മലയാളികൾ ഏറെ കാത്തിരുന്ന സ്റ്റീഫൻ നെടുമ്പള്ളിയുമായി എമ്പുരാൻ നാളെ തീയേറ്ററുകളിലെത്തുകയാണ്. സസ്പെൻസുകൾ ഒളിപ്പിച്ച ചിത്രം ആദ്യ ഷോയിൽ തന്നെ കാണാൻ തിരക്കുകൂട്ടുകയാണ് മലയാളികൾ.
മോഹൻലാലിന്റെ ചിത്രം ആദ്യ ദിവസം തന്നെ കാണാൻ ഒരു കോളേജ് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ബംഗളൂരുവിലെ ഗുഡ് ഷെപ്പേഡ് കോളേജിനാണ് അവധി നൽകിയത് . അഞ്ഞൂറോളം വിദ്യാർത്ഥികളും അദ്ധ്യാപകരും ഫസ്റ്റ് ഷോ കാണാൻ നാളെ തീയേറ്ററുകളിലേക്കെത്തും .
എമ്പുരാൻ കാണുന്നതിന് വേണ്ടി മാത്രമായിട്ടാണ് കോളേജ് അവധി പ്രഖ്യാപിച്ചതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. ആദ്യമായിട്ടാണ് സിനിമ കാണാൻ വേണ്ടി കോളേജിന് അവധി പ്രഖ്യാപിച്ചത്. ഞങ്ങൾ എല്ലാവരും മോഹൻലാലിന്റെ ഫാനാണ്.
ആദ്യമായിട്ടാണ് ഒരു മോഹൻലാൽ ചിത്രത്തിന് റിലീസ് ദിവസം പോകുന്നതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. മലയാളികളെ കൂടാതെ കന്നഡ വിദ്യാർത്ഥികളും എമ്പുരാൻ കാണാൻ തീയേറ്ററുകളിലേക്ക് പോകുന്നുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗത്ത് നിന്നുള്ള വിദ്യാർത്ഥികൾ പഠിക്കുന്ന കോളേജാണിത്.
ആദ്യമായിട്ടാണ് ഒരു മലയാളം ചിത്രം കാണാൻ പോകുന്നതെന്ന് ഡൽഹിയിൽ നിന്നുള്ള ഒരു വിദ്യാർത്ഥി പറഞ്ഞു. മോഹൻലാൽ എന്ന നടനെക്കുറിച്ച് സുഹൃത്തുക്കൾ പറഞ്ഞത് കേട്ടിട്ടുണ്ട്. അദ്ദേഹം മികച്ച നടനാണെന്നാണ് പറയുന്നത്. അതുകൊണ്ട് സിനിമ റിലീസ് ദിവസം കാണുന്നതിൽ വളരെ എക്സൈറ്റഡാണെന്നാണ് ആ വിദ്യാർത്ഥിനി പറഞ്ഞത് .
പൃഥ്വിരാജ് സംവിധാനം ചെയ്ത ‘എമ്പുരാൻ’ റിലീസിന് മുമ്പേ ഇന്ത്യൻ സിനിമയിൽ പുതിയ റെക്കാർഡുകൾ സൃഷ്ടിച്ചിരുന്നു . ചിത്രത്തിന്റെ ഓൾ ഇന്ത്യ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ച് 24 മണിക്കൂറിനുള്ളിൽ 6,45,000 ടിക്കറ്റുകൾ ബുക്ക് മൈ ഷോ വഴി മാത്രം ഇന്ത്യയിൽ വിറ്റഴിച്ചു .
ഇത് ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമാണ്. 24 മണിക്കൂറിൽ ഒരു ഇന്ത്യൻ ചിത്രത്തിന് ഇത്രയധികം ടിക്കറ്റുകൾ ബുക്ക് മൈ ഷോയിലൂടെ വിറ്റുപോകുന്നത് ചരിത്രത്തിൽ ഇടം പിടിച്ചു .
ഇന്ത്യൻ സിനിമയിലെ പല ബിഗ് ബഡ്ജറ്റ് ചിത്രങ്ങളുടെയും റെക്കാർഡാണ് എമ്പുരാൻ ഭേദിച്ചത്.
ബുക്കിംഗ് ആരംഭിച്ച് ആദ്യ മണിക്കൂറിൽ തന്നെ ഒരു ലക്ഷത്തിനടുത്ത് ടിക്കറ്റുകൾ വിറ്റിരുന്നു . ഇതിന്റെ ട്രെയ്ലർ തന്നെ ആരാധകർക്ക് സർപ്രൈസായിരുന്നു , രാത്രി 12 മണിക്കാണ് ചിത്രത്തിന്റെ മലയാളം ട്രെയ്ലർ യൂട്യൂബിൽ റിലീസായത്. റിലീസായി മണിക്കൂറുകള്‍ മാത്രം പിന്നിട്ടപ്പോൾ മില്യണ്‍ വ്യൂസ് നേടിക്കഴിഞ്ഞിരുന്നു . 2019-ല്‍ എത്തിയ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്