Your Image Description Your Image Description

ജില്ലയിലെ വാക്‌സിനേഷന്‍ കുറവ് പരിഹരിക്കാന്‍ എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് ജില്ലാ കലക്ടര്‍ വിആര്‍ വിനോദ്. മീസില്‍സ്, റുബെല്ല എലിമിനേഷന്‍ ജനകീയ ദൗത്യം ക്യാമ്പയിന്‍ ചര്‍ച്ച ചെയ്യുന്നതിനായി ജില്ലാ കലക്ടറുടെ ചേമ്പറില്‍ ചേർന്ന മതനേതാക്കളുടെ യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മറ്റെല്ലാ മേഖലയിലും മുന്‍പന്തിയിലുള്ള ജില്ലയിലെ വാക്‌സിനേഷന്‍ കുറവ് പരിഹരിക്കാന്‍ എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് കലക്ടര്‍ പറഞ്ഞു. ജില്ലയില്‍ 82 ശതമാനമാണ് നിലവില്‍ വാക്‌സിന്‍ എടുത്തിട്ടുള്ളത്, ഇത് സംസ്ഥാന ശരാശരിയേക്കാള്‍ കുറവാണ്. ഇത് മറികടക്കാനുള്ള ക്യാമ്പയിനാണ് എം.ആര്‍ എലിമിനേഷന്‍ ക്യാമ്പയിന്‍.

വാക്‌സിനെതിരെ നടക്കുന്ന തെറ്റിദ്ധാരണകളാണ്് ജില്ല പിറകില്‍ നില്‍ക്കാന്‍ കാരണം. വാക്‌സിന്‍ എടുക്കാത്തതിനാല്‍ 5 പേര്‍ക്കാണ് കഴിഞ്ഞ വര്‍ഷം ജീവന്‍ നഷ്ടമായത്. 2026ഓടെ മീസില്‍സ്, റൂബല്ല തുടച്ചുനീക്കാനാണ് ലക്ഷ്യമിടുന്നത്. വാക്‌സിന്‍ എടുക്കാതിരുന്നാല്‍ ഭാവിയില്‍ പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു. ശാസ്ത്രീയ സംവിധാനം ഉണ്ടായിട്ടും വാക്‌സിനെതിരെ തെറ്റിദ്ധാരണ പരത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും കളക്ടര്‍ പറഞ്ഞു.

വാക്‌സിന്‍ ബോധവത്കരണത്തിന് ജോയിന്റ് കമ്മറ്റി രൂപീകരിക്കാനും മദ്രസ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അഡ്മിഷന്‍ സമയത്ത് വാക്‌സിന്‍ എടുത്തോ എന്ന് പരിശോധിക്കാനും യോഗത്തില്‍ തീരുമാനമായി. അലോപ്പതി, ആയൂര്‍വ്വേദം, ഹോമിയോ എന്നിവര്‍ ഒരുമിച്ച് ബോധവത്കരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവും.

യോഗത്തില്‍ ഡിഎംഒ ഡോ. ആര്‍ രേണുക, ഡപ്യൂട്ടി ഡി എം ഒ ഡോ. സി ഷുബിന്‍, ജില്ലാ ആര്‍ സി എച്ച് ഓഫീസര്‍ ഡോ. എന്‍ എന്‍ പമീലി, ലോകാരോഗ്യ സംഘടനയുടെ പ്രതിനിധി ഡോ. സന്തോഷ് രാജഗോപാല്‍, വിവിധ മതസംഘടനകളുടെ പ്രതിനിധികളും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *