Your Image Description Your Image Description

ബെംഗളൂരു: ന​ഗരത്തിലൂടെ നടന്നുപോകുകയായിരുന്ന യുവതിയെ അജ്ഞാതൻ കടന്നുപിടിച്ച സംഭവത്തിൽ പുലിവാല് പിടിച്ചത് കർണാടക ആഭ്യന്തര മന്ത്രി. വൻ നഗരങ്ങളിൽ ഇത്തരം സംഭവങ്ങൾ സാധാരണമെന്ന ആഭ്യന്തരമന്ത്രി ജി പരമേശ്വരയുടെ പ്രതികരണമാണ് വിവാദമാകുന്നത്. മന്ത്രിയുടേത് സ്ത്രീവിരുദ്ധ നിലപാടാണെന്നും അക്രമികളെ ന്യായീകരിക്കുകയാണെന്നു ആരോപിച്ച് ബിജെപി രം​ഗത്തെത്തി. ആഭ്യന്തരമന്ത്രി രാജിവെക്കണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്.

ബെംഗളൂരു നഗരത്തിലൂടെ പുലർച്ചെ നടന്നുപോകുകയായിരുന്ന രണ്ട് യുവതികളിലൊരാളെയാണ് അജ്ഞാതൻ കടന്നുപിടിച്ചത്. എസ്ജി പാളയയിൽ ഈ മാസം മൂന്നിന് പുലർച്ചെ 1.30ന് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. എന്നാൽ, യുവതികൾ ഇതുവരെയും പരാതി നൽകിയിട്ടില്ല. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷിച്ചു വരികയാണ്.

രണ്ട് യുവതികൾ ആളൊഴിഞ്ഞ തെരുവിലൂടെ നടന്നു പോകുന്നതും പിന്തുടർന്നെത്തിയ അക്രമി ഇതിലൊരാളെ കടന്നുപിടിക്കുന്നതുമാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്. യുവതികൾ അലറിക്കരഞ്ഞതിനെ തുടർന്ന് യുവാവ് ഓടി മറഞ്ഞു. അക്രമിയെയും യുവതികളെയും പൊലീസ് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. യുവതികൾ പരാതിയുമായി രംഗത്തു വരണമെന്ന് ബെംഗളൂരു സൗത്ത് ഈസ്റ്റ് ഡിസിപി സാറാ ഫാത്തിമ ആവശ്യപ്പെട്ടു.

ഇതിനിടെയാണ് ആഭ്യന്തരമന്ത്രിയുടെ വിവാദ പ്രസ്താവന. വൻ നഗരങ്ങളിൽ അങ്ങിങ്ങ് ഇത്തരം സംഭവങ്ങളുണ്ടാകുന്നതിൽ അസ്വാഭാവികത ഇല്ലെന്നായിരുന്നു ജി.പരമേശ്വരയുടെ പരാമർശം. ഇതേത്തുടർന്ന്, മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി പ്രതിഷേധവുമായി രംഗത്തെത്തി. 2017ലും പരമേശ്വര ഇത്തരത്തിൽ പ്രകോപനപരമായ സ്ത്രീവിരുദ്ധ പ്രസ്താവന നടത്തിയിട്ടുണ്ടെന്ന് ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനാവാല ആരോപിച്ചു. ഈ സർക്കാരിനു കീഴിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്നും ഹംപിയിൽ കഴിഞ്ഞ മാസം ഇസ്രയേലി യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായ സംഭവം ഉയർത്തിക്കാട്ടി അവർ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *