Your Image Description Your Image Description

ന്യൂഡൽഹി: പഹൽ​ഗാം ഭീകരാക്രമണത്തി​ന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാനുമായുള്ള മുഴുവൻ ക്രിക്കറ്റ് ബന്ധവും വിച്ഛേദിക്കണമെന്ന് മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി. ഐ.സി.സി, ഏഷ്യൻ ടൂർണമെന്റുകളിൽ പോലും പാകിസ്താനുമായി ഇന്ത്യ കളിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാവർഷവും ഏതെങ്കിലും രീതിയിലുള്ള ഭീകരപ്രവർത്തനം പാകിസ്ഥാൻ ഇന്ത്യയിൽ നടത്തുന്നു. ഇനിയും ഇത് അംഗീകരിക്കാൻ സാധിക്കില്ല. പാകിസ്താനുമായുള്ള മുഴുവൻ ക്രിക്കറ്റ് ബന്ധവും ഇന്ത്യ അവസാനിപ്പിക്കണം. ഇക്കാര്യത്തിൽ കർശന നടപടി സ്വീകരിക്കണം. ഭീകരവാദത്തെ ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് ബി.സി.സി.ഐ വൈസ് ​പ്രസിഡന്റ് രാജീവ് ശുക്ല പറഞ്ഞു. പാകിസ്താനുമായി ദ്വിരാഷ്ട്ര ക്രിക്കറ്റ് പരമ്പരകൾ ഇന്ത്യ കളിക്കുന്നില്ല. ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യൻ ക്രിക്കറ്റ് ടീം പാകിസ്താനിലേക്ക് പോയില്ലെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഞങ്ങൾ കശ്മീർ ഭീകരാക്രമണത്തിലെ ഇരകൾക്കൊപ്പമാണ്. ഭീകരാക്രമണത്തെ ഞങ്ങൾ അപലപിക്കുന്നു. പാകിസ്താനുമായി ഞങ്ങൾ പരമ്പര കളിക്കില്ല. സർക്കാർ നിലപാടിനെ തുടർന്നാണ് ഇത്തരമൊരു തീരുമാനമെടുത്തത്. എന്നാൽ, ഐ.സി.സിയുമായുള്ള കരാർ പ്രകാരം അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ അതിഥേയത്വമരുളുന്ന ടൂർണമെന്റുകളിൽ പാകിസ്താനുമായി കളിക്കാതിരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *