Your Image Description Your Image Description

പാരീസ്: ലോകത്ത് കൊടും പട്ടിണി അനുഭവിക്കുന്നവർ മുപ്പത് കോടിയോളം വരുമെന്ന് റിപ്പോർട്ട്. 29.5 കോടി ജനങ്ങൾ കഴിഞ്ഞ വർഷം കൊടുംപട്ടിണിയിലായിരുന്നു എന്നാണ് ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഈ വർഷവും സ്ഥി​ഗതികൾ മാറാൻ സാധ്യതയില്ലെന്നും ‘ഗ്ലോബൽ റിപ്പോർട്ട് ഓൺ ഫുഡ് ക്രൈസിസ്’ മുന്നറിയിപ്പ് നൽകുന്നു. സഹായവിതരണം പ്രതിസന്ധിയിലായതാണ് ഈ വർഷം കൊടുംപട്ടിണിക്കാരുടെ എണ്ണം കുറയ്ക്കാൻ കഴിയാത്ത സാഹചര്യമുണ്ടാകാൻ കാരണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

65 രാജ്യങ്ങളിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ‘ഗ്ലോബൽ റിപ്പോർട്ട് ഓൺ ഫുഡ് ക്രൈസിസ്’ തയ്യാറാക്കിയത്. പഠനവിധേയമാക്കിയ 64 രാജ്യങ്ങളിൽ 53 രാജ്യത്തിലുള്ളവരാണ് കൊടുംപട്ടിണിയിലുള്ള 29.5 കോടിയും. തുടർച്ചയായ ആറാംവർഷമാണ് പട്ടിണിക്കാരുടെ എണ്ണം കുത്തനെ കൂടുന്നത്.

സായുധസംഘർഷങ്ങളും മറ്റുപ്രതിസന്ധികളുമാണ് പട്ടിണിരൂക്ഷമാക്കാൻ കാരണം. ഗാസ, സുഡാൻ, മലി, യെമെൻ എന്നിവിടങ്ങളിൽ യുദ്ധവും ആഭ്യന്തരസംഘർഷങ്ങളും പട്ടിണിക്ക് ആക്കംകൂട്ടിയെന്ന് റിപ്പോർട്ടിൽ പറയുന്നു. യുദ്ധവും സംഘർഷവും 20-ഓളം രാജ്യങ്ങളെയോ ഭൂപ്രദേശങ്ങളെയോ ആണ് ബാധിച്ചിരിക്കുന്നത്. അവിടങ്ങളിൽമാത്രം 14 കോടിപ്പേർ കൊടുംപട്ടിണിയിലാണ്. കാലാവസ്ഥാപ്രതിസന്ധി 18 രാജ്യങ്ങളിലും സാമ്പത്തികപ്രതിസന്ധി 15 രാജ്യങ്ങളിലും പട്ടിണിയുണ്ടാക്കി. ഇവിടങ്ങളിൽമാത്രം 15 കോടിപ്പേർക്ക് ആവശ്യത്തിന് ആഹാരമില്ല.

ചെറുത്തുനിൽക്കാനുള്ള നമ്മുടെ ശേഷിയെക്കാൾ വേഗമാണ് ലോകത്ത് പട്ടിണിയും പോഷകാഹാരക്കുറവും പിടിമുറുക്കുന്നതെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ചൂണ്ടിക്കാട്ടുന്നു. ഉത്പാദിപ്പിക്കപ്പെടുന്ന ഭക്ഷണത്തിന്റെ 33 ശതമാനവും വെറുതേകളയുകയോ നഷ്ടപ്പെടുകയോ ചെയ്യുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *