Your Image Description Your Image Description

ഈ വർഷം ആദ്യപാദത്തിൽ ഷാർജ വിമാനത്താവളത്തിലൂടെ 45 ലക്ഷത്തിലേറെ യാത്രക്കാർ യാത്ര ചെയ്‌തതായി അധികൃതർ അറിയിച്ചു. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 8 ശതമാനം വർധനയാണിത്. മേഖലയിലെ മുൻനിര വ്യോമയാന കേന്ദ്രങ്ങളിലൊന്നായും ലോകത്തെങ്ങുമുള്ള യാത്രക്കാർക്ക് പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമായും ഷാർജ വിമാനത്താവളം അവരുടെ സ്‌ഥാനം കൂടുതൽ ഉറപ്പിച്ചു.

27,000ത്തിലേറെ വിമാന സർവീസുകളാണ് വിമാനത്താവളം രേഖപ്പെടുത്തിയത്. 52,000 ടണ്ണിലധികം ചരക്ക് കൈകാര്യം ചെയ്‌തു. കൂടാതെ കടൽ-വായു കാർഗോ പ്രവർത്തനങ്ങളിലൂടെ 3,000 ടൺ കൂടി കൈകാര്യം ചെയ്‌തു. പ്രവർത്തനങ്ങളുടെ വൈവിധ്യം, വിമാനത്താവളത്തിന്റെ അടിസ്‌ഥാന സൗകര്യങ്ങളുടെ കാര്യക്ഷമത, വ്യോമഗതാഗതത്തിനും ലോജിസ്‌റ്റിക് സേവനങ്ങൾക്കുമുള്ള വർധിച്ചുവരുന്ന ആവശ്യകതയുമായി ചേർന്നുപോകാനുള്ള കഴിവ് എന്നിവയാണ് ഈ നേട്ടത്തിനു പിന്നിലെ കാരണങ്ങൾ.

2025ലെ ആദ്യ പാദത്തിൽ ഷാർജ വിമാനത്താവളത്തിന്റെ സ്വകാര്യ വ്യോമയാന മേഖലയിൽ അസാധാരണമായ വളർച്ച റിപ്പോർട്ട് ചെയ്‌തു. മുൻ വർഷത്തെ അപേക്ഷിച്ച് സ്വകാര്യ വിമാന സേവനങ്ങളിൽ 26.4 ശതമാനം വർധനവ് രേഖപ്പെടുത്തി. സ്വകാര്യ ജെറ്റുകൾക്കായുള്ള ഗ്രൗണ്ട് ഹാൻഡ്‌ലിങ് സേവനങ്ങളുടെ മുൻനിര ദാതാവായ ഗാമ ഏവിയേഷന്റെ സേവനങ്ങളാണ് സ്വകാര്യ വ്യോമയാനത്തിലൂടെയുള്ള യാത്രക്കാരുടെ എണ്ണത്തിൽ 20 ശതമാനം വർധനവിന് കാരണമായത്.

Leave a Reply

Your email address will not be published. Required fields are marked *