Your Image Description Your Image Description

മോസ്കോ: റഷ്യൻ സൈന്യത്തി​ന്റ ഭാ​ഗമായി യുദ്ധം നടത്തുന്നതിനിടെ സിഐഎ ഡെപ്യൂട്ടി ഡയറക്ടറുടെ മകൻ കൊല്ലപ്പെട്ടു. കിഴക്കൻ യുക്രൈനിൽ റഷ്യൻ സൈന്യത്തിനായി പോരാടുന്നതിനിടെ കൊല്ലപ്പെട്ടെന്ന് സ്വതന്ത്ര റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സിഐഎ ഡിജിറ്റൽ ഇന്നൊവേഷൻ ഡെപ്യൂട്ടി ഡയറക്ടർ ജൂലിയൻ ഗാലിനയുടെ മകൻ 21 കാരനായ മൈക്കൽ അലക്സാണ്ടർ ഗ്ലോസാണ് കൊല്ലപ്പെട്ടത്. റഷ്യയ്ക്കായി യുദ്ധം ചെയ്യുന്നതിനിടെയാണ് കൊല്ലപ്പെട്ടത്.

21കാരനായ മൈക്കൽ അലക്സാണ്ടർ ഗ്ലോസ് 2024 ഏപ്രിൽ 4ന് കിഴക്കൻ യൂറോപ്പിൽ മരിച്ചു എന്നാണ് അദ്ദേഹത്തിന്‍റെ കുടുംബം നേരത്തെ അറിയിച്ചിരുന്നത്. റഷ്യയെയോ യുക്രൈനെയോ പരാമർശിക്കാതെ ആയിരുന്നു കുറിപ്പ്. 2024 ഫെബ്രുവരിയിൽ സെൻട്രൽ ഇന്‍റലിജൻസ് ഏജൻസിയിൽ ഡിജിറ്റൽ ഇന്നൊവേഷൻ ഡെപ്യൂട്ടി ഡയറക്ടറായി നിയമിതയായ ജൂലിയൻ ഗാലിനയുടെ മകനാണ് ഗ്ലോസ്.

ഐസ്റ്റോറീസ് എന്ന വെബ്സൈറ്റ് അന്വേഷണത്തിലൂടെ കണ്ടെത്തിയത് 2022 ഫെബ്രുവരി മുതൽ റഷ്യൻ സൈന്യവുമായി കരാറിൽ ഒപ്പുവച്ച 1,500-ലധികം വിദേശികളിൽ ഒരാളാണ് ഗ്ലോസ് എന്നാണ്. എൻറോൾമെന്റ് ഡാറ്റാബേസ് ചോർന്നതോടെയാണ് ഈ വിവരം പുറത്തുവന്നത്. 2023 ഡിസംബറിൽ റഷ്യയ്ക്കായുള്ള മുൻനിര പോരാട്ടത്തിൽ ഗ്ലോസ് ഉണ്ടായിരുന്നു എന്നാണ് ഐസ്റ്റോറീസ് റിപ്പോർട്ട് ചെയ്തത്. സോളെദാർ നഗരത്തിനടുത്തുള്ള യുക്രൈന്‍ പ്രദേശം ആക്രമിക്കാൻ അയച്ച റഷ്യൻ വ്യോമസേനാ റെജിമെന്‍റിൽ ഗ്ലോസും ഉണ്ടായിരുന്നു എന്നാണ് കണ്ടെത്തൽ.

സർവകലാശാലയിൽ പഠിക്കുമ്പോൾ ഗ്ലോസ് ലിംഗസമത്വത്തിനായും പരിസ്ഥിതി സംരക്ഷണത്തിനായുമുള്ള കൂട്ടായ്മകളിൽ സജീവമായിരുന്നു. ഇടതുപക്ഷ പരിസ്ഥിതി പ്രതിഷേധ ഗ്രൂപ്പായ റെയിൻബോ ഫാമിലിയിൽ അംഗമായിരുന്നു. 2023ൽ ഭൂകമ്പത്തിന് പിന്നാലെ 56,000-ത്തിലധികം പേർ മരിച്ച തുർക്കിയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. ഇസ്രായേലിനും ഗാസയിലെ യുദ്ധത്തിനും പിന്തുണ നൽകിയ അമേരിക്കയുടെ നടപടിയോടും ഗ്ലോസിന് എതിർപ്പുണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്.

തുർക്കിയിൽ പോയതിന് പിന്നാലെ ഗ്ലോസ് റഷ്യയിൽ പോകാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു എന്നാണ് റിപ്പോർട്ട്. റഷ്യയിലേക്കുള്ള വിസ ലഭിച്ചതിനു ശേഷം മോസ്കോയിൽ എത്തി. റഷ്യൻ സൈന്യത്തിൽ ചേർന്നു. അവിടെ നടന്ന സൈനിക പരിശീലനത്തിന്‍റെ ചിത്രങ്ങൾ ഐസ്റ്റോറീസിന് ലഭിച്ചു. ഗ്ലോസിന്‍റെ ചില സുഹൃത്തുക്കൾ പറയുന്നത് അദ്ദേഹത്തിന് യുദ്ധം ചെയ്യാൻ താൽപ്പര്യമുണ്ടായിരുന്നില്ലെന്നും റഷ്യൻ പാസ്‌പോർട്ട് ലഭിക്കാനും രാജ്യത്ത് തുടരാനും സൈന്യം അനുവദിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നുമാണ്.

ഗ്ലോസിന്റെ മരണത്തെക്കുറിച്ച് റഷ്യൻ സർക്കാർ അദ്ദേഹത്തിന്റെ കുടുംബത്തെ അറിയിച്ചിരുന്നുവെങ്കിലും വിശദാംശങ്ങൾ പൂർണമായി നൽകിയില്ലെന്ന് ഒരു സുഹൃത്ത് പറഞ്ഞു. യുക്രൈന്‍റെ അതിർത്തിക്കുള്ളിൽ മരിച്ചുവെന്ന് അറിയിച്ചു. അദ്ദേഹം യുദ്ധത്തിനിടെയാണോ കൊല്ലപ്പെട്ടതെന്ന് അറിയില്ലെന്നും സുഹൃത്ത് പറഞ്ഞതായി ഐ സ്റ്റോറീസ് റിപ്പോർട്ട് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *