Your Image Description Your Image Description

ഡല്‍ഹി: ഇന്ത്യയിലെ 5ജി വിന്യാസം ചരിത്ര നേട്ടത്തോടടുക്കുന്നു. രാജ്യത്തെ 776 ജില്ലകളില്‍ 773 ജില്ലകളിലും 5ജി നെറ്റ്വര്‍ക്കിന്റെ വിന്യാസം പൂര്‍ത്തിയായതായി ടെലികോം മന്ത്രാലയം അറിയിച്ചു. ഇതോടെ ഇന്ത്യയിലെ 99 ശതമാനം ജില്ലകളില്‍ ആറാം തലമുറ നെറ്റ്വര്‍ക്ക് സംവിധാനം എത്തി. രാജ്യത്തിന്റെ ഡിജിറ്റല്‍ സൗകര്യവികസനത്തില്‍ നിര്‍ണായകമായ നാഴികക്കല്ലാണിത്.

സ്വകാര്യ ടെലികോം ഓപ്പറേറ്റര്‍മാരായ റിലയന്‍സ് ജിയോയും ഭാരതി എയര്‍ടെല്ലുമാണ് രാജ്യത്തിന്റെ 5ജി വികസനത്തില്‍ മുന്നിലുള്ളത്. 2022 ഒക്ടോബറിലാണ് ജിയോയും എയര്‍ടെല്ലും ആദ്യമായി 5ജി അവതരിപ്പിച്ചത്. 2023 ഓഗസ്റ്റിന് മുമ്പ് രാജ്യ വ്യാപകമായി 5ജി ഉറപ്പിക്കാന്‍ ജിയോയ്ക്കായി. 2023 ജനുവരിയോടെ എയര്‍ടെല്‍ 17 നഗരങ്ങളിലും 5ജി സേവനം എത്തിച്ചു. മറ്റൊരു സ്വകാര്യ കമ്പനിയായ വോഡാഫോണ്‍ ഐഡിയ (വിഐ) പരീക്ഷണാടിസ്ഥാനത്തില്‍ 5ജി മുംബൈയില്‍ തുടങ്ങിക്കഴിഞ്ഞു. വരും ആഴ്ചകളില്‍ മറ്റ് നഗരങ്ങളിലേക്കും വിഐയുടെ 5ജി എത്തും. അതേസമയം പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ 2025 ജൂണോടെ 5ജി വിന്യാസത്തിലേക്ക് കടക്കും. ബിഎസ്എന്‍എല്‍ തദ്ദേശീയമായി വികസിപ്പിച്ച 4ജി വിന്യാസം അതിന്റെ പൂര്‍ത്തീകരണത്തിന്റെ അവസാന ഘട്ടത്തിലാണ്

5ജി വിന്യാസത്തിലെ മികവോടെ ആഗോള ടെലികോം രംഗത്ത് ഇന്ത്യ കരുത്തറിയിച്ചുകഴിഞ്ഞു. 2025 ഫെബ്രുവരി 28 വരെയുള്ള കണക്കുകള്‍ പ്രകാരം 4.69 ലക്ഷം 5ജി ബിടിഎസ് സ്റ്റേഷനുകള്‍ ടെലികോം ഓപ്പറേറ്റര്‍മാര്‍ രാജ്യവ്യാപകമായി സ്ഥാപിച്ചിട്ടുണ്ട്. 5ജിക്ക് ശേഷം തദ്ദേശീയമായി വികസിപ്പിക്കുന്ന 6ജി നെറ്റ്വര്‍ക്ക് സ്ഥാപിക്കാനുള്ള ശ്രമങ്ങളും ഇന്ത്യ തുടങ്ങിക്കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *