Your Image Description Your Image Description

ന്യൂഡൽഹി: ഇസ്രായേൽ വ്യോമാക്രമണത്തിനിടെ രണ്ടു കൈകളും നഷ്ടപ്പെട്ട 9 വയസ്സുകാര​ന്റെ ചിത്രത്തിന് വേൾഡ് പ്രസ് ഫോട്ടോ പുരസ്കാരം. ഇസ്രായേലിന്‍റെ വംശഹത്യയുടെ നേർക്കാഴ്ചയാണ് ഈ ചിത്രം. 2024 മാർച്ചിൽ ഇസ്രായേൽ വ്യോമാക്രമണത്തിനിടെയാണ് മഹ്മൂദ് അജൂറിന് കൈകൾ നഷ്ടപ്പെട്ടത്. ഖത്തർ ആസ്ഥാനമായ ദോഹയിലെ അഭയാർഥി ക്യാമ്പിൽവച്ച് സമർ അബു ഔഫ് ആണ് ഈ ചിത്രം പകർത്തിയത്. ന്യൂയോർക്ക് ടൈംസിൽ പ്രസിദ്ധീകരിച്ച ചിത്രം 59,319 എൻട്രികളെ പിന്തള്ളിയാണ് പുരസ്കാരത്തിനർഹമായത്.

‘ഇസ്രായേൽ ആക്രമണം ആരംഭിച്ചതിനു പിന്നാലെ മഹ്മൂദിന്‍റെ കുടുംബം വീടുവിട്ടിരുന്നു. സമീപത്തുണ്ടായിരുന്ന മറ്റൊരു കുടുംബത്തോട് ആക്രമണ വിവരം അറിയിക്കാൻ പോയതായിരുന്നു മഹ്മൂദ്. ഈ സമയത്തുണ്ടായ സ്ഫോടനത്തിൽ ഒരു കൈ അറ്റുപോകുകയും മറ്റേതിന്‍റെ ചലനശേഷി നഷ്ടപ്പെടുകയും ചെയ്തു. പിന്നീട് കുടുംബത്തെ ഖത്തറിലേക്ക് എത്തിക്കുകയായിരുന്നു. ചികിത്സ പൂർത്തിയാക്കിയ മഹ്മൂദ്, കാലുകൾ ഉപയോഗിച്ച് ഫോൺ ഉപയോഗിക്കാനും എഴുതാനും വാതിലുകൾ തുറക്കാനും പഠിക്കുകയാണ്’ -വേൾഡ് പ്രസ് ഫോട്ടോ പത്രക്കുറിപ്പിൽ അറിയിച്ചു.

അതേസമയം, ഔഫിന്‍റെയും സ്വദേശം ഗസ്സയാണ്. 2023 ഡിസംബറിൽ അവർ ദോഹയിലേക്ക് പലായനം ചെയ്തു. മഹ്മൂദ് താമസിക്കുന്ന അതേ അപ്പാർട്ട്മെന്‍റിലാണ് ഔഫും കഴിയുന്നത്. ഭക്ഷണം കഴിക്കാനും വസ്ത്രം ധരിക്കാനും ഉൾപ്പെടെ ദൈനംദിന ആവശ്യങ്ങൾക്കായി വേറൊരാളുടെ സഹായം വേണ്ട നിലയിലാണ് നിലവിൽ മഹ്മൂദ്. ഗസ്സയിൽ ഇസ്രായേലിന്‍റെ കണ്ണില്ലാ ക്രൂരതയിൽ ആയിരക്കണക്കിന് കുട്ടികളാണ് കൊല്ലപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *