Your Image Description Your Image Description

യൂറോപ്യൻ രാജ്യങ്ങളിലേക്ക് ജോലി വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയെന്ന കേസിൽ തമിഴ്നാട് സ്വദേശികളായ രണ്ടുപേർ കൊട്ടിയം പൊലീസിന്റെ പിടിയിലായി. തമിഴ്നാട് രാമനാഥപുരം സ്വദേശികളായ ഗുരു കാളീശ്വരൻ (35), ശശികുമാർ(40) എന്നിവരെയാണ് തമിഴ്നാട്ടിൽ നിന്ന് പിടികൂടിയത്. ഡീസന്റ് മുക്ക് സ്വദേശികളിൽ നിന്ന് 16.5 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. പൊലീസ് പറയുന്നതിങ്ങനെ: ലിത്വാനിയയിലെ ഫുഡ് പ്രോസസിംഗ് കമ്പനിയിൽ ജോലിയുണ്ടെന്ന ഓൺലൈൻ പരസ്യം കണ്ടാണ് ദമ്പതികൾ പ്രതികളെ ബന്ധപ്പെട്ടത്. ഇവരുടെ സഹായത്തോടെ നേരത്തെ വിദേശത്തേക്ക് ജോലിക്കു പോയവരുമായി ബന്ധപ്പെട്ട് പരസ്യത്തിലെ സത്യാവസ്ഥ ഉറപ്പു വരുത്തി.

തുടർന്ന് പരാതിക്കാർ കാളീശ്വരനും ശശികുമാറിനും പണം കൈമാറി. ലിത്വാനയിൽ പോകുന്നതിന് മുമ്പ് അസർബൈജാൻ എന്ന രാജ്യത്ത് ഇറങ്ങണമെന്നും അവിടെ വിസിറ്റിംഗ് വിസയിൽ കുറച്ചു നാൾ ചെലവഴിക്കണമെന്നും നിർദേശിച്ചു. ഇവരുടെ നിർദേശം പാലിച്ച് രണ്ട് മാസം മൂന്നു പേരും അവിടെ ചെലവഴിച്ചു. പറഞ്ഞ കാലാവധി കഴിഞ്ഞിട്ടും ലിത്വാനിയയിലേക്കുള്ള വിസ ലഭിച്ചില്ല. തുടർന്ന് സംഘത്തെ പല തവണ ഫോണിൽ ബന്ധപ്പെട്ടപ്പോൾ മറുപടി ലഭിക്കാതായി. കബളിപ്പിക്കപ്പെട്ടെന്ന് മനസിലായ മൂവരും പിന്നീട് അസർബൈജാനിലുള്ള മലയാളികളുടെ സഹായത്തോടെയാണ് തിരികെ നാട്ടിലെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *