Your Image Description Your Image Description

സംസ്ഥാനത്ത് നഗരമദ്ധ്യങ്ങളിൽ തന്നെ പെൺവാണിഭ സംഘങ്ങൾ പെരുകുന്നത് നിത്യകാഴ്ചയായി . ബസ്റ്റാന്റ് , റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിലുള്ള ലോഡ്ജുകളിലാണ് ഈ സംഘം പ്രവർത്തിക്കുന്നത് .
കോഴിക്കോട് റെയിൽവെ സ്‌റ്റേഷന് സമീപത്തുള്ള കെട്ടിടങ്ങളിൽ പ്രവർത്തിച്ചിരുന്ന പെൺവാണിഭ കേന്ദ്രത്തിൽ നിന്നും , കഴിഞ്ഞ ദിവസം അസം സ്വദേശിനിയായ 17കാരി രക്ഷപ്പെട്ട് മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിൽ അഭയം തേടിയിരുന്നു.

നടുക്കുന്ന വെളിപ്പെടുത്തലുകളാണ് പെൺകുട്ടി പൊലീസ് സ്റ്റേഷനിലെത്തി നടത്തിയത്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട അസം സ്വദേശിയായ യുവാവാണ് പെൺകുട്ടിയെ കേരളത്തിലെത്തിച്ചത്. 15,000 രൂപ മാസ ശമ്പളത്തിൽ ജോലി ശരിയാക്കിത്തരാമെന്ന് പറഞ്ഞായിരുന്നു യുവതിയെ കേരളത്തിൽ എത്തിച്ചത്.

ജോലിക്കെന്ന് പറഞ്ഞ് പെൺകുട്ടിയെ യുവാവ് പെൺവാണിഭ കേന്ദ്രത്തിലേക്കായിരുന്നു കൊണ്ടുവന്നത്. ഒരാഴ്ച മുമ്പ് പെൺകുട്ടി അതിസാഹസികമായി കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. തന്നെപ്പോലെ അഞ്ച് പെൺകുട്ടികൾ മുറിയിലുണ്ടായിരുന്നുവെന്ന് ഇവർ പൊലീസിനോട് വ്യക്തമാക്കി.

ഒരു ദിവസം മൂന്നും നാലും പേർ മുറിയിലെത്താറുണ്ടെന്നും ഞായറാഴ്ചകളിൽ ആറും ഏഴും പേരെ മുറിയിലേക്ക് യുവാവ് പ്രവേശിപ്പിക്കാറുണ്ടെന്നും പെൺകുട്ടിയുടെ മൊഴിയിൽ പറയുന്നു.
എപ്പോഴും മുറി പൂട്ടിയിട്ടാണ് യുവാവ് പുറത്തുപോകാറുള്ളത്.

ഒരാഴ്ച മുമ്പ് മുറിതുറന്ന് ഇയാൾ ഫോണിൽ സംസാരിച്ച് ടെറസിലേക്ക് പോയ സമയത്തായിരുന്നു പെൺകുട്ടി രക്ഷപ്പെട്ടത്. രക്ഷപ്പെടുന്നതിന്റെ തലേദിവസം പെൺകുട്ടിയെ ഇയാൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചിരുന്നു. ഓട്ടോറിക്ഷയിൽ പോകുന്ന സമയത്ത് മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷൻ ശ്രദ്ധയിൽപ്പെട്ടിരുന്നു.

കേന്ദ്രത്തിൽ നിന്നും പുറത്തിറങ്ങിയ പെൺകുട്ടി ഒരു ഓട്ടോറിക്ഷയിൽ കയറി മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിൽ എത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു. പെൺകുട്ടി സ്റ്റേഷനിൽ എത്തി പ്രശ്നം അറിയിച്ചതോടെ പൊലീസ് ശിശുക്ഷേമ സമിതിയെ വിവരം അറിയിച്ചു.

സമിതി കുട്ടിക്ക് കൗൺസിലിംഗ് നൽകി വൈദ്യപരിശോധന നടത്തി വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റി. പെൺകുട്ടിയുടെ കയ്യിലുണ്ടായിരുന്ന ആധാർ കാർഡിൽ 20 വയസാണ് രേഖപ്പെടുത്തിയത്. എന്നാൽ ചോദ്യം ചെയ്തപ്പോൾ ഇത് യുവാവ് വ്യാജമായി നിർമ്മിച്ചതാണെന്ന് കണ്ടെത്തി. ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

ഇതുപോലെ എറണാകുളത്തും തിരുവനന്തപുരത്തുമെല്ലാം ഈ സംഘങ്ങൾ സജീവമാണ് . കഴിഞ്ഞ ദിവസം മസ്സാജിങ് സെന്ററുകളുടെ മറവിൽ നടത്തുന്ന അനാശാസ്യ പ്രവർത്തനങ്ങളും , ലഹരി ഉപയോഗവും പോലീസ് റെയ്‌ഡുമൊക്കെ പലയിടത്തും നടന്നിരുന്നു .

പലയിടത്തും പോലീസ് കണ്ടില്ലെന്ന് നടിക്കുകയാണ് . പോലീസ് മനസ്സുവെച്ചാൽ ഏറെക്കുറെ നിർത്തലാക്കാൻ സാധിക്കും .

Leave a Reply

Your email address will not be published. Required fields are marked *