Your Image Description Your Image Description

 

ഡൽഹി: പൈലറ്റുമാരുടെയും മറ്റ് ജീവനക്കാരുടെയും കുറവ് രൂക്ഷമായതിനെ തുടർന്ന് നിരവധി സ‍ർവീസുകൾ വെട്ടിക്കുറച്ച് വിമാനക്കമ്പനിയായ വിസ്താര. കഴിഞ്ഞ കുറച്ച് ദിവസമായി ഇത്തരത്തിൽ നിരവധി സർവീസുകൾ റദ്ദാക്കേണ്ടി വന്നതായും വിമാനങ്ങൾ കാര്യമായി വൈകിയതായും കമ്പനി വക്താവ് തന്നെ നൽകിയ പ്രസ്താവനയിൽ അറിയിച്ചു. ജീവനക്കാരുടെ കുറവ് ഉൾപ്പെടെയുള്ള കാരണങ്ങളാണ് ഇതിലേക്ക് നയിച്ചതെന്നും കമ്പനി ഔദ്യോഗികമായി അറിയിക്കുന്നുണ്ട്.

ചൊവ്വാഴ്ച രാവിലെ മാത്രം 38 സ‍ർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. ഇന്നലെ 50 സ‍ർവീസുകൾ റദ്ദാക്കുകയും 160 എണ്ണം വൈകുകയും ചെയ്തിരുന്നു. പലയിടത്തും യാത്രക്കാരുടെ പ്രതിഷേധമുണ്ടായി. വിമാനങ്ങൾ മണിക്കൂറുകൾ വൈകുന്നതും സ‍ർവീസുകൾ റദ്ദാക്കുന്നതും സമയത്ത് അറിയിക്കുന്നത് പോലുമില്ലെന്നും യാത്രക്കാർ പരാതിപ്പെട്ടു.

ടാറ്റാ ഗ്രൂപ്പിന് കീഴിലുള്ള വിമാന കമ്പനിയാണ് വിസ്താര. റദ്ദാക്കിയ സർവീസുകൾക്ക് പകരം നിലവിൽ നടത്തുന്ന ആഭ്യന്തര സ‍ർവീസുകൾക്ക് ബോയിങ് 787 ഡ്രീം ലൈന‌ർ പോലുള്ള വലിയ വിമാനങ്ങൾ ഉപയോഗിച്ച് പരമാവധി യാത്രക്കാരെ ഉൾക്കൊള്ളിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലായ എയർ ഇന്ത്യയുമായി ഉടൻ തന്നെ ലയിപ്പിക്കപ്പെടുമെന്ന് കരുതുന്ന വിസ്താരയിൽ കഴി‌ഞ്ഞ മാസവും സമാനമായ പ്രതിസന്ധി നേരിട്ടിരുന്നു.

അതേസമയം പൈലറ്റുമാരുടെയും ജീവനക്കാരുടെയും കുറവ് മാത്രമല്ല ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നും റിപ്പോർട്ടുകളുണ്ട്. ഇക്കാര്യത്തിൽ കമ്പനി വിശദീകരണങ്ങളൊന്നും നൽകുന്നുമില്ല. ഇതിനിടെ പൈലറ്റുമാരുടെ ജോലി സമയം, വിശ്രമം എന്നിവ സംബന്ധിച്ച പുതിയ ചട്ടങ്ങൾ നടപ്പാക്കാൻ സിവിൽ വ്യോമയാന ഡയറക്ടറേറ്റ് നൽകിയ സമയ പരിധി ജൂൺ ആദ്യം വരെയാണ്.

Leave a Reply

Your email address will not be published. Required fields are marked *