Your Image Description Your Image Description

ഈ വർഷം ഫെബ്രുവരി 1ാം തീയതിയാണ് കേന്ദ്രബജറ്റ് അവതരിപ്പിക്കുന്നത്. തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഇത്തവണ ഇടക്കാല ബജറ്റാണ് കേന്ദ്രധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിക്കുന്നത്. തെരഞ്ഞെടുപ്പിന് ശേഷം പുതിയ സർക്കാർ രൂപീകരിക്കുന്നതുവരെ ബജറ്റിൽ അവതരിപ്പിക്കുന്ന നയങ്ങളും, പ്രഖ്യാപനങ്ങളും നടപ്പാക്കപ്പെടില്ല. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള നരേന്ദ്ര മോദി സർക്കാരിന്റെ അവസാന ബജറ്റായിരിക്കും ഇത്.

ബജറ്റുമായി ബന്ധപ്പെട്ട് അറിഞ്ഞിരിക്കേണ്ട ചില പ്രധാന ഘടകങ്ങളെക്കുറിച്ച്:

1. സാമ്പത്തിക സർവേ

ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട് പുറത്തുവിടുന്ന പ്രധാനപ്പെട്ട കണക്കുകളാണ് സാമ്പത്തിക സർവ്വേയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പോയ സാമ്പത്തിക വർഷത്തിലെ സമ്പദ് വ്യവസ്ഥയുടെ പ്രകടനത്തിന്റെ പ്രധാന വിവരണമാണിത്. ഈ കണക്കുകൾ പുതിയ ബജറ്റ് അവതരണത്തിന് വേദി ഒരുക്കുകയാണ് ചെയ്യുന്നത്.

2. പണപ്പെരുപ്പം

രാജ്യത്തെ സാധനങ്ങൾ, സേവനങ്ങൾ, കമ്മോഡിറ്റി തുടങ്ങിയവയുടെ വില വർധിക്കുന്ന നിരക്കിനാണ്  പണപ്പെരുപ്പമെന്ന് പറയുന്നത്. പണപ്പെരുപ്പം അഥവാ വിലക്കയറ്റ തോത് ഉയർന്നു നിൽക്കുന്നത് ഉപഭോക്താക്കളുടെ വാങ്ങൽ ശേഷി കുറയ്ക്കും.

3. പ്രത്യക്ഷ – പരോക്ഷ നികുതികൾ

നികുതിദായകനിൽ നിന്നും നേരിട്ട് ഈടാക്കുന്ന നികുതികളാണ് പ്രത്യക്ഷ നികുതി. ആദായ നികുതി, കോർപറേറ്റ് നികുതി എന്നിവ ഇതിൽപ്പെടുന്നു. അതേസമയം, ഒരാളിൽ നിന്ന് നേരിട്ടല്ലാതെ ഈടാക്കുന്നതാണ് പരോക്ഷ നികുതികൾ. ജിഎസ്ടി, വാറ്റ്, സേവനങ്ങൾക്ക് ഈടാക്കുന്ന എക്സൈസ് ഡ്യൂട്ടി തുടങ്ങിയവ ഇതിൽപ്പെടുന്നു.

4. ഫിനാൻസ് ബിൽ

പുതിയ നികുതികൾ ചുമത്തുക, നികുതി ഘടനയിൽ മാറ്റങ്ങൾ വരുത്തുക, നിലവിലെ നികുതി ഘടന തുടരുക എന്നിവയ്ക്കായി സർക്കാർ ഉപയോഗിക്കുന്ന ഡോക്യുമെന്റാണ് ഫിനാൻസ് ബിൽ.

5.  മൂലധനച്ചെലവ്

രാജ്യത്തിന്റെ വികസനം, ഏറ്റെടുക്കൽ, മെഷിനറി, ആസ്തികൾ എന്നിവയുടെ ഡീഗ്രഡേഷൻ എന്നിവയ്ക്കായി കേന്ദ്രസർക്കാർ ഉപയോഗപ്പെടുത്തുന്ന ആകെ തുകയാണ് മൂലധനച്ചെലവ് എന്ന് കണക്കാക്കുന്നത്. ഇതിലൂടെ സമ്പദ് വ്യവസ്ഥയുടെ വികസനമാണ് രാജ്യം ലക്ഷ്യമിടുന്നത്.

6. ബജറ്റ് എസ്റ്റിമേറ്റ്

വിവിധ മന്ത്രാലയങ്ങൾ, ഡിപ്പാർട്മെന്റുകൾ, രാജ്യത്തെ വിവിധ സെക്ടറുകൾ, പദ്ധതികൾ തുടങ്ങിയവയ്ക്കായി അനുവദിക്കുന്ന  എസ്റ്റിമേറ്റ് ചെയ്ത ഫണ്ട്, ബജറ്റ് എസ്റ്റിമേറ്റ് എന്ന പേരിലാണ് അറിയപ്പെടുന്നത്. എവിടെ, എങ്ങനെ, എത്ര കാലത്തേക്ക് പണം ഉപയോഗിക്കണം എന്ന് ബജറ്റ് എസ്റ്റിമേറ്റിലൂടെ തീരുമാനമെടുക്കുന്നു.

7. ധനക്കമ്മി

സർക്കാരിന്റെ, കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ആകെ ചിലവ്, വരുമാനം എന്നിവ തമ്മിലുള്ള വ്യത്യാസമാണ് ധനക്കമ്മി. മറ്റ് വ്യവസ്ഥാപിതമായ മാർഗങ്ങളിലൂടെ റിസർവ് ബാങ്കിൽ നിന്ന് പണം കടമെടുത്താണ് സർക്കാർ ഈ അന്തരം നികത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *