Your Image Description Your Image Description

ഞാൻ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഫാ . ഈനാസ് ഒറ്റത്തെങ്ങുങ്കൽ , പാലാ സെന്റ് തോമസ് കോളേജ് മുൻ പ്രിൻസിപ്പാളും സീറോ മലബാർ സഭ പാലാ രൂപത മുൻ വികാരി ജനറാളുമായിരുന്നു ഈനാസ് ഒറ്റത്തെങ്ങുങ്കൽ അച്ചന്റെ ഒരു പോസ്റ്റ് കണ്ടിരുന്നു . ആ പോസ്റ്റ് പ്രേക്ഷകരുമായി പങ്കുവയ്ക്കുകയാണ് .

‘ഭാഗ്യക്കുറിയെടുക്കുന്നവർ വളരെപ്പേരുണ്ട് . പലർക്കും ലക്ഷങ്ങളും കോടികളും കിട്ടിയിട്ടുണ്ടാകാം. ചെറിയ തുകകളും കിട്ടുന്നവരുണ്ട്. ലോട്ടറി അടിക്കുമെന്ന പ്രതീക്ഷയിൽ ഭാഗ്യക്കുറി എടുക്കുന്നവർ വീണ്ടും വീണ്ടും എടുത്തു കൊണ്ടിരിക്കും. ചൂതുകളിയുടെ മനശാസത്രമാണ് ഭാഗ്യക്കുറിക്കും. അതു കൊണ്ട് ഇത് വറ്റാത്ത വരുമാന സ്രോതസ്സാണ് ലോട്ടറി നടത്തുന്നവർക്ക് .

മതമേഖലയിലെ തീർത്ഥാടന കേന്ദ്രങ്ങൾ, ധ്യാനകേന്ദ്രങ്ങൾ, ഉടമ്പടി ചൂതാട്ടങ്ങൾ, രോഗശാന്തി ശുശ്രൂഷകൾ തുടങ്ങിയവ വളർന്നു വലുതാകാൻ കാരണം ലോട്ടറി മനശാസത്രമാണ്. പ്രതീക്ഷ വളർത്തുന്ന ഈ പരിപാടികൾ വളർന്നു കൊണ്ടിരിക്കും. സാക്ഷ്യങ്ങൾ പ്രതീക്ഷ നിലനിറുത്തും .

ഭാഗ്യക്കുറി പോലെ സാമ്പത്തിക നേട്ടം ഇവ നടത്തുന്നവർക്കുണ്ടാക്കും. ഭാഗ്യക്കുറി എടുക്കുന്നവർ പ്രതീക്ഷയിൽ കഴിയുന്നതു കൊണ്ട് അവർക്ക് ഒരിക്കലും പരാതിയുമുണ്ടാകില്ല. ഇതിൽ ആത്മീയതയൊന്നുമില്ല. കാര്യസാധ്യത്തിനുള്ള ചൂതുകളി മാത്രമാണിത്.”

അച്ചൻ പറഞ്ഞത് ശരിയല്ലേ ? രോഗശാന്തികള്‍ എന്നും എവിടെയും വിവാദവിഷയംതന്നെയാണ് .
വെറുതെ ബൈബിള്‍ പ്രസംഗിച്ചാല്‍ ആര്‍ക്കും വലിയ പ്രശ്‌നമൊന്നുമില്ല. എന്നാല്‍ അടയാളങ്ങളും അത്ഭുതങ്ങളും ഉള്ള സുവിശേഷപ്രഘോഷണം സഭയ്ക്കകത്തും പുറത്തും അസ്വസ്ഥതകള്‍ സൃഷ്ടിക്കും.

കാരണം രോഗശാന്തി ഒരു അടയാളമാണ് – ദൈവരാജ്യത്തിന്റെ വെളിപ്പെടുത്തലാണ് – സുവിശേഷം സത്യമാണെന്നും യേശു കര്‍ത്താവും ദൈവവും ആണെന്നും ഓരോ രോഗശാന്തിയും പ്രഖ്യാപിക്കുന്നുണ്ട്. അങ്ങനെയുള്ള രോഗശാന്തി ശുശ്രൂഷകൾ ചെയ്യാൻ യഥാർത്ഥ സുവിശേഷകർക്ക് മാത്രമേ സാധിക്കൂ .

