Your Image Description Your Image Description

തിരുവനന്തപുരം : ഹോമിയോ മേഖലയിൽ ഗവേഷണത്തിന് കൂടുതൽ പ്രാധാന്യം നൽകണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഹോമിയോപ്പതി വകുപ്പ് 1973ൽ നിലവിൽ വരുമ്പോൾ സംസ്ഥാനത്ത് 64 ഡിസ്പെൻസറികളും 4 ആശുപത്രികളും മാത്രമാണ് ഉണ്ടായിരുന്നത്. ഇപ്പോഴത് 14 ജില്ലാ മെഡിക്കൽ ഓഫീസുകളും 34 ആശുപത്രികളും 709 ഡിസ്പെൻസറികളും എന്ന നിലയ്ക്ക് വളർന്ന് വലിയ വകുപ്പുകളിലൊന്നായി മാറി.

ഹോമിയോപ്പതി രംഗത്ത് ഈ സർക്കാരിന്റെ കാലത്ത് വലിയ പ്രവർത്തനങ്ങളാണ് നടത്തിയത്. 40 ഹോമിയോ ഡിസ്പെൻസറികൾ കൂടി സജ്ജമാക്കി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഹോമിയോപ്പതി സ്ഥാപനങ്ങൾ സ്ഥാപിക്കാനായി. 40 ഹോമിയോ മെഡിക്കൽ ഓഫീസർമാരുടെ തസ്തികകൾ സൃഷ്ടിച്ചു. ദേശീയ ഗുണനിലവാരം ഉറപ്പ് വരുത്തിയതിന്റെ ഫലമായി 102 സ്ഥാപനങ്ങൾക്ക് എൻഎബിഎച്ച് സർട്ടിഫിക്കേഷൻ ലഭിച്ചു. കേരളത്തിലെ ആയുഷ് മേഖലയുടെ പ്രവർത്തനങ്ങളെ കേന്ദ്ര ആയുഷ് മന്ത്രാലയവും അഭിനന്ദിച്ചിട്ടുണ്ട്. വളരെയേറെ പുരോഗതി കൈവരിച്ച ഹോമിയോ മേഖലയിൽ കൂടുതൽ മുന്നോട്ട് പോകാൻ ഗവേഷണം അത്യാവശ്യമാണെന്നും മന്ത്രി വ്യക്തമാക്കി. ലോക ഹോമിയോ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ഹോമിയോപ്പതിയുടെ ഉപജ്ഞാതാവായ ഡോ. സാമുവൽ ഹാനിമാന്റെ ജന്മദിനമായ ഏപ്രിൽ 10ന് ലോക ഹോമിയോപ്പതി ദിനമായി ആചരിച്ച് വരുന്നു. ദിനാചരണത്തിന്റെ ഭാഗമായി ‘പൊതുജനാരോഗ്യ സംരക്ഷണത്തിൽ ഹോമിയോപ്പതിയുടെ പ്രസക്തി’ എന്ന വിഷയവുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖേന നടപ്പിലാക്കി വരുന്ന പദ്ധതികളിൽ നിന്നും വിദഗ്ധ പാനൽ തെരഞ്ഞെടുത്തവയുടെ അവതരണവും സംഘടിപ്പിച്ചു.

പൊതുജനങ്ങൾക്ക് വേണ്ടിയുള്ള ആയുഷ് ഹോമിയോപ്പതി ഇൻഫർമേഷൻ മാനേജ്മെന്റ് സിസ്റ്റം (AHiMS 2.0) പോർട്ടലിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. പൊതുജനങ്ങൾക്ക് ഹോമിയോപ്പതി സ്ഥാപനങ്ങളിലേക്ക് അപ്പോയിന്റ്മെന്റ് മുൻകൂറായി ബുക്ക് ചെയ്യുന്നതിനും ചികിത്സാ വിവരങ്ങൾ അറിയുന്നതിനും ആയിട്ടാണ് പബ്ലിക് പോർട്ടൽ സജ്ജമാക്കിയിട്ടുള്ളത്. ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഹോമിയോപ്പതി സ്ഥാപനങ്ങളുടെ ലൊക്കേഷൻ, ലഭ്യമായ സേവനങ്ങൾ എന്നിവ അപ്ഡേറ്റഡ് ആയി അറിയുന്നതിനും ഈ പോർട്ടൽ സഹായിക്കുന്നു.

സമയബന്ധിതമായി സേവനം ലഭ്യമാക്കാൻ അപ്പോയിന്റ്മെന്റ് സംവിധാനം സഹായിക്കുന്നു. വകുപ്പിന്റെ കീഴിലുള്ള ലബോറട്ടറികളിൽ നിന്നും ലഭ്യമാകുന്ന പരിശോധനാ വിവരങ്ങൾ ഈ പോർട്ടലിൽ ഓട്ടോമേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. അതിനാൽ ലബോറട്ടറിയിൽ റിസൾട്ട് തയ്യാറാകുമ്പോഴേക്കും ഡോക്ടറുടെ ലോഗിനിലും രോഗിയുടെ പോർട്ടലിലും വിവരങ്ങൾ ലഭ്യമാകും. പൊതുജനങ്ങൾക്ക് സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ പോർട്ടലിലൂടെ വിലയിരുത്താനാകും. കൂടാതെ വ്യക്തികൾക്ക് അവരവരുടെ ദൈനംദിന ആരോഗ്യ വിവരങ്ങൾ രേഖപ്പെടുത്താനുള്ള സംവിധാനവും ഈ പോർട്ടലിൽ ലഭ്യമാണ്.

 

Leave a Reply

Your email address will not be published. Required fields are marked *