Your Image Description Your Image Description

കേരള ലോട്ടറി അടിമുടി മാറി . കൂടുതൽ സമ്മാനവും കൂടുതൽ തുകയും ലോട്ടറി ടിക്കറ്റുകളെ ആകർഷകമാക്കുന്നു .ഒരു കോടി രൂപ ഒന്നാം സമ്മാനമുള്ള 50 രൂപയുടെ പുതിയ ലോട്ടറി ടിക്കറ്റിന്റെ ആദ്യ നറുക്കെടുപ്പ് മേയ് രണ്ടിന് നടക്കും. വെള്ളിയാഴ്ചയിലെ ‘സുവർണ കേരളം” ടിക്കറ്റാണ് ആദ്യം നറുക്കെടുക്കുന്നത്. രണ്ടാം സമ്മാനം 30 ലക്ഷം രൂപയും മൂന്നാം സമ്മാനം 25 ലക്ഷം രൂപയുമാണ്. ആകെ 24,11,67,000 രൂപയുടെ 6,54,507 സമ്മാനങ്ങളുണ്ട്.

സംസ്ഥാനത്തെ ഏഴ് ലോട്ടറികളുടെയും ഒന്നാംസമ്മാനം ഒരുകോടി രൂപയാക്കിയും ടിക്കറ്റ് വില 50 രൂപയാക്കിയും ലോട്ടറി വകുപ്പ് നേരത്തേ ഉത്തരവിറക്കിയിരുന്നു. നാലു ലോട്ടറികളുടെ പേരും മാറ്റി. നിർമ്മൽ ഭാഗ്യക്കുറിയാണ് സുവർണ കേരളമാക്കിയത്. എല്ലാ ടിക്കറ്റിന്റെയും കുറഞ്ഞ സമ്മാനത്തുക ടിക്കറ്റിന്റെ വിലയായ 50 രൂപയാണ്.

ഇതുവരെ, ബുധനാഴ്ച നറുക്കെടുക്കുന്ന 50 രൂപയുടെ ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിക്ക് മാത്രമായിരുന്നു ഒരുകോടി സമ്മാനം. മറ്റുള്ളവയ്ക്ക് 40 രൂപയായിരുന്നു. ഫിഫ്റ്റി-ഫിഫ്റ്റി 96 ലക്ഷവും മറ്റുള്ളവ 1.8 കോടിയും ടിക്കറ്റുകളാണ് അച്ചടി​ച്ചി​രുന്നത്. ഇനി​ എല്ലാ ടിക്കറ്റുകളും 1.8 കോടിയാക്കും. ഡി​മാൻഡുള്ളവയുടെ എണ്ണം കൂട്ടും.

ഏജന്റുമാരുടെ പ്രതിഷേധം ഒഴിവാക്കാനാണ് മിനിമം സമ്മാനത്തുക 100 രൂപയിൽനിന്ന് 50 രൂപയാക്കുന്നത് . അതുവഴി കൂടുതൽ പേർക്ക് സമ്മാനത്തുക കിട്ടുമെന്നും കൂടുതൽ പേരിൽനിന്ന് ഏജന്റുമാർക്ക് സമ്മാന കമ്മിഷൻ കിട്ടുമെന്നും ലോട്ടറി വകുപ്പ് പറയുന്നു.

ടിക്കറ്റ് വില കൂട്ടുമ്പോൾ ക്ഷാമം കുറയുമെന്ന് ലോട്ടറി വകുപ്പ് പ്രതീക്ഷിക്കുന്നു. അതനുസരിച്ചാണ് സമ്മാനഘടനയും പരിഷ്കരിക്കുന്നത് . ആളുകൾ ലോട്ടറി ടിക്കറ്റെടുക്കുന്നത് കൂടിയിട്ടുണ്ട്‌. അതനുസരിച്ച് ഏജന്റുമാരുടെയും നടന്നുവില്പനക്കാരടക്കമുള്ളവരുടെയും എണ്ണവും കൂടി. ഉച്ചയ്ക്കുശേഷം മൂന്നുമണിക്കാണ് ദിവസവും നറുക്കെടുപ്പ്.

കൂടുതലാളുകൾ ലോട്ടറിയെടുപ്പിക്കാനുള്ള ഒരു തന്ത്രം കൂടിയാണിത് , നമ്മുടെ നാട്ടിൽ ഭാഗ്യാന്വേഷികൾ കൂടിക്കൂടി വരുന്നത് മുതലാക്കുകയും ചെയ്യാം , ഖജനാവിൽ പണവും വരും . ചുരുക്കത്തിൽ കാക്കയുടെ വിശപ്പും തീരും , പശുവിന്റെ കടിയും മാറും .

Leave a Reply

Your email address will not be published. Required fields are marked *