ഇതിന്റെ മറവിൽ ചില ന്യൂജെൻ സുവിശേഷകർ അത്ഭുത രോഗശാന്തിയെന്നും പറഞ്ഞു തട്ടിപ്പുകൾ നടത്തുന്നതാണ് ജനം യാഥാർത്ഥജ സുവിശേഷകരേയും ആ കണ്ണുകൾകൊണ്ട് കാണുന്നത് .
യേശുവിന്റെ നാമത്തില്‍ രോഗങ്ങള്‍ സുഖപ്പെടുകയും പിശാചുക്കള്‍ ബഹിഷ്‌കരിക്കപ്പെടുകയും ചെയ്യുമ്പോള്‍ അത് യേശുവിന്റെ അനന്യത വെളിപ്പെടുത്തുന്നു.

യേശു വെറുമൊരു മതസ്ഥാപകനോ പ്രവാചകനോ ആത്മീയ ഗുരുവോ അല്ല. അതിലുപരി അവിടുന്ന് ദൈവവും കര്‍ത്താവും ആണെന്നും പ്രഖ്യാപിക്കുന്ന – ദൈവരാജ്യത്തിന്റെ അടയാളങ്ങളായ അത്ഭുതങ്ങളും രോഗശാന്തികളും നടത്തിയവനാണ് .

യേശുവിന്റെ ശുശ്രൂഷയിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു രോഗശാന്തി നല്‍കലും പിശാചുക്കളെ ബഹിഷ്‌ക്കരിക്കലും. ഇതാണ് ഇപ്പോൾ തട്ടിപ്പ് സുവിശേഖർ ചെയ്യുന്നത് , ആളുകളെ പറ്റിക്കാൻ കൂലികൊടുത്ത് പാവങ്ങളെ കൊണ്ടിരുത്തും .

രോഗശാന്തിയെന്ന് പറഞ്ഞു അവരെ മറ്റുള്ളവരുടെ മുന്നിൽ സാക്ഷ്യം പറയിക്കുന്നു . ഒരിക്കൽ സാക്ഷ്യം പറഞ്ഞവരെ പിന്നീട് കാണില്ല , അടുത്ത സ്ഥലത്ത് വരുന്നത് വേറെ ആളുകളാണ് .ഇവരുടെ അഭിനയത്തിന് മുന്നിൽ സിനിമ നടൻമാർ പോലും തോറ്റുപോകും .

ഇതെല്ലം നടത്തുന്നത് പാവങ്ങളെ വിശ്വസിപ്പിച്ചു പണം തട്ടാനാണ് . എത്രയോ പാവങ്ങളാണ് ഇവന്മാരുടെ മുന്നിൽ പ്രതീക്ഷയോടെ വരുന്നത് , ക്യാൻസർ ബാധിതറുൾപ്പെടെയുള്ള മാറാ രോഗികൾ അവരുടെ അസുഖം മാറുമെന്ന പ്രതീക്ഷയിലാണ് വരുന്നത് , അസുഖം മാറാൻ കയ്യിലുള്ളതെല്ലാം ഇവന്മാരുടെ ഭണ്ഡാരത്തിലിടുന്നു .

അതുപോലെ കടം കേറി ബുദ്ധിമുട്ടുന്നവർ , നാളെ സ്വർഗ്ഗത്തിൽ നിന്നും നേരിട്ട് ബാങ്ക് അക്കൗണ്ടിൽ പണം നിക്ഷേപിക്കുമെന്നുവരെ പച്ച നുണകൾ പറഞ്ഞു വിശ്വസിപ്പിച്ചു ആ പാവത്തിന്റെ കയ്യിൽ ഉള്ളത് കൂടി തട്ടിയെടുക്കുന്നു .ഈനാസ് ഒറ്റത്തെങ്ങുങ്കൽ അച്ചൻ പറഞ്ഞതുപോലെ ഈ പാവങ്ങളൊന്നും പരാതിയുംകൊണ്ട് വരത്തില്ല .

പ്രതീക്ഷയോടെ കാത്തിരിക്കും , ഈ പറഞ്ഞു പറ്റിക്കുന്നത് , ഒരുതരം കൺകെട്ട് തരികിട പണിയാണ് പായസത്തിൽ അൽപ്പം മധുരം ചേർക്കുന്നതുപോലെ മേമ്പൊടിക്ക് വായിൽ തോന്നുന്ന മറുഭാഷകൂടി തട്ടിവിടും . അതോടെ മുന്നിലിരിക്കുന്ന പാവങ്ങൾ ഫ്‌ളാറ്റാകും . ദൈവത്തെ പ്രസാദിപ്പിക്കുന്ന യഥാർത്ഥ ദൈവദാസനാണെന്ന് അവർ തന്നെ പറഞ്ഞു പ്രചരിപ്പിക്കും. ഈ കച്ചവടമാണ് വലിയ മുതൽമുടക്കില്ലാതെ ഇപ്പോൾ തഴച്ചു വളരുന്നത് .

Leave a Reply

Your email address will not be published. Required fields are marked *