Your Image Description Your Image Description

മാലിന്യമുക്തം നവകേരളത്തിന്റെ ഭാഗമായി പെരുമാട്ടി ഗ്രാമപഞ്ചായത്തും ചിറ്റൂര്‍ ഗവ. കോളേജ് എന്‍.എസ്.എസ് യൂണിറ്റും സംയുക്തമായി
മീനാക്ഷിപുരം-തത്തമംഗലം സംസ്ഥാനപാതയായ ചുള്ളിപ്പരുക്കമേഡ് സ്നേഹാരാമം ഒരുക്കുന്നു. വളരെ കാലമായി മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതും പൊതുജനങ്ങള്‍ക്കും പഞ്ചായത്തിനും ഒരേസമയം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതുമായ ഈ സ്ഥലത്ത് പഞ്ചായത്ത് തലത്തിലെ സ്നേഹാരാമം പദ്ധതിയിലൂടെ മാലിന്യങ്ങള്‍ നീക്കം ചെയ്ത് ചെടികള്‍ വെച്ചുപിടിപ്പിച്ചു.

വ്യായാമത്തിനും വിശ്രമത്തിനും ഒത്തുചേരാനുമെല്ലാം ഉപയോഗിക്കാവുന്ന രീതിയില്‍ ഒരു പാര്‍ക്ക് ആക്കി മാറ്റുകയാണ് പദ്ധതി ലക്ഷ്യം. ഉദ്യാനവത്ക്കരിക്കുക, ഇരിപ്പിടങ്ങള്‍ ഒരുക്കുക, കുട്ടികള്‍ക്കുള്ള ഊഞ്ഞാലുകള്‍ തുടങ്ങി വിവിധ സൗകര്യങ്ങള്‍ സജ്ജമാക്കുന്നതിനുള്ള തയ്യാറെടുപ്പുകളും നടത്തിവരുന്നുണ്ട്.

സ്നേഹാരാമം നിര്‍മാണോദ്ഘാടനം പെരുമാട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റിഷ പ്രേംകുമാര്‍ നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൃഷ്ണകുമാര്‍ അധ്യക്ഷനായി. വാര്‍ഡ് മെമ്പര്‍മാരായ ശശികുമാര്‍, വിനോദ് ബാബു, അനിത, വി.ഇ.ഒമാരായ സി.കെ നവനീത്, ഡി. ഷിജി, പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വി. അനിഷ, പഞ്ചായത്ത് സെക്രട്ടറി രജീഷ് കുമാര്‍, അസിസ്റ്റന്റ് സെക്രട്ടറി സി. ശിവരാജന്‍, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍മാരായ കെ.എം റുബീന, നിഷാദ്, ഐ.ആര്‍.ടി.സി കോ-ഓര്‍ഡിനേറ്റര്‍ അക്ഷയ്, ഹരിത കര്‍മ്മ സേന അംഗങ്ങള്‍, എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ജനപ്രതിനിധികള്‍, പരിസരവാസികള്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *