Your Image Description Your Image Description

ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടന്മാരായ ഷൈൻ ടോമിനെയും ശ്രീനാഥ്‌ ഭാസിയെയും പാലക്കാട് സ്വദേശിയായ വനിതാ മോഡലിനെയും നാളെ ചോദ്യം ചെയ്യും. ഒന്നാംപ്രതി കണ്ണൂർ സ്വദേശി തസ്‌ലിമ സുൽത്താന (ക്രിസ്റ്റീന–43), മൂന്നാം പ്രതിയും ഇവരുടെ ഭർത്താവുമായ ചെന്നൈ എണ്ണൂർ സത്യവാണി മുത്തുനഗർ സ്വദേശി സുൽത്താൻ അക്ബർ അലി (43) തുടങ്ങിയവരുടെ മൊഴിയുമായി ബന്ധമുണ്ടോയെന്ന് അറിയാനാണ് നടന്മാരെ ചോദ്യം ചെയ്യുന്നത്. ഹാജരാകാൻ എക്സൈസ് ഇവർക്ക് നോട്ടീസ് നൽകിയിരുന്നു. നടന്മാർക്ക് പുറമെ ഒരു നിർമാതാവ്, കൊച്ചിയിലെ മോഡൽ ആയ യുവതി, മുൻ ബിഗ് ബോസ് താരം എന്നിവർക്കും എക്സൈസ് നോട്ടീസ് നല്‍കിയിട്ടുണ്ട്.

പ്രതി തസ്ലിമ ഇവരുമായി ലഹരി ഇടപാട് നടത്തിയതിന്‍റെ കാര്യമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെങ്കിലും പലതവണ സാമ്പത്തിക ഇടപാട് നടത്തിയതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ഇത് എന്തിനു വേണ്ടിയാണെന്നതിൽ വ്യക്തത വരുത്താനാണ് ഇവരെ വിളിച്ചു വരുത്തുന്നത്. ലഹരി ഇടപാടുമായി ഇവർക്ക് ബന്ധമുണ്ടോ എന്നും പരിശോധിക്കും. കസ്റ്റഡിയിൽ വാങ്ങിയ മൂന്ന് പ്രതികളെയും ഒരുമിച്ചും ഒറ്റക്കിരുത്തിയും അന്വേഷണ സംഘം ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിൽ പ്രതികൾ പൂർണമായും സഹകരിച്ചില്ലെങ്കിലും ശാസ്ത്രീയ തെളിവുകളുടെ പിൻബലത്തിൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ കഴിഞ്ഞെന്നാണ് അന്വേഷണം സംഘം വിലയിരുത്തുന്നത്.

എറണാകുളത്തെ ഇവർ താമസിച്ച രണ്ട് ഹോട്ടലുകളിലും സുഹൃത്തിന്‍റെ ഫ്ലാറ്റിലും എത്തിച്ച് തെളിവെടുപ്പും പൂർത്തിയാക്കി. തസ്ലിമയുടെ പെൺവാണിഭ ഇടപാടുകളെക്കുറിച്ചും സുൽത്താൻ അക്ബർ അലിയുടെ രാജ്യന്തര സ്വർണക്കടത്തിനെ കുറിച്ചും എക്സൈസിന് ചില സൂചനകൾ ലഭിച്ചിട്ടുണ്ട്. ഇതു പൊലീസിന് കൈമാറാനാണ് ആലോചന. ആലപ്പുഴയിലേക്ക് കൊണ്ടുവന്ന രണ്ടുകോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് ഈ മാസം ഒന്നാം തീയതിയാണ് എക്സൈസ് പിടികൂടിയത്. നടന്മാരുമായി കഞ്ചാവ് കേസിലെ പ്രതി തസ്ലിമയുടെ വാട്സ്ആപ്പ് ചാറ്റുകള്‍ ഉള്‍പ്പടെ ശേഖരിച്ച ശേഷമാണ് എക്സൈസിന്‍റെ നീക്കം. തസ്ലിമയുടെ ഫോണില്‍ കൂടുതല്‍ ചാറ്റുകള്‍ കണ്ടെത്തിയത് ശ്രീനാഥ് ഭാസിയുമായിട്ടുള്ളതാണ്.

ഷൈൻ ടോം ചാക്കോയെയും മറ്റ് നടൻമാരെയും അറിയാമെന്ന് തസ്ലിമ എക്സൈസിനോട് വെളിപ്പെടുത്തിയിരുന്നു. ഷൈൻ ടോം ചാക്കോയുമായി ഒരുമിച്ച് ലഹരി ഉപയോഗിച്ചിട്ടുണ്ടെന്നും തസ്ലിമ എക്സൈസിന് മൊഴി നൽകിയിരുന്നു. തസ്ലിമയെ അറിയാമെന്ന് ഷൈൻ ടോം ചാക്കോയും കൊച്ചിയിൽ അറസ്റ്റിലായപ്പോൾ മൊഴി നൽകിയിട്ടുണ്ട്. ഇരുവരും തമ്മിൽ ലഹരി ഇടപാട് നടന്നിട്ടുണ്ടോ എന്നാണ് എക്സൈസ് പരിശോധിക്കുന്നത്. അതിനിടെ രണ്ടു കോടി രൂപയുടെ ഹൈബ്രി‍‍‍ഡ് കഞ്ചാവുമായി അറസ്റ്റിലായ പ്രതികളെക്കുറിച്ചു കേന്ദ്ര ഏജൻസികളും അന്വേഷിക്കുന്നുവെന്നാണ് വിവരം. രാജ്യാന്തര തലത്തിൽ സ്വർണം, ലഹരി കടത്ത് നടത്തിയതായി വ്യക്തമായതോടെയാണു കേസിലെ ഒന്നാംപ്രതി കണ്ണൂർ സ്വദേശി തസ്‌ലിമ സുൽത്താന (ക്രിസ്റ്റീന–43), മൂന്നാം പ്രതിയും ഇവരുടെ ഭർത്താവുമായ ചെന്നൈ എണ്ണൂർ സത്യവാണി മുത്തുനഗർ സ്വദേശി സുൽത്താൻ അക്ബർ അലി (43) എന്നിവരെക്കുറിച്ചു കേന്ദ്ര ഏജൻസികൾ എക്സൈസിൽ നിന്നു വിവരം ശേഖരിച്ചത്.

പ്രതികൾ മലേഷ്യയിൽ നിന്നാണു ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സ്വർണക്കടത്തു കേസിൽ 2017ൽ ഡൽഹിയിൽ അറസ്റ്റിലായ തസ്‌ലിമ തിഹാർ ജയിലിൽ തടവിൽ കഴിഞ്ഞിട്ടുണ്ട്. പിന്നീടും പലതവണ സ്വർണം കടത്തിയതായി എക്സൈസ് കണ്ടെത്തി. സ്വർണക്കടത്തിൽ എക്സൈസിനു നടപടി എടുക്കാനാകില്ല. അതേസമയം, കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിൽ കൂടുതൽ വിവരം ലഭിച്ചാൽ അവർക്കു കേസെടുക്കാം. പ്രതികളുടെ ചോദ്യം ചെയ്യൽ കഴിഞ്ഞതോടെ, ഇവരുമായി ഇടപാടുകൾ നടത്തിയവരുടെ മൊഴി എടുക്കുകയാണ് അന്വേഷണ സംഘം. സിനിമാ മേഖലയിലെ ചിലരെ ഉൾപ്പെടെ ഇന്നലെ എറണാകുളത്ത് കണ്ട് മൊഴിയെടുത്തു. ഒരു മാസത്തിനകം കുറ്റപത്രം സമർപ്പിക്കാനാണ് എക്സൈസ് നടപടികൾ വേഗത്തിലാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *