Your Image Description Your Image Description

പാലക്കാട് ജില്ലയിലെ തൃത്താല ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതി 2023-24 ല്‍ ഉള്‍പ്പെടുത്തി സ്മാര്‍ട്ട് കിച്ചണ്‍, പഠനമുറി നിര്‍മ്മാണം ആദ്യഗഡു വിതരണം, പൂര്‍ത്തീകരിച്ച പഠനമുറിയുടെ താക്കോല്‍ദാനം, ഡ്രോണ്‍ പൈലറ്റ് രണ്ടാം പരിശീലനം എന്നീ പദ്ധതികളുടെ ഉദ്ഘാടനം തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ പി. മമ്മികുട്ടി എം.എല്‍.എ നിര്‍വഹിച്ചു. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.പി റജീന അധ്യക്ഷയായി.

അടുക്കളകള്‍ നവീകരിക്കുന്ന പദ്ധതിയാണ് സ്മാര്‍ട്ട് കിച്ചന്‍. പദ്ധതി പ്രകാരം പട്ടികജാതി വിഭാഗക്കാര്‍ക്ക് അടുക്കള നവീകരിക്കുന്നതിന് ഒരുലക്ഷം രൂപയുടെ ധനസഹായം ലഭിക്കും. അടുക്കളയില്‍ ആധുനിക രീതിയിലുള്ള സ്ലാബ്, ടൈല്‍സ്, ഷെല്‍ഫ് തുടങ്ങിയവയാണ് നിര്‍മിക്കുന്നത്. തൃത്താല ബ്ലോക്ക് പഞ്ചായത്ത് 2023-24 വര്‍ഷത്തെ എസ്.സി.പി ഫണ്ടില്‍ 14,00,000 രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. കുറഞ്ഞ വരുമാനപരിധിയും 800 ചതുരശ്ര അടിയില്‍ താഴെയുള്ള വീടും മാനദണ്ഡമാക്കിയാണ് 14 ഗുണഭോക്താക്കളെ കണ്ടെത്തിയത്. ഒരു പഞ്ചായത്തില്‍നിന്ന് രണ്ട് ഗുണഭോക്താവ് എന്ന ക്രമത്തിലാണ് ഗുണഭോക്താക്കളെ കണ്ടെത്തിയിരിക്കുന്നത്.

പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് 120 ചതുരശ്ര അടിയില്‍ കുറയാതെയുള്ള പഠനമുറി നിര്‍മ്മിക്കുന്നതിന് രണ്ട് ലക്ഷം രൂപ അനുവദിക്കുന്ന പദ്ധതിയാണ് പഠനമുറി. അഞ്ച് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. 800 ചതുരശ്ര അടിയില്‍ താഴെയുള്ള വീട് മാനദണ്ഡമാക്കിയാണ് ഗുണഭോക്താക്കളെ കണ്ടെത്തിയത്. ഏഴ് ഗുണഭോക്താക്കളാണ് പദ്ധതിയിലുള്ളത്. പദ്ധതിയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍ഗണന നല്‍കിയിരുന്നു. പൂര്‍ത്തീകരിച്ച പഠനമുറിയുടെ താക്കോല്‍ദാനവും പരിപാടിയുടെ ഭാഗമായി നടന്നു. കഴിഞ്ഞവര്‍ഷം 14 പേര്‍ക്കാണ് ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ പഠനമുറി നല്‍കിയത്.

ഡ്രോണ്‍ പൈലറ്റ് രണ്ടാം പരിശീലനവും ബ്ലോക്ക് പഞ്ചായത്ത് ആരംഭിക്കുന്നുണ്ട്. അസാപ്പ് മുഖേനയാണ് ട്രെയിനിങ് കൊടുക്കുന്നത്. പദ്ധതിയുടെ ഭാഗമായി 15 പേര്‍ക്കാണ് പരിശീലനം നല്‍കുക. കഴിഞ്ഞവര്‍ഷം 11 പേര്‍ക്കാണ് പരിശീലനം ലഭിച്ചത്. ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ എസ്.സി.പി ഫണ്ടില്‍ 10 ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ഗ്രാമസഭാ പട്ടികയില്‍നിന്നാണ് പദ്ധതികള്‍ക്കായി ഗുണഭോക്താക്കളെ കണ്ടെത്തുന്നത്. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി വികസന ഓഫീസര്‍ പി. ഗിരീഷ് കുമാര്‍ പദ്ധതി വിശദീകരണം നടത്തി. പരിപാടിയില്‍ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *