Your Image Description Your Image Description

 

പത്തനംതിട്ട: പട്ടാഴിമുക്ക് അപകടത്തിൽ കാർ ലോറിയിലിടിച്ച് രണ്ടു പേർ മരിച്ച സംഭവത്തിൽ കൂടുതൽ കണ്ടെത്തലുകളുമായി മോട്ടോര്‍വാഹന വകുപ്പ് അധികൃതര്‍. അപകടത്തില്‍ കാര്‍ ബ്രേക്കുചെയ്ത പാടുകളൊന്നുമില്ലെന്ന് മോട്ടോര്‍വാഹന വകുപ്പ് അധികൃതര്‍ കണ്ടെത്തി. അപകടമുണ്ടായ സ്ഥലത്ത് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് കാര്‍ ബ്രേക്കുചെയ്ത പാടുകള്‍ ഒന്നുമില്ലെന്ന് കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി 10.45-നാണ് തുമ്പമൺ നോർത്ത് ഹൈസ്കൂളിലെ അധ്യാപിക നൂറനാട് മറ്റപ്പള്ളി സുശീന്ദ്രം വീട്ടിൽ അനുജ രവീന്ദ്രൻ(37), സ്വകാര്യ ബസ് ഡ്രൈവർ ചാരുംമൂട് ഹാഷിംവില്ലയിൽ മുഹമ്മദ് ഹാഷിം(31) എന്നിവർ സഞ്ചരിച്ച കാർ ലോറിയിലിടിച്ച് ഇരുവരും മരിച്ചത്. അനുജയും ഹാഷിമും തമ്മിൽ ഒരു വർഷത്തിലധികമായി പരിചയമുണ്ടായിരുന്നുവെന്നാണ് സൂചന.

കാറിന്റെ മുന്‍ സീറ്റിലായിരുന്നു ഹാഷിം കിടന്നിരുന്നത്. അനുജ പുറകിലെ സീറ്റിലായിരുന്നു കിടന്നത് എന്നാണ് റിപ്പോര്‍ട്ടുകൾ. രക്ഷാപ്രവർത്തനം നടത്തിയവരാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കാറിന്‍റെ മുന്‍സീറ്റില്‍ ഇരുന്ന അനുജ ഇടിയുടെ ആഘാതത്തിൽ തെറിച്ച് പിന്നിലേക്ക് വീണതാകാമെന്നാണ് റിപ്പോര്‍ട്ടുകൾ. ആശുപത്രിയിൽ എത്തുമ്പോഴേക്കും അനുജ മരിച്ചിരുന്നു.

അപകടത്തിൽപ്പെട്ട കാർ മുഹമ്മദ് ഹാഷിം വാങ്ങിയത് രണ്ടുമാസം മുമ്പാണെന്നും റിപ്പോര്‍ട്ടുകൾ ഉണ്ട്. പഴയ അടൂർ രജിസ്ട്രേഷനിലുള്ള ഈ കാറിൽ എയർ ബാഗോ, ആധുനിക സുരക്ഷാ സംവിധാനങ്ങളോ ഉണ്ടായിരുന്നില്ലെന്നും വിവിധ റിപ്പോര്‍ട്ടുകൾ പറയുന്നു. അപകടത്തെപ്പറ്റി ലോറി ഡ്രൈവര്‍ റമ്ജാന്റെ മകനും സഹായിയുമായുന്ന ഷാരൂഖ് പറയുന്നത് ഒരു വലിയ ശബ്ദമാണ് ആദ്യം കേട്ടതെന്നാണ്. 35-40 കിലോമീറ്റര്‍ വേഗത്തിലാണ് ലോറി ഓടിക്കൊണ്ടിരുന്നതെന്നും ഒന്നും മനസ്സിലായിരുന്നില്ല. ലോറിയില്‍നിന്നു ഇറങ്ങിയപ്പോഴാണ് ഒരു കാര്‍ തകര്‍ന്നുകിടക്കുന്നത് കണ്ടതെന്നും ഷാരൂഖ് പറയുന്നു. കോട്ടയത്തുനിന്നു ശിവകാശിക്ക് പോയതായിരുന്നു ഹരിയാണ സ്വദേശികളായ ഷാരൂഖും പിതാവും. റമ്ജാനായിരുന്നു ലോറി ഓടിച്ചത്.

പെട്ടെന്ന് ഒരു കാര്‍ ട്രാവലറിന് കുറുകെ വെച്ചുവെന്നും ഡ്രൈവിങ്ങില്‍ എന്തെങ്കിലും തെറ്റുചെയ്തു എന്നാണ് ആദ്യം കരുതിയതെന്നും അനുജയെ ഹാഷിം വിളിച്ചിറക്കിക്കൊണ്ടുപോയ ട്രാവലറിലെ ഡ്രൈവറും അധ്യാപകരും പറയുന്നു. കൊട്ടാരക്കരയ്ക്കുമുമ്പ് ഒരു ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ച ശേഷമാണ് വാഹനം അടൂര്‍ ഭാഗത്തേക്ക് വന്നത്. കുളക്കട ജങ്ഷന്‍ കഴിഞ്ഞപ്പോള്‍തന്നെ ഒരു കാര്‍ പെട്ടെന്ന് ട്രാവലറിന് കുറുകെ വെച്ചു. ആദ്യം കരുതിയത് ഡ്രൈവിംഗില്‍ എന്തെങ്കിലും തെറ്റുവന്നതുകാരണം കാറുകാരന് ഏതെങ്കിലും തരത്തില്‍ ബുദ്ധിമുട്ടുണ്ടാക്കിക്കാണും എന്നാണ്. പക്ഷേ, കാര്‍ നിര്‍ത്തി ഒരാള്‍ കാറില്‍നിന്നിറങ്ങി ഏറ്റവും മുന്‍പില്‍ ഇടതുഭാഗത്തിരുന്ന അനുജയോട് ‘ഇറങ്ങിവാടീ’ എന്നുപറഞ്ഞുവെന്നും ആദ്യം അനുജ ഒന്ന് പകച്ചുവെന്നും ഹാഷിം വീണ്ടും വാഹനത്തിനടുത്തെത്തിയപ്പോള്‍ സമീപമിരുന്ന അധ്യാപികയോട് അനുജന്‍ വിഷ്ണുവാണ് എന്നുപറഞ്ഞ് ട്രാവലറില്‍നിന്നിറങ്ങി ഹാഷിമിനൊപ്പം കാറില്‍ കയറിപ്പോയി എന്നും അധ്യാപകർ പറയുന്നു. ഹാഷിം കാർ മുന്നോട്ട് എടുത്തത് തന്നെ അമിതവേഗത്തിൽ ആയിരുന്നെന്നും നിമിഷനേരം കൊണ്ട് കാര്‍ കണ്‍മുന്‍പില്‍നിന്ന് മറഞ്ഞതായും ട്രാവലറില്‍ യാത്രചെയ്‍തവരും ഡ്രൈവറും പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *