ബംഗളൂരു: കർണാടകയിൽ കഞ്ചാവും തോക്കുമായി അഞ്ച് മലയാളി യുവാക്കൾ അറസ്റ്റിൽ. കാസർഗോഡ് ജില്ലക്കാരായ മംഗല്‍പ്പാടി സ്വദേശി അബ്ദുല്‍ ലത്തീഫ് (തോക്ക് ലത്തീഫ്), പൈവളിഗെ കുരുടപ്പദവിലെ മന്‍സൂര്‍, മഞ്ചേശ്വരം കടമ്പാര്‍ സ്വദേശികളായ മുഹമ്മദ് അസ്ഗര്‍, മുഹമ്മദ് സാലി, ഭീമനടി കുന്നുംകൈ സ്വദേശി നൗഫല്‍ എന്നിവരാണ് അറസ്റ്റിലായത്.
ഇവര്‍ സഞ്ചരിച്ച മൂന്ന് വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരില്‍ നിന്ന് 12 കിലോ കഞ്ചാവും പോലീസ് പിടിച്ചെടുത്തു. വാഹന പരിശോധനയ്ക്കിടെയാണ് പ്രതികള്‍ കുടുങ്ങിയത്.
കൊലപാതകം അടക്കം 13 ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് ലത്തീഫ്. നടേക്കാല് ഭാഗത്ത് നടത്തിയ വാഹന പരിശോധനയിലാണ് മന്‍സൂര്‍, നൗഫല്‍ എന്നിവര്‍ പിടിയിലായത്. രണ്ട് തോക്കുകളും നാല് വെടിയുണ്ടകളും ഇവരില്‍ നിന്ന് പിടികൂടി. മയക്കുമരുന്ന് കടത്ത് അടക്കം നിരവധി കേസുകളില്‍ പ്രതികളാണ് ഇവര്‍.
മുഹമ്മദ് അസ്ഗര്‍, മുഹമ്മദ് സാലി എന്നിവരിൽ നിന്നും തോക്കും രണ്ട് വെടിയുണ്ടകളും പിടിച്ചെടുത്തു. കൊലപാതക ശ്രമം മയക്കുമരുന്ന് കടത്ത് അടക്കം അസ്ഗറിനെതിരെ 17 ക്രിമിനല്‍ കേസുകളുണ്ട്.സാലിക്കെതിരെ 10 കേസുകളാണ് നിലവിലുള്ളത്.