Your Image Description Your Image Description

 

മുംബൈ: ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന യാഷ് നായകനാകുന്ന ചിത്രം ടോക്സിക്കിൻ്റെ പ്രീ പ്രൊഡക്ഷൻ ജോലികള്‍ പുരോഗമിക്കുകയാണ്. കുറച്ചു നാളുകളായി ചിത്രം വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നുണ്ടെങ്കിലും ചിത്രത്തിൻ്റെ കാസ്റ്റിംഗ് സംബന്ധിച്ച് കാര്യമായ വാര്‍ത്തകള്‍ ഒന്നും പുറത്തുവന്നിരുന്നില്ല.

ഏറ്റവും പുതിയ അപ്‌ഡേറ്റ് പ്രകാരം പിങ്ക് വില്ലയുടെ റിപ്പോര്‍ട്ടില്‍ ടോക്സിക്ക് സിനിമയിൽ മൂന്ന് മുൻനിര നായികമാർ അണിനിരക്കുമെന്നാണ് പറയുന്നത്. കരീന കപൂർ ഖാൻ, കിയാര അദ്വാനി എന്നിവരും മറ്റൊരു പ്രധാന നടിയും ചിത്രത്തില്‍ എത്തുമെന്നാണ് വിവരം.ചിത്രത്തിൽ യാഷിൻ്റെ സഹോദരിയായാണ് കരീന അഭിനയിക്കുകയെന്നാണ് അണിയറപ്രവർത്തകരുമായി അടുത്ത വൃത്തങ്ങള്‍ പിങ്ക് വില്ലയോട് പറഞ്ഞത്.

റൂമറുകള്‍ പ്രകാരം ഗീതു മോഹന്‍ദാസ് അടക്കം ചിത്രത്തിൻ്റെ നിർമ്മാതാക്കൾ കുറച്ച് കാലമായി കാസ്റ്റിംഗ് സംബന്ധിച്ച ആലോചനയിലാണ്. ശ്രുതി ഹാസൻ ചിത്രത്തിൽ ഒരു വേഷം ചെയ്യുന്നുവെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. നേരത്തെ ഇറങ്ങിയ ചിത്രത്തിന്‍റെ ടൈറ്റില്‍ ടീസറിലെ വരികള്‍ പാടിയത് ശ്രുതിയായിരുന്നു.

അതേ സമയം ചിത്രത്തില്‍ കരീന കപൂര്‍ എത്തിയാല്‍ ഒരു തെന്നിന്ത്യൻ സിനിമയിലെ ബോളിവുഡ് നടിയുടെ അരങ്ങേറ്റം കൂടിയായിരിക്കും അത്.

അടുത്തവര്‍ഷം ഏപ്രില്‍ 10നാണ് കെജിഎഫ് ചിത്രങ്ങള്‍ക്ക് ശേഷം യാഷ് നായകനാകുന്ന ടോക്സിക് ഇറങ്ങുന്നതു. നടിയും സംവിധായകയുമായ ഗീതു മോഹന്‍ദാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കെവിഎന്‍ പ്രൊ‍ഡക്ഷനും, മോണ്‍സ്റ്റന്‍ മൈന്‍റ് ക്രിയേഷനുമാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍. കഴിഞ്ഞ ഡിസംബര്‍ മാസത്തിലാണ് ചിത്രം പ്രഖ്യാപിച്ചത്.

മുന്‍പ് മലയാളത്തില്‍ നിവിന്‍ പോളിയെ നായകനാക്കി ‘മൂത്തോന്‍’ എന്ന ചിത്രം ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്തിട്ടുണ്ട്. അതേ സമയം ടോക്സിക് മെയ് മാസത്തോടെ ചിത്രീകരണം ആരംഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്‍റെ പുതിയ അപ്ഡേറ്റ് ഉടന്‍ പ്രതീക്ഷിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *