക്കുകയാണ്. കോൺഗ്രസിന് ഇക്കാര്യത്തിൽ ഇരട്ടത്താപ്പാണ്. തങ്ങളുടെ നേതാക്കൾക്കെതിരെ അന്വേഷണം വരുമ്പോൾ അവർ കേന്ദ്ര സർക്കാരിനെതിരെ വരുന്നു. മറ്റ് പ്രതിപക്ഷ കക്ഷി നേതാക്കൾക്കെതിരെ നടപടി വരുമ്പോൾ വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നു. കെജ്രിവാൾ ഒരു ഉദാഹരണമാണ്. കെജരിവാളിനെതിരെ കൂടുതൽ നടപടി വേണമെന്ന് ആദ്യ ഘട്ടത്തിൽ ആവശ്യപ്പെട്ടത് കോൺഗ്രസാണ്. കഴിഞ്ഞ ദിവസം റാലിയിൽ കോൺഗ്രസ് നേതാക്കൾ ഡൽഹിയിൽ ഇരിക്കുന്നത് കണ്ടു. തങ്ങൾക്ക് മുൻ നിലപാടിൽ തെറ്റ് പറ്റിയെന്ന് കോൺഗ്രസ് നേതാക്കളാരും പറഞ്ഞുകേട്ടിട്ടില്ല.

കേരളം സാമ്പത്തികമായി ഒട്ടേറെ പ്രയാസങ്ങൾ അനുഭവിക്കുന്നുണ്ട്. ആവശ്യങ്ങൾ മുഴുവൻ നടപ്പാക്കാൻ പണമില്ല. വികസനത്തിന് പണം വേണം. ബജറ്റ് മാത്രം ആശ്രയിച്ചാൽ വികസനം നടക്കില്ല. അതുകൊണ്ടാണ് 2016 ഇൽ കിഎഫ്ബിയെ പുനരുജ്ജീവിപ്പിച്ചത്. വലിയ വികസനമാണ് ഇതുവഴി നടത്തിയത്. ദേശീയ പാത വികസനത്തിന് 5600 കോടി നൽകിയത് സംസ്ഥാന സര്‍ക്കാരാണ്. അവരുടെ കൂടെയാണല്ലോ പ്രതിപക്ഷ നേതാവും നിൽക്കുന്നത്. നടപടി എടുക്കുന്നില്ലല്ലോ എന്നല്ലേ കേരളത്തിലെ പ്രതിപക്ഷ നേതാവ് ചോദിക്കുന്നത്? നിങ്ങൾ എന്തിനാണ് ഇഡിയെ പിന്തുണക്കുന്നത്? അനുഭവങ്ങളിൽ നിന്ന് കോൺഗ്രസ് പാഠം പഠിച്ചില്ലേ. വസ്തുതാവിരുദ്ധമായ കെട്ടിച്ചമച്ച കഥകളല്ലേ കോൺഗ്രസ് പറയുന്നത്. കിഫ്ബിയെ കേസിൽ പെടുത്താനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *