Your Image Description Your Image Description

ജനകീയാസൂത്രണത്തെ ശക്തിപ്പെടുത്താനും അതിന്റെ നേട്ടങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജം പകരാനും അടിസ്ഥാനവികസനം സഹായകമാകുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ പുതിയ ഓഫീസ് കെട്ടിടത്തിന്റെയും ഓഡിറ്റോറിയത്തിന്റെയും നിര്‍മാണ ഉദ്ഘാടനം ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

അടിസ്ഥാനസൗകര്യ വികസനത്തിന് പ്രാധാന്യം നല്‍കി മണ്ഡലത്തില്‍ ഒട്ടേറെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ഇലന്തൂര്‍ സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ നിര്‍മാണപ്രവര്‍ത്തനങ്ങളും ഉടന്‍ ആരംഭിക്കും. വല്ലന സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍, പത്തനംതിട്ട ജില്ലാ സ്റ്റേഡിയം, പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ രണ്ടു ബ്ലോക്കുകളുടെ നിര്‍മാണം, കോഴഞ്ചേരി ജില്ലാ ആശുപത്രി തുടങ്ങി നാടിന്റെ ആവശ്യമായ വിവിധ വികസന പ്രവര്‍ത്തനങ്ങളും ആരംഭിച്ചു. ഇവയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളെല്ലാം സമയബന്ധിതമായി പൂര്‍ത്തിയാക്കും. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 60 ലക്ഷം രൂപ ഉപയോഗിച്ചാണ് ഓഡിറ്റോറിയം നിര്‍മാണം നടത്തുന്നത്. വികസന പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നിര്‍വഹിച്ചുകൊണ്ട് എല്ലാ മേഖലയിലും മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച ബ്ലോക്ക് പഞ്ചായത്താണ് ഇലന്തൂര്‍ എന്നും മന്ത്രി പറഞ്ഞു.

ഇലന്തൂര്‍ ബ്ലോക്ക്പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കെട്ടിടവും മന്ത്രി വീണാ ജോര്‍ജിന്റെ എം.എല്‍.എ ആസ്തിവികസന ഫണ്ടില്‍ വകയിരുത്തിയാണ് ആഡിറ്റോറിയവും നിര്‍മിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *