Your Image Description Your Image Description

ഡൽഹി: വഖഫ് നിയമഭേദഗതി ഭരണഘടനാ വിരുദ്ധമെന്ന് വിധിച്ചാൽ താൻ രാജി നൽകുമെന്ന് സംയുക്ത പാർലമെൻററി സമിതി അദ്ധ്യക്ഷൻ ജഗദാംബിക പാൽ. വഖഫ് നിയമ ഭേദഗതിയിലെ പ്രധാന വ്യവസ്ഥകൾ മരവിപ്പിക്കേണ്ടി വന്നത് വൻ തിരിച്ചടിയായിരിക്കെ കോടതിയിൽ കൂടുതൽ രേഖകൾ നൽകാനുള്ള ശ്രമത്തിലാണ് കേന്ദ്ര സർക്കാർ. വഖഫ് ഭൂമിയെക്കുറിച്ച് മുസ്ലിംങ്ങൾ അടക്കം നൽകിയ പരാതികളുടെ വിശദാംശം കോടതിയിലെ സത്യവാങ്മൂലത്തിനൊപ്പം നൽകാനാണ് നീക്കം.

വഖഫ് നിയമ ഭേദഗതിയിൽ കോടതിയിൽ കൂടുതൽ രേഖകൾ നൽകാനുള്ള ശ്രമത്തിലാണ് കേന്ദ്ര സർക്കാർ. ആദ്യ ദിവസം കോടതി ഉന്നയിച്ച ചോദ്യങ്ങൾക്ക് സോളിസിറ്റർ ജനറൽ തുഷാർ മേത്തയ്ക്ക് കൃത്യം ഉത്തരം നൽകാനായില്ല. ഇതാണ് തിരിച്ചടിക്ക് കാരണം എന്ന് ബിജെപിയിൽ ചിലർ കരുതുന്നു. ഇന്നലെ സർക്കാർ തന്നെ വഖഫ് സ്വത്തുക്കളിൽ മാറ്റം ഉണ്ടാകില്ല എന്ന ഉറപ്പ് നൽകി കോടതിയിൽ നിന്ന് ബില്ലിനെതിരായ ഉത്തരവ് വരുന്നത് ഒഴിവാക്കി.

കേസ് അടുത്ത് പരിഗണിക്കുന്ന മേയ് അഞ്ചിനു മുമ്പ് വഖഫ് സ്വത്തുക്കളെക്കുറിച്ച് കേന്ദ്ര സർക്കാരിന് കിട്ടിയ പരാതികൾ കോടതിക്ക് കൈമാറാനാണ് നീക്കം. പലയിടത്തും ജനങ്ങളുടെ മൗലിക അവകാശങ്ങളെ ഇത് ബാധിച്ചിട്ടുണ്ടെന്നും അത്തരം കേസുകളിൽ ഇടപെടാനുള്ള അവകാശം സർക്കാരിന് നൽകണമെന്നും വാദിക്കും. മുനമ്പം നിവാസികൾ നൽകിയ പരാതിയും ഉൾപ്പെടുത്താനാണ് സാധ്യത.

ഉപയോഗം വഴി വഖഫ് ആയി പ്രഖ്യാപിച്ച സ്വത്തുക്കളിലും മാറ്റം പാടില്ല എന്നതാണ് കോടതി നിലപാട്. എന്നാൽ രജിസ്റ്റർ ചെയ്ത വഖഫ് സ്വത്തുക്കൾ മാത്രം അതേപടി നിലനിറുത്താമെന്നും ബാക്കിയുള്ളതിലെ നടപടിക്ക് സ്റ്റേ പാടില്ലെന്നും സർക്കാർ അപേക്ഷിക്കും. ഇന്നലെ വൈകിട്ട് ഉന്നതതല യോഗം ചേർന്ന് കേസിന്റെ തുടർനടപടികൾ വിലയിരുത്തി. ബില്ലിൻമേൽ ജെപിസി നൽകിയ റിപ്പോർട്ടിനെ അദ്ധ്യക്ഷൻ ജഗദാംബിക പാൽ ശക്തമായി ന്യായീകരിച്ചു. ഭരണഘടനലംഘനം നിയമത്തിൽ ഉണ്ടായിട്ടില്ലെന്നും ജഗദാംബിക പാൽ വ്യക്തമാക്കി.

സുപ്രീംകോടതിയുടെ ഇടപെടൽ ബില്ലിന് എതിരായി വോട്ടു ചെയ്ത എല്ലാ പാർട്ടികൾക്കും വലിയ ആശ്വാസമാണ്. ഭരണഘടനയുടെ വിജയം എന്നാണ് കോൺഗ്രസ് ഇതിനെ വിശേഷിപ്പിക്കുന്നത്. കേന്ദ്ര സർക്കാർ സമർപ്പിക്കുന്ന രേഖകളിൽ കോടതിയുടെ നിലപാട് നിയമം നടപ്പാക്കാനാകുമോ എന്നതിൽ നിർണ്ണായകമാകും.

Leave a Reply

Your email address will not be published. Required fields are marked *