റയൽ മാഡ്രിഡ് അരങ്ങേറ്റ സീസണിലെ മോശം തുടക്കത്തിന് ശേഷം, കളിക്കളത്തിലെ തന്റെ ഫോം വീണ്ടെടുത്ത് കെലിയൻ എംബാപ്പെ. 2024-25 സീസണിൽ ഇതുവരെ എല്ലാ മത്സരങ്ങളിലുമായി ആകെ 31 ഗോളുകൾ താരം നേടിയിട്ടുണ്ട്. റയൽ മാഡ്രിഡിലെ തന്റെ അരങ്ങേറ്റ സീസണിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയ 33 ഗോളുകൾ മറികടക്കാൻ, ശേഷിക്കുന്ന മത്സരങ്ങളിൽ എംബാപ്പെയ്ക്ക് മൂന്ന് സ്ട്രൈക്കുകൾ കൂടി ആവശ്യമാണ്. 2002-03 ൽ 30 ഗോളുകൾ നേടിയ ബ്രസീൽ ഇതിഹാസം റൊണാൾഡോ നസാരിയോയുടെ റെക്കോർഡ് ഇതിനകം തന്നെ എംബാപ്പെ എന്ന മികച്ച കാൽപ്പന്തു കളിക്കാരൻ തകർത്തു ചരിത്രം കുറിച്ചു.
എലൈറ്റ് ലീഗിലെ ഇതിഹാസ ഫുട്ബോൾ താരങ്ങളുടെ കൂടെ തന്റെ പേര് ചേർത്തിട്ടും, വ്യക്തിപരമായ നേട്ടങ്ങളെക്കുറിച്ച് വാചാലനല്ല താരം. “റയൽ മാഡ്രിഡിനായി കിരീടങ്ങൾ നേടുന്നതിലാണ് തന്റെ മുൻഗണനയെന്നും, റൊണാൾഡോയേക്കാളും ക്രിസ്റ്റ്യാനോയേക്കാളും കൂടുതൽ ഗോളുകൾ താൻ നേടിയാൽ അതിനർത്ഥം താൻ മികച്ചവനാണെന്ന് അർത്ഥമാക്കുന്നില്ല, എന്റെ ആദ്യ സീസൺ മികച്ചതാണ്,” വളരെ കുറഞ്ഞ കാലം കൊണ്ട് ലോകമെമ്പാടും ആരാധകരുള്ള 26 കാരനായ എംബാപ്പെയുടെ വാക്കുകളാണിത്.
ഗോളുകൾ നേടുന്നത് പ്രധാനമാണ്, പക്ഷേ ലാ ലിഗ, ചാമ്പ്യൻസ് ലീഗ്, കോപ്പ ഡെൽ റേ എന്നിവ നേടിയാൽ അത് അതിലും പ്രധാനമാണ്. എനിക്ക് ഉള്ള പരീക്ഷണ കാലയളവ് അവസാനിച്ചു, ഇപ്പോൾ ഞാൻ എന്റെ നിലവാരം കാണിക്കണം. എനിക്ക് ഇവിടെ നന്നായി കളിക്കണം, സീസണിൽ ഒരു വ്യക്തിമുദ്ര പതിപ്പിക്കണം,” അദ്ദേഹം കൂട്ടിച്ചേർത്തു.
കുറഞ്ഞത് 12 മത്സരങ്ങൾ ബാക്കി നിൽക്കുന്ന എംബാപ്പെ റയൽ മാഡ്രിഡിലെ ചിലിയൻ താരം ഇവാൻ സമോറാനോയുടെ അരങ്ങേറ്റ സീസണിലെ റെക്കോർഡ് തകർക്കാൻ ഏറെ സാധ്യതയുണ്ട്. 1992 ൽ സെവിയ്യയിൽ നിന്ന് റയൽ മാഡ്രിഡിലേക്ക് മാറിയ ശേഷം മുൻ ചിലിയൻ താരം 37 ഗോളുകൾ നേടിയായിരുന്നു റെക്കോർഡ് ഇട്ടത്. ചരിത്രം തിരുത്തുമോ എന്ന ചോദ്യത്തിന് എംബാപ്പെ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞത് “ക്ലബ്ബിനൊപ്പം യുഗങ്ങൾ അടയാളപ്പെടുത്തിയ ഇതിഹാസങ്ങളാണ് അവർ.” എന്നാണ്. മാർച്ച് 30 ന് നടക്കുന്ന അടുത്ത ലാ ലിഗ മത്സരത്തിൽ റയൽ മാഡ്രിഡ് ലെഗാനസിനെ നേരിടും