Your Image Description Your Image Description

ദുബായ്: ദുബായിലെ പ്രധാന നഗരവികസന പദ്ധതിയായ ഉം സുഖീം പ്രോജക്ടിന്റെ 70% പൂര്‍ത്തീകരിച്ചതായി ദുബായ് റോഡ് ഗതാഗത അതോറിറ്റി. ഉം സുഖീം – അല്‍ ഖുദ്‌റ ഇടനാഴി പദ്ധതിയുടെ ഭാഗമാണിത്. നഗരത്തിലെ ഗതാഗതക്കുരുക്ക് ഗണ്യമായി കുറയ്ക്കാന്‍ സഹായിക്കുന്നതാണ് പദ്ധതി. അല്‍ ഖൈല്‍ റോഡ് കവല മുതല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ് വരെ നീളുന്നതാണ് ഉം സുഖീം നഗരവികസന പദ്ധതി. ജുമൈറ സ്ട്രീറ്റിനെ എമിറേറ്റ്‌സ് റോഡുമായി ബന്ധിപ്പിക്കുന്ന പതിനാറു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ബൃഹദ് മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായാണ് ദുബായ് റോഡ് ഗതാഗത അതോറിറ്റി ഈ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നത്.

ദുബായിലെ പ്രധാനപ്പെട്ട താമസ, വ്യാവസായിക ഇടങ്ങളിലൂടെയാണ് ഇടനാഴി കടന്നു പോകുന്നത്. പത്തു ലക്ഷം പേര്‍ക്ക് പദ്ധതിയുടെ ഗുണഫലം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. രണ്ട് ദിശയിലേക്കുമുള്ള എണ്ണൂറു മീറ്റര്‍ തുരങ്കപാത അടക്കമുള്ളവയുടെ നിര്‍മാണമാണ് നിലവില്‍ പുരോഗമിക്കുന്നത്. 4.6 കിലോമീറ്റര്‍ ദൈര്‍ഘ്യമാണ് പദ്ധതിയുടെ ഈ ഘട്ടത്തിലുള്ളത്.

നിര്‍മാണം പൂര്‍ത്തിയായാല്‍ ശൈഖ് സായിദ് റോഡ്, അല്‍ ഖൈല്‍ റോഡ്, ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ്, എമിറേറ്റ്‌സ് റോഡ് എന്നീ നാല് പ്രധാന റോഡുകളെ ഇടനാഴി ബന്ധിപ്പിക്കും. ഇരുദിശകളിലേക്കുമായി മണിക്കൂറില്‍ 16,000 വാഹനങ്ങള്‍ക്ക് സഞ്ചരിക്കാനുമാകും. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിനും അല്‍ ഖൈല്‍ റോഡിനും ഇടയിലുള്ള യാത്രാ സമയം അറുപത്തിയൊന്ന് ശതമാനം കുറയും. നേരത്തെ, 9.7 മിനിറ്റ് എടുത്തിരുന്ന യാത്ര 3.8 മിനിറ്റു കൊണ്ട് സാധ്യമാകും എന്നാണ് റോഡ് ഗതാഗത അതോറിറ്റി പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *