Your Image Description Your Image Description

മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് എഴുത്തുകാരിയും ഇന്‍ഫ്ളുവന്‍സറുമായ ആഷ്‌ലി സെയിന്റ് ക്ലെയര്‍ ലോകത്തെ ഞെട്ടിച്ച അവകാശവാദവുമായി രംഗത്തെത്തിയത്. ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌കിന്റെ കുഞ്ഞിന് ജന്മം നല്‍കിയെന്നും മസ്‌ക് പിതൃത്വം ഏറ്റെടുക്കണമെന്നുമായിരുന്നു ആഷ്‌ലിയുടെ ആവശ്യം. മസ്‌കിന്റെ 13-ാമത്തെ കുഞ്ഞിന്റെ മാതാവ് താനാണെന്നും അഞ്ചുമാസം മുന്‍പാണ് കുഞ്ഞിന് ജന്മം നല്‍കിയതെന്നുമായിരുന്നു ആഷ്‌ലി ഫെബ്രുവരിയില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞിരുന്നത്. ഇപ്പോഴിതാ മസ്‌കിനെ കുറിച്ചും റോമുലസ് എന്ന് പേരിട്ടിരിക്കുന്ന മകന്റെ ജനനത്തെ കുറിച്ചുമുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് ആഷ്‌ലി.

മസ്‌ക് ബീജം ദാനം ചെയ്തതല്ലെന്നും സെന്റ് ബാര്‍ട്‌സിലെ പുതുവത്സര ആഘോഷവുമായ ബന്ധപ്പെട്ട അവധിക്കാലത്താണ് കുഞ്ഞിനെ ഗര്‍ഭം ധരിച്ചതെന്നും 26-കാരി പറയുന്നു. 2023 മെയ് മാസത്തിലാണ് മസ്‌ക് ആദ്യമായി ‘എക്‌സി’ലൂടെ ബന്ധപ്പെട്ടത്. അവരുടെ ബന്ധം വളരെ വേഗത്തില്‍ തന്നെ കുട്ടികളുണ്ടാക്കുന്ന ചര്‍ച്ചകളിലേക്ക് വളര്‍ന്നെന്നും ആഷ്‌ലി പറയുന്നു. പുതുവത്സരാഘോഷത്തിനായുള്ള യാത്രയ്ക്കിടെ താന്‍ ഇപ്പോള്‍ ഗര്‍ഭം ധരിക്കാനാവുന്ന സാഹചര്യത്തിലാണെന്ന് ആഷ്‌ലി മസ്‌കിനോട് പറഞ്ഞതായും ‘അങ്ങനെയാണെങ്കില്‍ നമ്മള്‍ എന്തിനാണ് കാത്തിരിക്കുന്നത്?’ എന്ന് മസക് മറുപടി നല്‍കിയതായും റിപ്പോര്‍ട്ടിലുണ്ട്.

സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുക്കണമെന്നായിരുന്നു മസ്‌കിന്റെ ആവശ്യം. സാധാരണ പ്രസവം കുഞ്ഞിന്റെ തലച്ചോറിന്റെ വളര്‍ച്ചയെ പരിമിതപ്പെടുത്തുമെന്ന് മസ്‌ക് വിശ്വസിച്ചിരുന്നു. മകന്റെ ചേലാകര്‍മ്മം ചെയ്യരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍, ജൂതമത വിശ്വാസിയായ താന്‍ അതിനായി വാശി പിടിച്ചുവെന്നും ആഷ്‌ലി പറയുന്നു. കുഞ്ഞിനെ കുറിച്ചുള്ള കാര്യങ്ങള്‍ രഹസ്യമായി സൂക്ഷിക്കാന്‍ മസ്‌ക് തുടക്കത്തില്‍ തനിക്ക് 128 കോടി രൂപ വാഗ്ദാനം ചെയ്‌തെന്നും എന്നാല്‍ താനത് നിരസിച്ചെന്നും ആഷ്‌ലി വ്യക്തമാക്കിയതായി വാള്‍ സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

മസ്‌ക് തുടക്കത്തില്‍ തന്റെ മാനേജര്‍ വഴി ഒരു സാമ്പത്തിക ഉടമ്പടി നിര്‍ദേശിച്ചിരുന്നുവെന്ന് വാള്‍ സ്ട്രീറ്റ് ജേണലിലെ റിപ്പോര്‍ട്ടില്‍ പറയുന്നു. ജനന സര്‍ട്ടിഫിക്കറ്റില്‍ നിന്ന് തന്റെ പേര് ഒഴിവാക്കുന്നത് ഉള്‍പ്പെടെ മകന്റെ ജനനം രഹസ്യമാക്കി വെയ്ക്കുന്നതിന് 128 കോടി രൂപയ്‌ക്കൊപ്പം പ്രതിമാസം 85 ലക്ഷം രൂപയും വാഗ്ദാനം ചെയ്തിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. ആഷ്‌ലി അത് അംഗീകരിച്ചില്ല. പിന്നീട് കുഞ്ഞ് തന്റേതാണോ അല്ലയോ എന്നത് തനിക്ക് അറിയില്ലെന്നും അത് കണ്ടെത്താനുള്ള പരിശോധനയ്ക്ക് തയ്യാറാണെന്നും മസ്‌ക് പരസ്യമായി വ്യക്തമാക്കിയിരുന്നു.

പിന്നീട് കോടതി പുറത്തുവിട്ട ഉത്തരവിട്ട പിതൃത്വ പരിശോധനയില്‍ 99.9999% ഉറപ്പോടെ മസ്‌ക് പിതാവാണെന്ന് സ്ഥിരീകരിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പീപ്പിള്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ആഷ്‌ലിയുടെ വക്താവും ഇതേ കാര്യം ആവര്‍ത്തിച്ചിരുന്നു. തന്റെ കുഞ്ഞിന്റെ അച്ഛനാണ് മസ്‌ക് എന്ന് ‘എക്‌സി’ലെ കുറിപ്പിലൂടെ താന്‍ പരസ്യമാക്കിയതിന് ശേഷം മസ്‌ക് തന്റെ 128 കോടി രൂപയുടെ വാഗ്ദാനം പിന്‍വലിച്ചുവെന്നും കോടതിയെ സമീപിച്ചതോടെ പ്രതിമാസം തരുമെന്ന് പറഞ്ഞിരുന്ന പണം 34 ലക്ഷമായി കുറഞ്ഞുവെന്നും ആഷ്‌ലി ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *