Your Image Description Your Image Description

തിരുവനന്തപുരം മെഡിക്കൽ കോളേജ് എസ്.എ.ടി. ആശുപത്രിയിൽ പീഡിയാട്രിക് ഗ്യാസ്‌ട്രോ എൻട്രോളജി വിഭാഗത്തിൽ പി.ജി കോഴ്‌സ് ആരംഭിക്കുന്നതിനായി പ്രൊഫസർ തസ്തിക സൃഷ്ടിക്കാൻ മന്ത്രിസഭാ യോഗം അനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. നിലവിലെ യൂണിറ്റ് വിപുലീകരിച്ച് പീഡിയാട്രിക് ഗ്യാസ്‌ട്രോ എൻട്രോളജി ഡിപ്പാർട്ട്മെന്റ് ആക്കുന്നതിന്റെ ഭാഗമായാണ് ഈ തസ്തിക സൃഷ്ടിച്ചത്. 93 ലക്ഷം രൂപ ചെലവഴിച്ചുള്ള അത്യാധുനിക എൻഡോസ്‌കോപ്പി മെഷീൻ എസ്.എ.ടി.യിൽ ഉടൻ സ്ഥാപിക്കും.

ഉദര സംബന്ധമായ രോഗങ്ങൾക്ക് ആധുനികവും ഗുണമേന്മയുള്ളതുമായ ചികിത്സ ഉറപ്പാക്കാൻ പുതിയ ഡിപ്പാർട്ട്മെന്റ് ആരംഭിക്കുന്നതോടെ സാധിക്കും. രാജ്യത്ത് ആറാമതും സംസ്ഥാനത്ത് ആദ്യമായുമാണ് സർക്കാർ മേഖലയിൽ എസ്.എ.ടി. ആശുപത്രിയിൽ പീഡിയാട്രിക് ഗ്യാസ്‌ട്രോഎൻട്രോളജി വിഭാഗം ആരംഭിക്കുന്നത്. പി.ജി. കോഴ്സ് ആരംഭിക്കുന്നത് രാജ്യത്ത് അഞ്ചാമതുമാണ്. കോഴ്സ് ആരംഭിക്കുന്നതോടെ ഈ രംഗത്തെ കൂടുതൽ വിദഗ്ധ ഡോക്ടർമാരെ സൃഷ്ടിക്കാനും സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

2021ൽ ഈ സർക്കാരിന്റെ കാലത്താണ് എസ്.എ.ടി. ആശുപത്രിയിൽ മികച്ച സൗകര്യമൊരുക്കി പീഡിയാട്രിക് ഗ്യാസ്‌ട്രോ എൻട്രോളജി യൂണിറ്റ് ആരംഭിച്ചത്. കുട്ടികളിലെ ഉദര സംബന്ധമായ അസുഖങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് കുട്ടികളുടെ ദഹനാരോഗ്യത്തിനായി സമഗ്രമായ പീഡിയാട്രിക് ഗ്യാസ്ട്രോഎൻട്രോളജി വിഭാഗത്തിന്റെ സേവനങ്ങൾ വിപുലീകരിച്ച് പ്രത്യേക ഡിപ്പാർട്ട്മെന്റാക്കുന്നത്. നവജാത ശിശുക്കൾ മുതൽ കൗമാരക്കാർ വരെയുള്ള കുട്ടികളിൽ കണ്ടുവരുന്ന ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട എല്ലാ രോഗങ്ങൾക്കും ആധുനികവും ഫലപ്രദവുമായ ചികിത്സ ലഭ്യമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. എസ്.എ.ടി. ആശുപത്രിയിൽ ഈ സേവനം ആരംഭിച്ച് ഇതുവരെ 27000ലധികം കുട്ടികൾക്ക് ചികിത്സ നൽകാനായി.

കുട്ടികളിലെ ഉദര സംബന്ധമായ രോഗങ്ങൾ, കരൾ, പിത്താശയം, പാൻക്രിയാസ് സംബന്ധമായ രോഗങ്ങളാണ് ഈ വിഭാഗത്തിൽ ചികിത്സിക്കുന്നത്. കുട്ടികളിലെ വയറുവേദന, വിട്ടുമാറാത്ത അതിസാരം, മലബന്ധം, ഛർദ്ദി, ഭക്ഷണം കഴിക്കാനുള്ള ബുദ്ധിമുട്ടുകൾ, ആസിഡ് റിഫ്ലക്സ്, ഭക്ഷണ അലർജികൾ, വളർച്ചാക്കുറവ്, കരൾ രോഗങ്ങൾ, ഐബിഡി (ഇൻഫ്ളമേറ്ററി ബവൽ ഡിസീസ്) തുടങ്ങിയ അവസ്ഥകൾക്ക് പ്രത്യേക പരിചരണം ഈ വിഭാഗത്തിൽ നൽകുന്നു. ഏറ്റവും പുതിയ സാങ്കേതികവിദ്യകളും, പരിചയസമ്പന്നരായ ഡോക്ടർമാരുടെയും നഴ്സുമാരുടെയും ഒരു മൾട്ടി ഡിസിപ്ലിനറി ടീമാണ് ഈ വിഭാഗത്തിൽ പ്രവർത്തിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts