Your Image Description Your Image Description

കൊല്ലം: പരവൂര്‍ മുന്‍സിഫ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അനീഷ്യ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഇന്ന് ആരംഭിക്കും. സിറ്റി ക്രൈംബ്രാഞ്ചിനാണ് അന്വേഷണച്ചുമതല. അനീഷ്യയുടെ ശബ്ദ സന്ദേശങ്ങളും 19 പേജുകള്‍ ഉള്ള ഡയറിക്കുറിപ്പ് തുടങ്ങിയ വിശദമായി പരിശോധിച്ച ശേഷമാകും തുടര്‍നടപടി എടുക്കുക.

ജനുവരി 21ന് ആണ് അനീഷ്യ ആത്മഹത്യ ചെയ്യുന്നത്. സമൂഹ മാധ്യമങ്ങളില്‍ വിടവാങ്ങല്‍ കുറിപ്പെഴുതിയും സ്റ്റാറ്റസ് ഇട്ടതിനും ശേഷമായിരുന്നു അനീഷ്യ ജീവനൊടുക്കിയത്. മേലുദ്യോഗസ്ഥനും സഹപ്രവര്‍ത്തകനും മാനസികമായി പീഡിപ്പിച്ചെന്നാണ് അനീഷ്യയുടേയും കുടുംബത്തിന്റേയും ആരോപണം. ജോലി സ്ഥലത്ത് കടുത്ത അവഗണനയും മാനസിക സമ്മര്‍ദ്ദവും നേരിട്ടിരുന്നുവെന്ന് വ്യക്തമാക്കുന്ന അനീഷ്യയുടെ ഡയറി പരവൂര്‍ പൊലീസ് കണ്ടെത്തിയിരുന്നു. ഡയറിയിലെ ആരോപണങ്ങള്‍ ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ജീവനൊടുക്കിയതിന് പിന്നാലെ അനീഷ്യയുടെ വോയിസ് ക്ലിപ്പും പുറത്തുവന്നിരുന്നു. മേലുദ്യോഗസ്ഥരുടെ മാനസിക പീഡനവും തൊഴിലിടത്തെ അവഗണനയും പുറത്തുകാട്ടുന്ന ഓഡിയോ ക്ലിപ്പാണ് പുറത്ത് വന്നത്.

കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് പരസ്യമാക്കി മേലുദ്യോഗസ്ഥന്‍ അപമാനിച്ചുവെന്നും ജോലി ചെയ്യാത്തവരെ പ്രോത്സാഹിപ്പിച്ചുവെന്നും ജോലി ചെയ്യുന്ന തന്നെ മാനസികമായി പീഡിപ്പിച്ചുവെന്നും ശബ്ദരേഖയില്‍ അനീഷ്യ ആരോപിക്കുന്നു. ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണെന്നും കടുത്ത മാനസിക സമ്മര്‍ദ്ദത്തിലെന്നും ഓഡിയോ സന്ദേശത്തിലുണ്ട്. അനീഷ്യ സുഹൃത്തുക്കള്‍ക്ക് അയച്ച വാട്‌സ് ആപ്പ് സന്ദേശമാണ് പുറത്തായത്. ഇക്കാര്യങ്ങളെല്ലാം അന്വേഷിക്കുമെന്ന് കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *