Your Image Description Your Image Description

തിരുവനന്തപുരം: സിഎംആർഎല്ലിന് സേവനം നൽകാതെ പണം കൈപ്പറ്റി എന്നു മൊഴി നൽകിയിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ. എസ്എഫ്ഐഒക്ക് മൊഴി നൽകി എന്നത് വാസ്തവ വിരുദ്ധമാണെന്ന് വീണ പറഞ്ഞു. മാധ്യമങ്ങളിൽ പ്രചരിക്കുന്ന വിധം മൊഴി നൽകിയിട്ടില്ല. താനോ എക്‌സാ ലോജിക്കോ സേവനം നൽകാതെ പണം കൈപ്പറ്റിയിട്ടില്ലെന്നും വീണ വ്യക്തമാക്കി. ഇപ്പോൾ ചിലർ പ്രചരിപ്പിക്കുന്ന തരത്തിൽ ഒരു മൊഴിയും ഞാൻ നൽകിയിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ മൊഴി നൽകുകയും അത് അവർ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട് എന്നത് വസ്തുതയാണ്. പക്ഷേ ഞാനോ എക്സാലോജിക് സൊല്യൂഷൻസോ സേവനങ്ങൾ നൽകാതെ പണം കൈപ്പറ്റി എന്ന തരത്തിലുള്ള ഏതെങ്കിലും മൊഴി അവിടെ നൽകിയിട്ടില്ല. വാസ്തവ വിരുദ്ധമാണ് ഇത്തരം പ്രചാരണങ്ങളെന്ന് ഒരിക്കൽ കൂടി വ്യക്തമാക്കുന്നുവെന്നും വീണ വിജയൻ കുറിപ്പിലൂടെ വ്യക്തമാക്കി. സിഎംആര്‍എല്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ ആദ്യമായാണ് വീണയുടെ പ്രതികരണം.

‘സിഎംആര്‍എല്ലില്‍ നിന്ന് കരാറനുസരിച്ചുള്ള സേവനങ്ങള്‍ നല്‍കാതെ പണം കൈപ്പറ്റി എന്ന് എസ്എഫ്‌ഐഓയ്ക്ക് ഞാന്‍ സ്റ്റേറ്റ്‌മെന്റ് നല്‍കി എന്ന പ്രചാരണം തികച്ചും വസ്തുതാവിരുദ്ധമാണ്. ഇത്തരം ചില വാര്‍ത്തകള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഇപ്പോള്‍ ചിലര്‍ പ്രചരിപ്പിക്കുന്ന തരത്തില്‍ ഒരു മൊഴിയും ഞാന്‍ നല്‍കിയിട്ടില്ല. ഞാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ മൊഴി നല്‍കുകയും അത് അവര്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട് എന്നത് വസ്തുതയാണ്. പക്ഷേ ഞാനോ എക്‌സാലോജിക് സൊല്യൂഷന്‍സോ സേവനങ്ങള്‍ നല്‍കാതെ സിഎംആര്‍എല്ലില്‍ നിന്ന് എന്തെങ്കിലും പണം കൈപ്പറ്റി എന്ന തരത്തിലുള്ള ഏതെങ്കിലും മൊഴി അവിടെ നല്‍കിയിട്ടില്ല. വാസ്തവ വിരുദ്ധമാണ് ഇത്തരം പ്രചാരണങ്ങളെന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കുന്നു.’, വീണ ടി പ്രസ്താവനയില്‍ പറഞ്ഞു.

സിഎംആര്‍എൽ-എക്സാലോജിക് മാസപ്പടി ഇടപാടിൽ സിഎംആര്‍എല്ലിന് സേവനം നൽകിയിട്ടില്ലെന്ന് വീണ സമ്മതിച്ചതായാണ് എസ്എഫ്ഐഒ കുറ്റപത്രം. കുറ്റപത്രത്തിൽ എസ്എഫ്ഐഒ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. കുറ്റപത്രത്തിലെ വീണയുടെ മൊഴിയിലെ കൂടുതൽ വിവരങ്ങളാണ് പുറത്തുവന്നത്. അതേസമയം, സിഎംആര്‍എൽ-എക്സാലോജിക് മാസപ്പടി ഇടപാട് കേസ് കൂടുതൽ കേന്ദ്ര ഏജന്‍സികളിലേക്ക് എസ്എഫ്ഐഒ കൈമാറി. കേസിലെ അന്തിമ കുറ്റപത്രമാണ് കേന്ദ്ര ഏജന്‍സികള്‍ക്ക് കൈമാറിയത്. നാഷണൽ ഫിനാൻഷ്യൽ റിപ്പോർട്ടിങ് അതോറിറ്റി , റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, സെൻട്രൽ ഇക്കണോമിക് ഇന്റലിജൻസ് ബ്യൂറോ, നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ എന്നിവക്കാണ് കേസിലെ അന്വേഷണ വിവരങ്ങൾ കൈമാറിയത്.

Leave a Reply

Your email address will not be published. Required fields are marked *