Your Image Description Your Image Description

കാന്‍പുര്‍: തങ്ങളുടെ മകനൊപ്പം മകന്റെ പെണ്‍സുഹൃത്തിനെയും മാതാപിതാക്കള്‍ നടുറോഡിലിട്ട് മര്‍ദ്ദിച്ചു. ഉത്തര്‍പ്രദേശിലെ കാന്‍പുരിലെ ഗുജൈനിയിലാണ് സംഭവമുണ്ടായത്. ശിവ് കിരണ്‍ – സുശീല ദമ്പതിമാരാണ് ഇവരുടെ 21 വയസുകാരനായ മകന്‍ രോഹിത്തിനെയും ഇയാളുടെ പെണ്‍സുഹൃത്തിനെയും പരസ്യമായി മര്‍ദിച്ചത്. ഇതിന്റെ ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

വെള്ളിയാഴ്ചയാണ് സംഭവം നടന്നതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ അടക്കമുള്ള മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. മകനെ പെണ്‍സുഹൃത്തിനൊപ്പം കണ്ടതാണ് മാതാപിതാക്കളെ പ്രകോപിപ്പിച്ചതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

രോഹിത്തും പെണ്‍സുഹൃത്തും റോഡരികിലെ ഭക്ഷണശാലയില്‍നിന്ന് ചൗമെയ്ന്‍ കഴിക്കുന്നതിനിടെയാണ് മകനെ മാതാപിതാക്കള്‍ കണ്ടത്. മകനൊപ്പം പെണ്‍സുഹൃത്തിനെ കണ്ടതോടെ ഇവരുടെ നിയന്ത്രണംനഷ്ടമായി. പിന്നാലെ ദമ്പതിമാര്‍ മകനെയും പെണ്‍സുഹൃത്തിനെയും പരസ്യമായി മര്‍ദിക്കുകയായിരുന്നു.

രോഹിത്തും പെണ്‍സുഹൃത്തും സ്‌കൂട്ടറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ അമ്മയായ സുശീല ഇവരെ തടഞ്ഞുനിര്‍ത്തി. തുടര്‍ന്ന് മകനെ തുടരെത്തുടരെ അടിക്കുകയും പെണ്‍കുട്ടിയുടെ മുടിയില്‍ പിടിച്ചുവലിക്കാന്‍ ശ്രമിക്കുകയുംചെയ്തു. ഇതിനിടെ, രോഹിത്തിനെ അച്ഛന്‍ ചെരിപ്പുകൊണ്ടും അടിച്ചു. സംഭവം കണ്ടെത്തിയ നാട്ടുകാര്‍ ദമ്പതിമാരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെ പോലീസ് സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്.

പോലീസ് ഇടപെട്ട് സംസാരിച്ചാണ് ഇരുകൂട്ടരെയും പറഞ്ഞുവിട്ടതെന്ന് ഗുജൈനി പോലീസ് സ്‌റ്റേഷന്‍ ഓഫീസര്‍ ഇന്‍-ചാര്‍ജ് വിനയ് തിവാരി മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടത്തുന്നുണ്ടെന്നും ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *