Your Image Description Your Image Description

തബൂക്ക് ∙ സൗദിയിലെ തബൂക്ക് നഗരത്തിൽ സൗദി പബ്ലിക് ട്രാൻസ്‌പോർട്ട് കമ്പനി (സാപ്റ്റ്കോ) പൊതുഗതാഗത ബസ് സർവീസുകൾ ആരംഭിച്ചു. കൂടുതൽ നഗരങ്ങളെ കേന്ദ്രീകരിച്ച് പൊതുഗതാഗത ശൃംഖല വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് തബൂക്കിലെ ഈ പദ്ധതിക്ക് തുടക്കമിട്ടത്. തബൂക്കിലെ അമീർ ഫഹദ് ബിൻ സുൽത്താൻ ബിൻ അബ്ദുൽ അസീസ് രാജകുമാരൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. സൗദിയിൽ ഇലക്ട്രിക് ബസുകൾ ഉപയോഗിച്ച് പൊതുഗതാഗത രംഗത്ത് സർവീസ് നടപ്പിലാക്കുന്ന ആദ്യത്തെ പദ്ധതിയാണ് ഇത്.

രാജ്യത്ത് നിലവിൽ 16 നഗരങ്ങളെ ഉൾക്കൊള്ളുന്ന പൊതുഗതാഗത പദ്ധതികൾ തുടരുമെന്നും, സൗദിയിലെ ഇടത്തരം, വൻകിട നഗരങ്ങളെ ഉൾപ്പെടുത്തിയുള്ള പൊതുഗതാഗത പദ്ധതികൾ വ്യാപകമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും ഗതാഗത, ലോജിസ്റ്റിക്സ് ഡെപ്യൂട്ടി മന്ത്രി ഡോ. റുമൈഹ് അൽ റുമൈഹ് സ്ഥിരീകരിച്ചു. പൊതുഗതാഗത സേവനങ്ങൾ ആവശ്യമുള്ള ഏതൊരു നഗരത്തിലും പദ്ധതി നടപ്പിലാക്കാൻ മന്ത്രാലയം ലക്ഷ്യമിടുന്നതായി അൽ റുമൈഹ് വിശദീകരിച്ചു. മിക്ക ഇടത്തരം, വൻകിട നഗരങ്ങളിലും ഈ പദ്ധതികൾ പ്രവർത്തിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്നും, തബൂക്ക് കൂടാതെ അൽ ഹസ, അബഹ, ഖമീസ് മുഷൈത്ത്, മറ്റ് നഗരങ്ങൾ എന്നിവിടങ്ങളിലേക്ക് പദ്ധതികൾ വരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *