ബെംഗളൂരു: ഇഷ്ടികകളിലും മരപ്പലകകളിലും സ്വർണ നിറം പൂശി സ്വർണ ബിസ്ക്കറ്റാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിൽപന നടത്തിയ സംഘത്തെ പോലീസ് പിടികൂടി. ബെംഗളൂരു പൊലീസിന്റെ സെൻട്രൽ ക്രൈം ബ്യൂറോയാണ് മൂന്നംഗ സംഘത്തെ ബിഹാറിൽ നിന്ന് പിടികൂടിയത്. കോറമംഗലയിലെ ഇവരുടെ വീട്ടിൽ നിന്നും 970 ഗ്രാം വ്യാജ സ്വർണം പൊലീസ് പിടിച്ചെടുത്തു. റബികുൽ ഇസ്ലാം, യദിഷ് അലി, അൻവർ ഹുസൈൻ എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്നും പോലീസ് പിടിച്ചെടുത്ത വ്യാജ സ്വർണത്തിൽ സ്വർണ ബിസ്ക്കറ്റുകൾക്ക് സമാനമായ മുദ്രകൾ പതിപ്പിച്ചിരുന്നു. വിശദമായ പരിശോധനയിൽ ഇതൊക്കെ ഇഷ്ടികകളും മരപ്പലകകളും ആണെന്ന് വ്യക്തമായി.
പുറമെ മാത്രം സ്വർണ നിറം പൂശി ആണ് ഇവർ വില്പന നടത്തിയിരുന്നത്. വിപണി വിലയുടെ പകുതി വിലയ്ക്കായിരുന്നു ഇവർ വ്യാജ സ്വർണ ബിസ്കറ്റുകൾ വിൽപന നടത്തിയിരുന്നത്. ആളുകളെ വിശ്വാസത്തിലെടുക്കാൻ ആദ്യം ഒരു ഗ്രാമിൽ താഴെ തൂക്കം വരുന്ന യഥാർത്ഥ സ്വർണം നൽകിയായിയുന്നു തട്ടിപ്പ്. വീടിന്റെ തറയെടുക്കുമ്പോൾ സ്വർണ നിധി കിട്ടി എന്നായിരുന്നു തട്ടിപ്പ് സംഘം ഉപഭോക്താക്കളോട് പറഞ്ഞിരുന്നതെന്നും പോലീസ് പറഞ്ഞു.