Your Image Description Your Image Description

ഇന്ത്യയിലെ പല ഗ്രാമങ്ങളിലും പല വിധത്തിലുള്ള അന്ധവിശ്വാസങ്ങളും ആചാരങ്ങളും ഇന്നും നിലനിൽക്കുന്നുണ്ട്. ശാസ്ത്രം ഇത്രയൊക്കെ പുരോഗമിച്ചിട്ടുണ്ടെങ്കിലും അന്ധവിശ്വാസങ്ങളുടെ പേരിൽ പല നീചമായ പ്രവർത്തികളും നടക്കുന്നുണ്ട്. അന്ധവിശ്വാസങ്ങളെ പേടിച്ചു ജീവിക്കുന്ന പല ഗ്രാമങ്ങളും ഉണ്ട്. അതുപോലെ ഒരു ഗ്രാമമാണ് മധ്യപ്രദേശിലെ ഖണ്ട്വ ജില്ലയുടെ ഹൃദയഭാഗത്തുള്ള കോണ്ട്വാത് ഗ്രാമം. ഈ ഗ്രാമം ഇന്ന് നിഗൂഢതയാൽ മൂടപ്പെട്ടിരിക്കുകയാണ്. പ്രദേശത്ത് ഒരു സാധാരണ കിണ‍ർ, ഗ്രാമത്തില്‍ തുടർച്ചയായി ഉണ്ടായ ദുരന്തങ്ങളുടെ പ്രഭവ കേന്ദ്രമായി മാറിയതോടെയാണ് ഗ്രാമത്തിലെങ്ങും ഭയം നിഴലിച്ച് തുടങ്ങിയതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആ ഗ്രാമത്തിലെ എട്ട് പേർ ഒരു കിണറ്റിൽ വീണ് മരണമടഞ്ഞതോടു കൂടിയാണ് പ്രദേശമാകെ ഭീതിയിലായത്.

ഏപ്രിൽ മൂന്നിനായിരുന്നു സംഭവങ്ങളുടെ തുടക്കം. ആദ്യ മരണത്തിന് തൊട്ട് പിന്നാലെ ഒന്നിന് പിന്നാലെ ഒന്നെന്ന തരത്തില്‍ മരണത്തിന്‍റെ ഒരു ചങ്ങല തന്നെയായിരുന്നു സംഭവിചത്. ഗ്രാമത്തിലെ എട്ട് പേരാണ് ആ ഒരു കിണറ്റിൽ വീണ് മരണമടഞ്ഞത്. കിണറ്റിൽ വീണവരെ രക്ഷിക്കാൻ ഇറങ്ങിയവർ കിണറിലെ മരണക്കെണിയിൽ കുടുങ്ങുകയായിരുന്നു. കിണറിന്‍റെ അടിത്തട്ടിൽ അടിഞ്ഞ് കൂടിയിരുന്ന വിഷവാതകമാണ് കിണറ്റിൽ ഇറങ്ങിയ വ്യക്തികളെ ഒന്നൊന്നായി മരണത്തിലേക്ക് തള്ളിവിട്ടതെന്ന് പിന്നീട് ശാസ്ത്രീയ പരിശോധനകളിൽ തെളിഞ്ഞു. കൃഷി ആവശ്യങ്ങൾക്കും വീട്ടാവശ്യങ്ങൾക്കുമായി ഗ്രാമവാസികൾ ഉപയോഗിച്ചിരുന്ന ആ സാധാരണ കിണർ, അതോടെ ഗ്രാമവാസികൾക്കിടയിൽ ‘മരണക്കിണർ’ ആയി മാറി.

സംഭവം നടന്നിട്ട് ഇപ്പോൾ ഒരു മാസത്തിലേറെ ആയെങ്കിലും തങ്ങൾക്ക് നേരിടേണ്ടി വന്ന വലിയ ദുരന്തത്തിന്‍റെ ആഘാതത്തിൽ നിന്നും ഗ്രാമവാസികൾ ഇതുവരെയും മുക്തരായിട്ടില്ല. ഇപ്പോൾ, കിണറ്റിൽ നിന്ന് ആരും വെള്ളം എടുക്കുന്നില്ല. കിണറിന്‍റെ സമീപത്തു കൂടി നടന്നു പോകാൻ പോലും കുട്ടികൾക്ക് വിലക്കുണ്ട്. തങ്ങൾക്കിപ്പോൾ ഇത് ഒരു കിണറായി തോന്നുന്നില്ലെന്നും മരണ കെണിയായാണ് അനുഭവപ്പെടുന്നത് എന്നുമാണ് ഗ്രാമവാസികൾ പറയുന്നത്. ഒടുവിൽ ഈ ഭയത്തെ മറികടക്കാന്‍ ഗ്രാമവാസികൾ തന്നെ ഒരു വഴി കണ്ടെത്തി. കിണറിൽ വീണ് മരിച്ച് പോയവരുടെ ആത്മാക്കൾക്ക് വേണ്ടി ഗ്രാമവാസികൾ ഒത്തുകൂടി, പ്രത്യേക പ്രാർത്ഥനകളും പൂജകളും നടത്തി. ഗ്രാമത്തിൽ മരണം വിതച്ച ആ കിണറിന്‍റെ ചുറ്റുപാടും ഇന്ന് ഗ്രാമവാസികൾ, തങ്ങൾ ഒത്തുകൂടാനും പ്രാർത്ഥിക്കാനുമുള്ള വേദിയായാണ് കണക്കാക്കുന്നത്.

‘ഇത് പരമ്പര്യത്തെ കുറിച്ചുള്ളതല്ല, ഇത് ജീവിക്കാനുള്ള അതിജീവനത്തിന് വേണ്ടിയാണ്. ഇവിടെ കുറച്ച് കാലമായി ഭയം നിലനില്‍ക്കുന്നു. ഗ്രാമവാസികൾ യഥാര്‍ത്ഥത്തില്‍ ജീവിക്കാന്‍ പോലും മറന്ന് പോയി.’ ഗ്രാമത്തലവൻ മുകേഷ് താക്കൂർ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ ആരും കിണറിനടുത്തേക്ക് പോവുകയോ കിണറിനെ സ്പർശിക്കുകയോ ചെയ്യില്ല. പകരം പൂജാ ദ്രവ്യങ്ങളും മാലകളും പൂജാ മന്ത്രങ്ങളുമായി എപ്പോഴും പ്രാർത്ഥനാ മുഖരിതമായിരിക്കും കിണറും പരിസരവും.

എന്നാൽ ഗ്രാമവാസികളുടെ ഈ പ്രവർത്തികളെ അന്ധവിശ്വാസം എന്ന് വിശേഷിപ്പിക്കുന്നവരും ഉണ്ട്. വിദ്യാഭ്യാസത്തിന്‍റെ കുറവ് ഇന്ത്യന്‍ ഗ്രാമങ്ങൾ വലിയ തോതില്‍ അനുഭവിക്കുന്നുണ്ടെന്നും മറ്റ് ചിലര്‍ അഭിപ്രായപ്പെട്ടു. എന്തൊക്കെയായാലും ഇങ്ങനെയൊക്കെ ചെയ്യുന്നത് കൊണ്ട് തങ്ങളുടെ ഗ്രാമത്തിന്‍റെ നഷ്ടപ്പെട്ടുപോയ താളം പതിയെ തിരിച്ചുവരുമെന്നാണ് ഗ്രാമവാസികൾ അവകാശപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *