Your Image Description Your Image Description

തൃശ്ശൂര്‍: എക്‌സൈസ് പിന്തുടർന്നെത്തിയപ്പോൾ 2,000 ലിറ്റര്‍ സ്പിരിറ്റ് കടത്താന്‍ ഉപയോഗിച്ച വാഹനം ഉപേക്ഷിച്ച് ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു. തൃശൂരിലാണ് സംഭവം. എക്‌സൈസ് ഇന്റലിജന്‍സ് സംഘത്തിന്റെ വാഹനത്തില്‍ ഇടിച്ച് അപകടമുണ്ടാക്കിയാണ് ഇയാള്‍ രക്ഷപ്പെട്ടത്. ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍നിന്നും പ്രതി റോഡിലേക്ക് ചാടി ഓടി രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

ബുധനാഴ്ച പുലര്‍ച്ചെയാണ് എക്‌സൈസ് ഇന്റലിജന്‍സ് സ്പിരിറ്റുമായി വന്ന പിക്കപ്പ് ലോറി തടഞ്ഞത്. തൃശ്ശൂര്‍ നഗരത്തിന്റെ വടക്കേ സ്റ്റാന്‍ഡില്‍നിന്നാണ് എക്‌സൈസ് സംഘം ഈ വാഹനത്തെ പിന്തുടര്‍ന്നത്. ഇതോടെ ഡ്രൈവര്‍ വാഹനം കുട്ടനെല്ലൂര്‍ ഭാഗത്തേക്ക് വേഗത്തില്‍ ഓടിച്ചുപോവുകയായിരുന്നു. അങ്ങനെയാണ് കുരിയച്ചിറയിലേക്ക് എത്തിയത്.

ഇവിടെവെച്ച് എക്‌സൈസ് വാഹനത്തെ ഇടിച്ചുതെറിപ്പിച്ച് മുന്നോട്ടുപോകാനുള്ള ശ്രമവും വണ്ടി ഓടിച്ചിരുന്ന പ്രതിയുടെ ഭാഗത്തുനിന്നും ഉണ്ടായി. ഇങ്ങനെ മുന്നോട്ടോടിച്ച വണ്ടിയില്‍നിന്നാണ് പ്രതി ചാടി ഓടി രക്ഷപ്പെട്ടത്. തനിയെ ഓടിയ വാന്‍ കുരിയച്ചിറ സെന്ററില്‍വെച്ച് എക്‌സൈസ് തടഞ്ഞ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

വാഹനം പരിശോധിച്ചതില്‍നിന്ന് 43 കന്നാസുകളിലായി സൂക്ഷിച്ചിരുന്ന രണ്ടായിരത്തോളം ലിറ്റലർ സ്പിരിറ്റാണ് എക്‌സൈസ് പിടിച്ചെടുത്തത്. വാഹനത്തിന്റെ നമ്പര്‍ പ്രകാരം, കൊടുങ്ങല്ലൂര്‍ സ്വദേശിയുടേതാണ് വാഹനം എന്നാണ് എക്‌സൈസിന്റെ വിലയിരുത്തല്‍. എന്നാല്‍ ഈ നമ്പര്‍ വ്യാജമാണോ എന്ന പരിശോധനയും നടന്നുവരികയാണ്.

ഇത്രയധികം സ്പിരിറ്റ് എവിടെനിന്നാണ് കൊണ്ടുവന്നതെന്നും, എവിടേക്കാണ് കൊണ്ടുപേയതെന്നും പ്രതിയെ ലഭിച്ചാല്‍ മാത്രമേ അറിയാന്‍ സാധിക്കൂ. പ്രതിക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *