Your Image Description Your Image Description

വിദേശ ഓപ്പറേറ്റർമാർ ഇന്ത്യൻ ഓഹരി വിപണിയിൽ പുതിയ വാങ്ങലുകൾക്ക്‌ മത്സരിച്ചത്‌ മുൻ നിര ഇൻഡക്‌സുകളെ സർവകാല റെക്കോർഡ്‌ നിലവാരത്തിലേക്ക്‌ ഉയർത്തി. വർഷാന്ത്യം വിൽപ്പനക്ക്‌ മത്സരിക്കാറുള്ള വിദേശ ഫണ്ടുകൾ ഇക്കുറി നിക്ഷേപകൻറ മേലങ്കി അണിഞ്ഞതോടെ തുടർച്ചയായ എഴാം വാരത്തിലും പ്രമുഖ സൂചികകൾ തളർച്ച അറിയാതെ മുന്നേറുകയാണ്‌.

യു.എസ്‌ ഫെഡ്‌ റിസർവ്‌ അടുത്ത വർഷം പലിശ നിരക്കിൽ 75 ബേസിസ്‌ പോയിൻറ്‌ കുറവ്‌ വരുത്തുമെന്ന വിലയിരുത്തലാണ്‌ ഇന്ത്യയിലേയ്‌ക്കുള്ള ഡോളർ പ്രവാഹത്തിന്‌ അവസരം ഒരുക്കിയത്‌. ഇതോടെ ഓഹരി ഇൻഡക്‌സുകൾക്ക്‌ മാത്രമല്ല ഫോറെക്‌സ്‌ മാർക്കറ്റിൽ രൂപയ്‌ക്കും തിളക്കം വർധിച്ചു. ബുൾ റാലിയിൽ മുൻ നിര രണ്ടാം നിര ഓഹരികളിൽ ശക്തമായ വാങ്ങൽ താൽപര്യം ദൃശ്യമായി.

ബോംബെ സെൻസെക്‌സ്‌ 1658 പോയിൻറ്റും നിഫ്‌റ്റി 487 പോയിൻറ്റും പ്രതിവാര മികവിലാണ്‌. കഴിഞ്ഞവാരം മുൻ നിര സൂചികൾ രണ്ടര ശതമാനം ഉയർന്നു. സെൻസെക്‌സ്‌ 69,893 ൽ നിന്നും ആദ്യ ദിനം 70,000 പോയിൻറ്‌ പ്രതിരോധം മറികടന്ന്‌ പിന്നീട്‌ 71,000 പോയിന്റിലെ തടസവും ഭേദിച്ച്‌ ചരിത്രത്തിൽ ആദ്യമായി 71,605 പോയിൻറ്‌ വരെ കയറി. വ്യാപാരാന്ത്യം സൂചിക 71,483 ലാണ്‌. ഈ വാരം 69,857- 68,232 പോയിന്റിലെ താങ്ങ്‌ നിലനിർത്തി 72,356- 73,230 നെ ലക്ഷ്യമാക്കി നീങ്ങാം.

സൂചിക ചരിത്ര നേട്ടങ്ങൾ തിരുത്തി മുന്നേറുന്നതിനിടയിൽ ലാഭമെടുപ്പിന്‌ ഫണ്ടുകൾ രംഗത്ത്‌ ഇറങ്ങാൻ ഇടയുണ്ട്‌. വിപണിയുടെ സാങ്കേതിക ചലനങ്ങൾ പരിശോധിച്ചാൽ സൂപ്പർ ട്രെൻറ്‌, പാരാബോളിക്ക്‌ എസ്‌.ഏആർ, എം.എ.സി.ഡി തുടങ്ങിയവ നിക്ഷേപകർക്ക്‌ അനുകൂലമായാണ്‌ നീങ്ങുന്നത്‌. നിഫ്‌റ്റി സൂചിക 20,696 ൽ നിന്നും 21,006 ലെ റെക്കോർഡ്‌ തുടക്കത്തിൽ തന്നെ തകർത്ത്‌ പുതിയ ഉയരങ്ങളിലേക്ക്‌ മുന്നേറി.

Leave a Reply

Your email address will not be published. Required fields are marked *