Your Image Description Your Image Description

കൽപ്പറ്റ : പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ രണ്ടാംവർഷ ബിരുദ വിദ്യാർത്ഥി സിദ്ധാർത്ഥൻ്റെ മരണത്തിന് കാരണമായ റാഗിംങിലുണ്ടായ ആറു വിദ്യാർത്ഥികളെ കൂടി സസ്‌പെൻഡ് ചെയ്തു. ഇതോടെ പ്രതികളായ 18പേരും സസ്പെൻഷനിലായി.

എസ്എഫ്ഐ കോളജ് യൂണിയൻ പ്രസിഡന്റ്‌ കെ. അരുണും യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്‌സാനും വ്യാഴാഴ്ച രാത്രിയോടെ കീഴടങ്ങിയിരുന്നു. കൽപറ്റ ഡിവൈഎസ്പി ഓഫിസിലെത്തിയാണ് കീഴടങ്ങിയത്.  ഇന്നലെ പൊലീസിൽ കീഴടങ്ങിയ എസ്എഫ്ഐ നേതാക്കളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.  ഇന്നലെ രാത്രി ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്. ഇയാളുടെ അറസ്റ്റും ഇന്നുണ്ടാകും.

എസ്എഫ്ഐ യൂണിറ്റ് അംഗം ഇടുക്കി രാമക്കൽമേട് സ്വദേശി എസ്. അഭിഷേക് (23), തിരുവനന്തപുരം സ്വദേശികളായ രെഹാൻ ബിനോയ് (20), എസ്.ഡി. ആകാശ് (22), ആർ.ഡി. ശ്രീഹരി, തൊടുപുഴ സ്വദേശി ഡോൺസ് ഡായ് (23), വയനാട് ബത്തേരി സ്വദേശി ബിൽഗേറ്റ്സ് ജോഷ്വ (23) എന്നിവരാണു നേരത്തേ പിടിയിലായത്. ആത്മഹത്യാപ്രേരണ, റാഗിങ്, മര്‍ദനം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

ഈ മാസം 18നാണ് രണ്ടാം വർഷ ബി വി എസ് സി വിദ്യാർത്ഥി നെടുമങ്ങാട് വിനോദ് നഗർ കുന്നുംപുറത്ത് പവിത്രത്തിൽ സിദ്ധാർത്ഥിനെ (21) ഹോസ്റ്റലിലെ കുളിമുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. 16ന് രാത്രി കോളേജ് ഹോസ്റ്റലിന്റെ നടുത്തളത്തിൽ എസ് എഫ് ഐ പ്രവർത്തകർ സിദ്ധാർത്ഥിനെ വിവസ്ത്രനാക്കി ക്രൂരമായി മർദിച്ചിരുന്നു. വയറ്റിൽ ചവിട്ടുകയും നെഞ്ചിൽ ഇടിക്കുകയും ചെയ്തു. രണ്ട് ബെൽറ്റ് പൊട്ടും വരെ അടിച്ചു. മർദ്ദനശേഷം മുറിയിൽ പൂട്ടിയിട്ട് നിരീക്ഷിച്ചു. വിവരം പുറത്ത് പറഞ്ഞാൽ തലയുണ്ടാവില്ലെന്ന് മറ്റുള്ളവർക്ക് മുന്നറിയിപ്പും നൽകി. അടുത്ത ദിവസവും മർദ്ദനം തുടർന്നു. കൂട്ടുകാർക്ക് മുന്നിലിട്ടുള്ള മർദ്ദനത്തോടെ സിദ്ധാർത്ഥ് മാനസികമായി തകർന്നു. 18ന് രാവിലെ കുളിക്കാനെന്ന് പറഞ്ഞാണ് കുളിമുറിയിൽ കയറിയത്. പിന്നീട് തൂങ്ങിയ നിലയിൽ കണ്ടെത്തി.

 

Leave a Reply

Your email address will not be published. Required fields are marked *