Your Image Description Your Image Description

പാക്കിസ്ഥാന്റെ ആണവായുധങ്ങളുടെ നിയന്ത്രണം അമേരിക്കയുടെ കൈയിലെന്ന നിർണായക വെളിപ്പെടുത്തലുമായി മുൻ സി.ഐ.എ ചാരൻ. പാക്കിസ്ഥാനില്‍ തീവ്രവാദ വിരുദ്ധ പോരാട്ടത്തിലടക്കം പങ്കെടുത്ത ജോണ്‍ കിരിയാക്കോ ആണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. പാക്കിസ്ഥാനോടുള്ള ഇന്ത്യന്‍ നിലപാട് മാറ്റത്തിന് ഇത് വലിയ കാരണമായതായും അദ്ദേഹം അവകാശപ്പെടുന്നു.

വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് പാക്കിസ്ഥാന്‍ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. ഒരു അമേരിക്കന്‍ ജനറലിന്റെ കീഴിലേക്ക് ആണവായുധ ശേഖരത്തിന്റെ കമാന്‍ഡും നിയന്ത്രണവും പാക് സര്‍ക്കാരാണ് നല്കിയതെന്ന് ജോണ്‍ കിരിയാക്കോ ഒരു അഭിമുഖത്തിലാണ് വെളിപ്പെടുത്തിയത്.

വെളിപ്പെടുത്തലുകള്‍ ആദ്യമല്ല
മേഖലയില്‍ കൂടുതല്‍ ശാശ്വതമായ സമാധാനം കൊണ്ടുവരാന്‍ അമേരിക്കന്‍ ഇടപെടല്‍ കാരണമായേക്കും. പാക്കിസ്ഥാന്റെ കൈവശം ആണവായുധങ്ങള്‍ സുരക്ഷിതമല്ലെന്നത് ഇന്ത്യ പലപ്പോഴായി ലോക വേദികളില്‍ ഉന്നയിച്ചിട്ടുള്ള വിഷയമാണ്.

ഇപ്പോള്‍ തുറന്നുപറച്ചില്‍ നടത്തിയിരിക്കുന്ന ജോണ്‍ കിരിയാക്കോ മുമ്പും വിവാദ വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുണ്ട്. അല്‍ഖ്വയ്ദ തീവ്രവാദികളില്‍ വാട്ടര്‍ ബോര്‍ഡിംഗ് ശിക്ഷാരീതികള്‍ യുഎസ് സൈനികര്‍ നടപ്പാക്കിയിരുന്നതായി ഇയാള്‍ വെളിപ്പെടുത്തിയിരുന്നു. 2012ല്‍ ഒരു പത്രപ്രവര്‍ത്തകന് രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി നല്കിയതിന് രണ്ടു വര്‍ഷം ജയില്‍ശിക്ഷ അനുഭവിക്കുകയും ചെയ്തിരുന്നു.

ഓപ്പറേഷന്‍ സിന്ദൂര്‍ സമയത്ത് ഇന്ത്യ അയച്ച ബ്രഹ്‌മോസ് മിസൈലില്‍ ആണവ പോര്‍മുന ഉണ്ടോയെന്ന കാര്യത്തില്‍ തങ്ങള്‍ക്ക് ആശങ്കയുണ്ടായിരുന്നതായി പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ ഉപദേഷ്ടാവ് റാണാ സാനാവുള്ള കഴിഞ്ഞദിവസം തുറന്നു പറഞ്ഞിരുന്നു. ഇക്കാര്യം നിര്‍ണയിക്കാന്‍ തങ്ങള്‍ക്ക് വെറും 30-45 സെക്കന്‍ഡുകള്‍ മാത്രമാണ് ലഭിച്ചതെന്നും ഒരു ചാനലിന് നല്കിയ അഭിമുഖത്തില്‍ റാണാ വ്യക്തമാക്കിയിരുന്നു.

ഇന്ത്യ ആണവായുധമാണ് തങ്ങള്‍ക്കു നേരെ തൊടുത്തതെന്ന് കരുതി അതേരീതിയില്‍ തിരിച്ചടിച്ചിരുന്നെങ്കില്‍ മേഖല ആണവയുദ്ധത്തിന് വേദിയായേനെ. ഭാഗ്യവശാല്‍ ഇത്തരമൊന്ന് സംഭവിച്ചില്ലെന്നും റാണാ കൂട്ടിച്ചേര്‍ത്തു. നൂര്‍ ഖാന്‍ വ്യോമതാവളത്തില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ വലിയ നാശനഷ്ടം സംഭവിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts