Your Image Description Your Image Description

ദുബായ്: ദുബായില്‍ പള്ളികളുടെ വികസനത്തിന് 56 ദിര്‍ഹമിന്റെ പദ്ധതി. പള്ളികളുടെ സുസ്ഥിരമായ നിര്‍മാണം, പരിപാലനം, പ്രവര്‍ത്തനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായാണ് 56 കോടി ദിര്‍ഹമിന്റെ പദ്ധതി പ്രഖ്യാപിച്ചത്. പ്രധാന റിയല്‍ എസ്‌റ്റേറ്റ് മേഖലകളുമായി ബന്ധപ്പെട്ടാണ് സുസ്ഥിരതയിലൂന്നിയ പള്ളികള്‍ നിര്‍മിക്കുക. മുന്‍നിര റിയല്‍ എസ്‌റ്റേറ്റ് സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതു സംബന്ധിച്ച സുപ്രധാന കരാറിന് ഇസ്‌ലാമിക് ആന്‍ഡ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ് ഡിപ്പാര്‍ട്ട്‌മെന്റും ദുബായ് ലാന്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റും തമ്മില്‍ കരാര്‍ ഒപ്പുവെച്ചു.

ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്‌സിക്യൂട്ടിവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്റെ സാന്നിധ്യത്തിലാണ് കരാര്‍ യാഥാര്‍ഥ്യമായത്. സ്‌പോണ്‍സര്‍മാരുടെയും പള്ളി രക്ഷാധികാരികളുടെയും റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍മാരുടെയും സംഘവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. പള്ളികളുടെ നിര്‍മാണത്തിനും പരിപാലനത്തിനും സംഭാവന നല്‍കുന്നതിലൂടെ സമൂഹത്തെ സേവിക്കുന്നതില്‍ അവര്‍ വഹിക്കുന്ന ശ്രദ്ധേയമായ പങ്കിന് അദ്ദേഹം നന്ദി പറഞ്ഞു.

ഒമ്പത് മേഖലകളിലായി 29,696 വിശ്വാസികളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള 42 പള്ളികള്‍ നിര്‍മിക്കുന്നതിനായി ഇമാര്‍ പ്രോപ്പര്‍ട്ടീസ് 28 കോടി ദിര്‍ഹമാണ് സംഭാവന ചെയ്തത്. മൂന്ന് പ്രദേശങ്ങളിലായി 7,000 വരെ വിശ്വാസികളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള മൂന്ന് പള്ളികള്‍ നിര്‍മിക്കുന്നതിനായി അസീസി ഡെവലപ്മെന്റ്‌സ് എട്ട് കോടി ദിര്‍ഹവും നാല് മേഖലകളിലായി 3,600 വിശ്വാസികളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള ഏഴ് പള്ളികള്‍ നിര്‍മിക്കുന്നതിനായി ദമാക് പ്രോപ്പര്‍ട്ടീസ് അഞ്ചു കോടി ദിര്‍ഹവും നല്‍കും. മൂന്ന് പ്രദേശങ്ങളിലായി 3,000 വരെ വിശ്വാസികളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള അഞ്ചു പള്ളികള്‍ നിര്‍മിക്കുന്നതിന് എച്ച്.ആര്‍.ഇ വികസന പദ്ധതികള്‍ അഞ്ചു കോടി ദിര്‍ഹമാണ് നല്‍കുക. രണ്ട് പ്രദേശങ്ങളിലായി നാല് പള്ളികളെ പിന്തുണക്കുന്നതിനായി ഡന്യൂബ് പ്രോപ്പര്‍ട്ടീസ് അഞ്ചു കോടി ദിര്‍ഹം നല്‍കും. മൂന്ന് മേഖലകളിലായി ആറ് പള്ളികള്‍ നിര്‍മിക്കുന്നതിന് ഒ.ആര്‍.ഒ 24 ഡവലപ്‌മെന്റ്‌സ് അഞ്ചു കോടി സംഭാവന നല്‍കും.

Leave a Reply

Your email address will not be published. Required fields are marked *