സി.യു.ഇ.ടി-യു.ജി പരീക്ഷയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു/തത്തുല്യ യോഗ്യതയുള്ളവർക്ക് രാജ്യത്തെമ്പാടുമുള്ള കേന്ദ്ര സർവകലാശാലകളിലെയും വിവിധ സംസ്ഥാന/ സ്വകാര്യ/ കൽപിത സർവകലാശാലകളിലെയും ബിരുദതലത്തിലുള്ള കോഴ്സുകളിലെ പ്രവേശനത്തിനുള്ള അവസരമാണ് ഈ പരീക്ഷ നൽകുന്നത്. പരീക്ഷയ്ക്ക് മാർച്ച് 22 വരെ https://cuet.nta.nic.in/ എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. ബി.എ, ബി.എസ്സി, ബി.കോം തുടങ്ങിയ കോഴ്സുകൾക്ക് പുറമെ ബി.ടെക്, ഇന്റഗ്രേറ്റഡ് പി.ജി കോഴ്സുകളിൽ പ്രവേശനത്തിന് മാനദണ്ഡമാവുന്നതുകൊണ്ടുതന്നെ വളരെ സവിശേഷതകളുള്ള പ്രവേശന പരീക്ഷയാണ് സി.യു.ഇ.ടി (യു.ജി).
ദേശീയ ടെസ്റ്റിങ് ഏജൻസി നടത്തുന്ന പ്രവേശന പരീക്ഷ മേയ് എട്ട് മുതൽ ജൂൺ ഒന്ന് വരെ നടക്കും. ഇത്തവണ പ്ലസ് ടു പരീക്ഷ എഴുതുന്നവർക്കും അപേക്ഷ സമർപ്പിക്കാം. 46 കേന്ദ്ര സർവകലാശാലകൾ, 40ലധികം സംസ്ഥാന സർവകലാശാലകൾ, 30 കൽപിത സർവകലാശാലകൾ, 160ലധികം സ്വകാര്യ സർവകലാശാലകൾ, പത്തോളം മറ്റു സർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ലഭ്യമായ ബി.എ, ബി.എസ്സി, ബികോം, ബി.ബി.എ, ബിടെക്, ഇന്റഗ്രേറ്റഡ് എൽഎൽ.ബി, ബി.വോക് തുടങ്ങിയ വിവിധ കോഴ്സുകളിലെ പ്രവേശനത്തിനുള്ള മാനദണ്ഡമാണ് സി.യു.ഇ.ടി (യുജി).
അതേസമയം കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണ് നടക്കുന്നത്. 13 ഭാഷാ വിഷയങ്ങളും 23 ഡൊമൈൻ സ്പെസിഫിക് വിഷയങ്ങളും ഒരു ജനറൽ ടെസ്റ്റും അടക്കം 37 വിഷയങ്ങളിൽ പരീക്ഷ നടക്കും. ഒരു അപേക്ഷകന് അഞ്ച് വിഷയങ്ങൾ വരെ തിരഞ്ഞെടുക്കാം. മൂന്ന് വിഷയങ്ങൾ വരെ തിരഞ്ഞെടുക്കാൻ 1000 രൂപയും പിന്നീട് വരുന്ന ഓരോ വിഷയത്തിനും 400 രൂപ വീതവുമാണ് പരീക്ഷ ഫീസ് അടയ്ക്കേണ്ടത്. സംവരണ വിഭാഗക്കാർക്ക് ഫീസിളവുണ്ട്. വിദേശ കേന്ദ്രങ്ങൾ തിരഞ്ഞെടുക്കുന്നവർ ഉയർന്ന ഫീസ് കൊടുക്കേണ്ടിവരും. കൂടാതെ മൾട്ടിപ്ൾ ചോയ്സ് രീതിയിലുള്ള ഒബ്ജക്ടിവ് ചോദ്യങ്ങൾ ഉൾക്കൊള്ളുന്ന മലയാളമടക്കം 13 ഭാഷകളിൽ ചോദ്യപേപ്പർ ലഭ്യമാവും. ഓരോ ദിവസവും ഒന്നിലധികം ഷിഫ്റ്റുകളിലായാണ് പരീക്ഷ നടക്കുന്നത്. ഓരോ പേപ്പറിനും 50 ചോദ്യങ്ങൾ ഉണ്ടാകും.