Your Image Description Your Image Description

സാധാരണ നിലയില്‍ പ്രഖ്യാപിക്കാറുള്ള നികുതി ഇളവുകള്‍ക്ക് പുറമെ, ഇലക്ട്രിക് വാഹനങ്ങളെ ടോളില്‍ നിന്ന് ഒഴിവാക്കി മഹാരാഷ്ട്ര സര്‍ക്കാര്‍. ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള സംവിധാനങ്ങള്‍ സംസ്ഥാന വ്യാപകമായി സ്ഥാപിക്കുകയാണ് നയത്തിലെ മറ്റൊരു ലക്ഷ്യം. 2030 വരെ നീളുന്ന ദീര്‍ഘകാല ഇലക്ട്രിക് വാഹന നയമാണ് മഹാരാഷ്ട്ര പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനായി 1993 കോടി രൂപയാണ് സര്‍ക്കാര്‍ ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മാണവും ഉപയോഗവും വര്‍ധിപ്പിക്കുകയെന്നതാണ് പ്രഥമിക ലക്ഷ്യം. പാസഞ്ചര്‍ ഇലക്ട്രിക് വാഹനങ്ങള്‍ സ്വന്തമാക്കുന്നവര്‍ക്ക് സബ്സിഡി ഉറപ്പാക്കും. ദേശീയപാതയില്‍ 25 കിലോമീറ്റര്‍ ഇടവിട്ട് ഒരു ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷന്‍ സ്ഥാപിക്കുമെന്നും ഇവി പോളിസിയില്‍ പറയുന്നു.

ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍, മുച്ചക്ര വാഹനങ്ങള്‍, സ്വകാര്യ ഇലക്ട്രിക് കാറുകള്‍, സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ ബസുകള്‍, സ്വകാര്യ ബസുകള്‍ എന്നിവയ്ക്ക് അതിന്റെ വിലയുടെ പത്ത് ശതമാനം ഇളവ് നല്‍കാനാണ് പോളിസിയില്‍ നിര്‍ദേശിച്ചിരിക്കുന്നത്. മുച്ചക്ര ഇലക്ട്രിക് ഗുഡ്സ് വാഹനം, ഫോര്‍ വീലര്‍, ഇലക്ട്രിക് ട്രാക്ടറുകള്‍ എന്നിവയ്ക്ക് വിലയുടെ 15 ശതമാനം ഇളവ് നല്‍കാനും, എല്ലാ ഇലക്ട്രിക് വാഹനങ്ങള്‍ക്കും രജിസ്ട്രേഷന്‍ ഫീസ് ഒഴിവാക്കുമെന്നും ഇലക്ട്രിക് വാഹന നയത്തില്‍ പറയുന്നു.

ഫോര്‍ വീലര്‍ ഇലക്ട്രിക് വാഹനങ്ങള്‍, ഇലക്ട്രിക് ബസുകള്‍ തുടങ്ങിയവയെ മുംബൈ-പൂനെ എക്സ്പ്രസ്വേ, അടല്‍ സേതു, സമൃദ്ധി മഹാമാര്‍ഗ് എന്നിവിടങ്ങളിലെ ടോളില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. ഇതിനുപുറമെ, മഹാരാഷ്ട്ര സംസ്ഥാന പാതകളിലും ദേശീയപാതകളിലും ഈ വാഹനങ്ങള്‍ക്ക് പകുതി ടോള്‍ നല്‍കിയാല്‍ മതിയെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. പുതിയ ഇലക്ട്രിക് വാഹന നയത്തിന് മന്ത്രിസഭ അംഗീകാരം നല്‍കിയെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *