Your Image Description Your Image Description

കോഴിക്കോട്: ആരാധനാലയങ്ങള്‍ക്കുള്ള അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കിയ അധികാരവുമായി ബന്ധപ്പെട്ട ഉത്തരവിൽ   എത്രയും പെട്ടെന്ന് തന്നെ തീര്‍പ്പ് കല്‍പ്പിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ട് ന്യൂനപക്ഷ കമ്മീഷന്‍.

കോഴിക്കോട് കലക്ട്രേറ്റില്‍ നടന്ന ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗില്‍ കെ മുഹമ്മദ് ഇബ്രാഹിം നൽകിയ ഹരജിയിലാണ് ആരാധനാലയങ്ങള്‍ക്കുള്ള അനുമതി സംബന്ധിച്ച് ഹൈക്കോടതയില്‍ നിലനില്‍ക്കുന്ന ഹർജിയില്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ വേണ്ട നടപടി സര്‍ക്കാര്‍ എത്രയും വേഗം സ്വീകരിക്കണമെന്ന് ന്യൂനപക്ഷ കമ്മീഷന്‍ അംഗം എ സൈഫുദ്ധീന്‍ ഹാജി ആവശ്യപ്പെട്ടത്.

2021 ലായിരുന്നു ആരാധനാലയങ്ങള്‍ക്ക് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തദ്ദേശ സ്ഥാപനങ്ങളുടെ സെക്രട്ടറിമാര്‍ക്ക് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിപ്പിച്ചത്. എന്നാല്‍  അനുമതിയിലെ ക്രമസമാധാനം ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട വകുപ്പ്   കാരണം അനുമതി സംബന്ധിച്ച് പഞ്ചായത്തുകള്‍ക്കാണോ കലക്ടര്‍ക്കാണോ അധികാരം എന്നത് സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയും ഇത് പ്രകാരം നിരവധി ആരാധനാലയങ്ങള്‍ക്ക് നിര്‍മ്മാണ അനുമതി നല്‍കുന്നത് വൈകുകയുമായിരുന്നു.

ഇത് സംബന്ധിച്ച് ഹൈക്കോടതിയില്‍ ഹർജി നിലനില്‍ക്കുന്നത് കാരണം കേരളത്തിലെ പള്ളികള്‍ക്കും ചര്‍ച്ചുകള്‍ക്കും നിര്‍മ്മാണത്തിനായുള്ള അനുമതി ലഭിക്കുന്നത് വൈകുന്ന സാഹചര്യമാണുള്ളതെന്ന് കമ്മീഷന് ബോധ്യപ്പെട്ടതായി അംഗം പറഞ്ഞു. ഈ സാഹചര്യത്തില്‍ ഹർജിയിൽ  ഹൈക്കോടതിയില്‍ നിന്നും ഉത്തരവ് നേടിയെടുക്കാന്‍ വേണ്ട നടപടികള്‍ സര്‍ക്കാര്‍ വേഗത്തിലാക്കണമെന്ന് ന്യൂനപക്ഷ കമ്മീഷന്‍ ആവശ്യപ്പെട്ടു.

വടകര നഗരസഭയില്‍ 1993 മുതല്‍ പ്രവൃത്തിക്കുന്ന മദ്‌റസ കെട്ടിടത്തിന് മദ്‌റസയാണ് പ്രവൃത്തിക്കുന്നതെന്ന് ബോധ്യപ്പെട്ടിട്ടും പത്ത് വര്‍ഷത്തെ കുടിശ്ശിക ഒടുക്കിയാല്‍ മാത്രമെ മദ്‌റസയായി പരിഗണിക്കയുള്ളൂവെന്ന് നികുതി ഈടാക്കാന്‍ നോട്ടീസ് നല്‍കിയ നഗരസഭ നടപടിയില്‍ മുനിസിപ്പല്‍ ചട്ടം 235 എ പ്രകാരം നികുതിയിളവിന് അര്‍ഹരാണെന്ന് കമ്മീഷന്‍ പറഞ്ഞു. മദ്‌റസയാണെന്ന് നഗരസഭക്ക് ബോധ്യപ്പെട്ടതിനാല്‍ നികുതിയിളവ് നല്‍കുന്നത് പരിശോധിക്കാന്‍ നഗരസഭ സെക്രട്ടറിക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി.
ന്യൂനപക്ഷ വകുപ്പുമായി ബന്ധപ്പെട്ട് കൊടുവള്ളി സ്വദേശി അബ്ദുനാസര്‍ നല്‍കിയ ഹർജിയില്‍ ന്യൂനപക്ഷ വകുപ്പ് നല്‍കിയ മറുപടി പ്രകാരം കേസ് തീര്‍പ്പാക്കി. സിറ്റിംഗില്‍ ആറു കേസുകള്‍ പരിഗണിച്ചു

Leave a Reply

Your email address will not be published. Required fields are marked *