Your Image Description Your Image Description

താരൻ, ചൊറിച്ചിൽ, അമിതമായ മുടികൊഴിച്ചിൽ എന്നിവയൊക്കെ മിക്കവരുടെയും പ്രശ്നമാണ്. മുടിയുടെ ആരോഗ്യത്തിന് ആവശ്യമായ പോഷകങ്ങളും, പരിചരണവും ലഭിക്കാത്തതാണ് ഇതിന് കാരണം. സമീകൃതമായ ആഹാര ശൈലിയോടൊപ്പം മുടിക്ക് കരുത്ത് പകരുന്ന ചില ശീലങ്ങളും പാലിക്കാം. അതിനായി കെമിക്കൽ ട്രീറ്റ്‌മെൻ്റുകൾ തേടേണ്ട. പ്രകൃതിദത്ത പ്രതിരോധ മാർഗങ്ങൾ ഒരുപാട് ലഭ്യമാണ്. തലമുടി ശരിയായി കഴുകി വൃത്തിയാക്കുക എന്നത് പ്രധാനമാണ്. അതിന് കെമിക്കൽ ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതിന് പകരം വീട്ടിൽ തന്നെ ലഭ്യമായ ജൈവ ചേരുവകൾ ഉപയോഗിച്ച് ഷാമ്പൂ തയ്യാറാക്കാം.

ചേരുവകൾ നോക്കാം

തേയില വെള്ളം- 1/2 ലിറ്റർ
ചെറുനാരങ്ങ- 1
ചെമ്പരത്തിപ്പൂവ്- 3
ചെമ്പരത്തി ഇല- ആവശ്യത്തിന്
മൈലാഞ്ചിയില- ആവശ്യത്തിന്
തുളിസിയില- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

കുറച്ച് വെള്ളം ഒരു പാത്രത്തിലെടുത്ത് ഒരു സ്പൂൺ തേയില ചേർത്ത് തിളപ്പിക്കാം. ശേഷം അത് തണുക്കാൻ മാറ്റി വെയ്ക്കാം. തണുത്ത തേയില വെള്ളത്തിലേയ്ക്ക് ഒരു നാരങ്ങ പിഴിഞ്ഞൊഴിക്കാം. ഇത് അരിച്ച് മറ്റൊരു ബൗളിലേയ്ക്കു മാറ്റാം. ഇതേ സമയം 3 ചെമ്പരത്തിപ്പൂവിൻ്റെ ഇതൾ, മൈലഞ്ചിയില, തുളിസിയില ഒരു പിടി എന്നിവ നന്നായി അരച്ചെടുക്കാം.

ഉപയോഗിക്കേണ്ട വിധം

കുളിക്കുന്നതിന് മുമ്പായി തലമുടി പലഭാഗങ്ങളായി വേർതിരിക്കാം. ശേഷം അരച്ചെടുത്ത ഇലകൾ തലയോട്ടിയിലും മുടിയിലും പുരട്ടി മൃദുവായി മസാജ് ചെയ്യാം. 10 മിനിറ്റ് കഴിഞ്ഞ് നാരങ്ങ ചേർത്ത തേയില വെള്ളം ഉപയോഗിച്ച് കഴുകി കളയാം. ആഴ്ചയിൽ രണ്ട് തവണയെങ്കിലും ഇതുപയോഗിക്കാം. മുടി കൊഴിച്ചിൽ, അകാലനര, താരൻ എന്നിവയ്ക്ക് മികച്ച പ്രതിവിധയാണിത്.

Leave a Reply

Your email address will not be published. Required fields are marked *