Your Image Description Your Image Description

ദോഹ: സൗദി അറേബ്യ, ഖത്തർ, യുഎഇ എന്നീ രാജ്യങ്ങളിലേക്കുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ​സന്ദർശനത്തിന് നാളെ തുടക്കമാകും. ഖത്തർ രാജകുടുംബം ട്രംപിന് സമ്മാനമായി നൽകുന്നത് ആഡംബര ബോയിംഗ് 747-8 ജംബോ ജെറ്റ് വിമാനമെന്ന് വിവരങ്ങൾ. ഒരു വിദേശ രാജ്യത്തിന്റെ ഭരണകൂടത്തിൽ നിന്നും ഇതുവരെ ലഭിച്ച സമ്മാനങ്ങളിൽ ഏറ്റവും വിലപ്പെട്ടതായിരിക്കും ഇത്. ട്രംപ് ഭരണകൂടം ഇത് സ്വീകരിക്കാൻ സാധ്യതയുണ്ടെന്നും സമ്മാനമായി ലഭിക്കുന്ന ഈ ജെറ്റ് വിമാനം എയർഫോഴ്സ് വൺ ആയി ഉപയോ​ഗിക്കുമെന്നുമാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

എന്നാൽ സമ്മാനം സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുന്നത് ട്രംപ് ഖത്തറിൽ എത്തുമ്പോൾ ആയിരിക്കുമെന്ന് വിവരങ്ങൾ നൽകിയ ഉറവിടത്തെ ഉദ്ധരിച്ച് എബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു. സമ്മാനത്തെ സംബന്ധിച്ചോ ഇത് നിയമ പ്രകാരമാണോ നൽകുന്നതെന്നോ എബിസി റിപ്പോർട്ടുകളോട് വൈറ്റ് ഹൗസ് ഇതുവരെയും പ്രതികരിച്ചിട്ടില്ല. ഖത്തരി എംബസിയും ഇതിൽ പ്രതികരിച്ചിട്ടില്ല. എബിസി റിപ്പോർട്ടുകൾ പറയുന്നതനുസരിച്ച്, ട്രംപിന്റെ ഭരണ കാലാവധി അവസാനിക്കുന്നതിന് മുമ്പ് പ്രസിഡൻഷ്യൽ ലൈബ്രറിയിലേക്ക് ജെറ്റിന്റെ ഉടമസ്ഥാവകാശം കൈമാറുമെന്നും ഇത് നിയമപരമാണെന്നും യുഎസ് അറ്റോർണി ജനറൽ പാം ബോണ്ടിയും വൈറ്റ് ഹൗസിലെ ഉന്നത അഭിഭാഷകനായ ഡേവിഡ് വാരിങ്ടണും വിശകലനം ചെയ്തിട്ടുണ്ട്.

നാളെ മുതലാണ് ഡോണാൾഡ് ട്രംപിന്റെ ​ഗൾഫ് രാജ്യങ്ങളിലേക്കുള്ള സന്ദർശനം. യുഎഇ, ഖത്തർ, സൗദി അറേബ്യ എന്നിവിടങ്ങളാണ് ട്രംപ് സന്ദർശിക്കുന്നത്. ഖത്തർ രാജകുടുംബം സമ്മാനമായി നൽകുന്ന എയർക്രാഫ്റ്റിന് ഏകദേശം 400 മില്ല്യൺ ഡോളർ വില വരുമെന്നാണ് വ്യോമയാന വിദ​ഗ്ധർ പറയുന്നത്. 2029 ജനുവരി 1ന് മുമ്പ് വിമാനം ട്രംപ് പ്രസിഡൻഷ്യൽ ലൈബ്രറി ഫൗണ്ടേഷനിലേക്ക് മാറ്റുമെന്നും അതിന്റെ കൈമാറ്റവുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും യുഎസ് വ്യോമസേന വഹിക്കുമെന്നും എബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *