സംസ്ഥാന മന്ത്രിസഭയുടെ നാലാം വാര്‍ഷികാഘോഷം ജില്ലയില്‍ വിപുലമായ പരിപാടികളോടെ ആഘോഷിക്കും. മെയ് 11 മുതല്‍ 17 വരെ ആശ്രാമം മൈതാനത്താണ് ‘എന്റെ കേരളം’ പ്രദര്‍ശന വിപണന മേള. സംസ്ഥാന സര്‍ക്കാരിന്റെ വിജയപദ്ധതികള്‍, അടിസ്ഥാന സൗകര്യം വികസനം എന്നിവ കൃത്യമായി അടയാളപ്പെടുന്ന രീതിയിലാണ് തയ്യാറെടുപ്പ്. പരിപാടിയുടെ സംഘാടനത്തിനും നടത്തിപ്പിനും ഇന്ന് (മാര്‍ച്ച് 28) രാവിലെ 10.30ന് ജില്ലാ പഞ്ചായത്ത് ജയന് സ്മാരക ഹാളില്‍ സംഘാടകസമിതി രൂപീകരണയോഗം നടക്കും. ധനകാര്യമന്ത്രി കെ.എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. ക്ഷീരവികസന- മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി അധ്യക്ഷയാകും. ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ്കുമാര് മുഖ്യപ്രഭാഷണം നടത്തും.
എം.പിമാരായ എന്‍. കെ. പ്രേമചന്ദ്രന്, കൊടിക്കുന്നില്‍ സുരേഷ്, കെ. സി. വേണുഗോപാല്‍, എം.എല്‍.എമാരായ എം.മുകേഷ്, എം. നൗഷാദ്, കോവൂര്‍ കുഞ്ഞുമോന്, ജി. എസ്. ജയലാല്‍, സുജിത് വിജയന്‍പിള്ള, പി. എസ്. സുപാല്‍, പി. സി. വിഷ്ണുനാഥ്, സി.ആര്. മഹേഷ്, മേയര്‍ ഹണി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ ഗോപന്, ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്, എ.ഡി.എം ജി. നിര്‍മല്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ജില്ലാതല ഉദ്യോഗസ്ഥരെല്ലാം നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.