Your Image Description Your Image Description

തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയെ ലൈംഗികമായും സാമ്പത്തികമായും ചൂഷണം ചെയ്ത് ആത്മഹത്യയിലേക്ക് തള്ളി വിട്ട കേസിലെ പ്രതി സുകാന്ത് സുരേഷ് ഹൈക്കോടതിയെ സമീപിച്ചു. തന്റെ ചാറ്റ് വിവരങ്ങള്‍ പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ടാണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്. ഫോണ്‍ പോലീസിന്റെ കൈവശമാണെന്നും അതിലെ വിവിരങ്ങള്‍ പുറത്തുവിടുന്നത് വിലക്കണമെന്നുമാണ് ആവശ്യം. തന്റെ ഫോണിലെ ചാറ്റുകള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇത് തന്റെ സ്വകാര്യതയെ ബാധിക്കുന്നതാണെന്നാണ് സുകാന്തിന്റെ വാദം. നേരത്തെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുമ്പോഴും പ്രതി ഇക്കാര്യം ഉന്നയിച്ചിരുന്നു. പരിശോധിക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശവും നല്‍കിയിരുന്നു. സുകാന്ത് പെണ്‍കുട്ടിയോട് പോയി മരിക്കാന്‍ പറയുന്നതടക്കമുള്ള ചാറ്റുകളാണ് പുറത്തു വന്നത്.

മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ പോവുകയാണെന്നും ഒഴിഞ്ഞ് തരണം എന്ന് പറഞ്ഞും സമ്മര്‍ദ്ദത്തിലാക്കുന്നതും ചാറ്റുകളില്‍ വ്യക്തമാണ്. സുകാന്ത് ഫോണില്‍ നിന്നും ഡിലീറ്റ് ചെയ്ത ചാറ്റുകള്‍ പോലീസ് വീണ്ടെടുത്തിരുന്നു. ഇതില്‍ നിന്നാണ് മരിച്ച പെണ്‍കുട്ടിയെ കൂടാതെ മറ്റ് രണ്ട് പെണ്‍കുട്ടികളുമായി ബന്ധമുണ്ടായിരുന്നതായും ഇവരേയും ലൈംഗികമായി ചൂഷണം ചെയ്തതായും വ്യക്തമായത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത് തടയാനുള്ള നീക്കമാണ് പ്രതിയില്‍ നിന്ന് ഉണ്ടായിരിക്കുന്നത്. പോലീസ് നടത്തിയത് അന്വേഷണ പ്രക്രീയയുടെ ദുരുപയോഗമാണെന്നും മുന്‍വിധിയോടെ പ്രതിക്കെതിരെ പൊതുജനരോഷം സൃഷ്ടിക്കാനുള്ള ശ്രമമാണെന്നുമാണ് സുകാന്ത് ആരോപിക്കുന്നത്. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹോക്കോടതി തള്ളിയതിനെ തുടര്‍ന്ന് പ്രതി ഇന്നലെ കീഴടങ്ങിയിരുന്നു. രണ്ട് മാസത്തെ ഒളിവ് ജീവിതത്തിന് ശേഷമാണ് കീഴടങ്ങല്‍.

Leave a Reply

Your email address will not be published. Required fields are marked *