Your Image Description Your Image Description

ലോകത്തുള്ള സകല ജനങ്ങളും സുനിത വില്യംസിന്റെയും ബുച്ച് വിൽമോറിന്റെയും ഭൂമിയിലേക്കുള്ള തിരിച്ചുവരവിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. എന്നാൽ ഇത്രയും കാലം ബഹിരാകാശത്തെ പേടകത്തിൽ, സീറോ ഗ്രാവിറ്റിയിൽ നിന്നും ഭൂമിയിലെ സാഹചര്യങ്ങളിലേക്കും സാധാരണ മനുഷ്യ ജീവിതത്തിലേക്കുമുള്ള മടങ്ങി വരവ് അത്ര എളുപ്പമാവുവോ…

ബഹിരാകാശ യാത്രയും, ദീർഘകാലത്തെ അവിടുത്തെ ജീവിതവും കാരണം, ഭൂമിയിലെ അതിജീവത്തിന് പല തടസ്സങ്ങളും നേരിടും എന്നാണ് വിദഗ്ദ്ധർ പറയുന്നത്. വലിയ രീതിയിലുള്ള ശാരീരിക സങ്കീർണതകൾ നേരിടേണ്ടിവരുമെന്നും ഗവേഷകർ വ്യക്തമാക്കുന്നു.

ഒമ്പത് മാസമായി ബഹിരാകാശത്ത് കുടുങ്ങിക്കിടക്കുന്ന നാസ ബഹിരാകാശയാത്രികരായ സുനിത വില്യംസിന്റയും ബാരി ‘ബുച്ച്’ വിൽമോറിന്റെയും ഭൂമിയിലെ ജീവിതം കാര്യമായ ശാരീരിക വെല്ലുവിളികൾ നിറഞ്ഞത് തന്നെയായിരിക്കുമെന്നതിൽ സംശയമൊന്നുമില്ല.

ബോയിംഗ് സ്റ്റാർലൈനർ കാപ്സ്യൂളിൽ ബഹിരാകാശത്തെത്തിയ ഇരുവർക്കും ബഹിരാകാശ പേടകത്തിന്റെ സാങ്കേതിക സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ കാരണം മടങ്ങാൻ കഴിഞ്ഞില്ല.

ഇരുവർക്കും ഭൂമിയുമായി വീണ്ടും പൊരുത്തപ്പെടുന്നത് അതി കഠിനമായിരിക്കുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. ഭൂമിയിലേക്കെത്തിയാൽ ഉണ്ടായേക്കാവുന്ന തലകറക്കത്തിൽ നിന്ന് മുക്തി നേടാൻ ആഴ്ചകൾ വേണ്ടിവരുമെന്നും ഗവേഷകർ പറയുന്നു. അതിലെല്ലാം ഉപരി ഭൂമിയിലെത്തുന്ന ബഹിരാകാശ യാത്രികർക്ക് നിലത്ത് ചവിട്ടി നടക്കാനുള്ള ബുദ്ധിമുട്ടും നേരിടും.

ദീർഘനാളത്തെ ബഹിരാകാശ യാത്രയ്ക്ക് ശേഷം ഭൂമിയിലെത്തുന്ന ബഹിരാകാശയാത്രികർക്ക് “കുഞ്ഞിന്റെ കാലുകൾ” അഥവാ ബേബി ഫീറ്റുകൾ അനുഭവപ്പെടും. അതായത് ബഹിരാകാശത്ത് അനുഭവപ്പെടുന്ന ഭാരമില്ലായ്മ കാലുകളിലെ കോളസുകൾ അപ്രത്യക്ഷമാകാൻ കാരണമാകുന്നതാണ് ഇതിന് ഹേതുവാകുന്നത്. ചർമ്മത്തിന്റെ കട്ടിയുള്ള ഭാഗം നഷ്ടപ്പെടും, അത് വലിയ രീതിയിലുള്ള ശാരീരിക മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്യും.

അസ്ഥികളുടെ സാന്ദ്രതയും പേശികളുടെ നഷ്ടവും
നാസയുടെ അഭിപ്രായത്തിൽ, ഭൂമിയുടെ ഗുരുത്വാകർഷണബലം ശരീരത്തിൽ അനുഭവപ്പെടാത്തതിനാൽ ബഹിരാകാശയാത്രികർക്ക് അസ്ഥികളുടെ സാന്ദ്രത കുറയുകയും പേശീ ക്ഷീണം അനുഭവപ്പെടുകയും ചെയ്യും. വ്യായാമത്തിലൂടെയും പുനരധിവാസത്തിലൂടെയും ഇത് മറികടക്കാനയില്ലെങ്കിൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കും ഇത് വഴിവെക്കും.

ബഹിരാകാശത്ത് താമസിക്കുന്ന കാലത്തോളം, അസ്ഥികളുടെ കലകൾ, സ്വയം പുനർരൂപകൽപ്പന ചെയ്യുകയും പുതിയ അസ്ഥി കലകൾ നിർമ്മിക്കുന്ന കോശങ്ങൾ മന്ദഗതിയിലാകാൻ തുടങ്ങുകയും ചെയ്യുന്നു, അതേസമയം പഴയ അസ്ഥികളാവട്ടെ തേയ്മാനം സംഭവിക്കുന്നത് സാധാരണ രീതിയിൽ തുടരുകയും ചെയ്യുന്നു. കൂടാതെ ബഹിരാകാശത്ത് ഓരോ മാസവും, ഒരു ബഹിരാകാശയാത്രികന്റെ ഭാരം വഹിക്കുന്ന അസ്ഥികളുടെ സാന്ദ്രതയുടെ ഒരു ശതമാനം നഷ്ടപ്പെടുന്നു, ഇത് അസ്ഥിയെ ദുർബലമാക്കുകയും അസ്ഥി പെട്ടെന്ന് പൊട്ടാൻ ഇടയാക്കുകയും ചെയ്യുന്നു.

ബഹിരാകാശത്ത് ദീർഘനേരം താമസിക്കുന്നത് മനുഷ്യന്റെ ഹൃദയം, തലച്ചോറ്, രക്തചംക്രമണവ്യൂഹം എന്നിവയെയും സാരമായി ബാധിക്കുന്നു. തലച്ചോറിലെ ദ്രാവകത്തിന്റെ വർദ്ധനവ് കേൾവിക്കുറവ്, കാഴ്ച നഷ്ടപ്പെടൽ, സെറിബ്രൽ എഡിമ എന്നിവയിലേക്ക് നയിച്ചേക്കാം. നാസയുടെ അഭിപ്രായത്തിൽ തലച്ചോറിലെ മർദ്ദം വർദ്ധിക്കുന്നത് സ്പേസ് ഫ്ലൈറ്റ് അസോസിയേറ്റഡ് ന്യൂറോ-ഒക്കുലാർ സിൻഡ്രോം (SANS) എന്നറിയപ്പെടുന്ന ഒരു തകരാറിന് കാരണമാകുന്നു.

ബഹിരാകാശത്ത് ഹൃദയം ഒരു ഓവൽ ആകൃതിയിൽ നിന്ന് വൃത്താകൃതിയിലേക്ക് മാറുന്നു, പേശികളുടെ ക്ഷീണം രക്തക്കുഴലുകളെ സങ്കോചിപ്പിക്കുന്നു, ഇത് രക്തചംക്രമണവ്യൂഹത്തിന് കേടുപാടുകൾ വരുത്തുന്നു. ഭൂമിയിലേക്ക് മടങ്ങുമ്പോൾ രക്തത്തിന്റെ അളവ് കുറയുന്നത് രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിൽ ബുദ്ധിമുട്ട് സൃഷ്ടിക്കുകയും തലകറക്കം, ഓക്കാനം, ബോധക്ഷയം എന്നിവയ്ക്ക് കാരണമാവുകയും ചെയ്യും.

റേഡിയേഷൻ എക്സ്പോഷർ

ബഹിരാകാശ വികിരണങ്ങൾക്ക് വിധേയമാകുന്നത് ബഹിരാകാശയാത്രികർക്ക് ദീർഘകാല ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും, ഇത് കാൻസർ, ഡീജനറേറ്റീവ് രോഗങ്ങൾ, കേന്ദ്ര നാഡീവ്യവസ്ഥയിലെ പ്രശ്നങ്ങൾ എന്നിങ്ങനെ മരണത്തിലേക്ക് വരെ നയിച്ചേക്കാം..

Leave a Reply

Your email address will not be published. Required fields are marked *